സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി; ലഹരിവിരുദ്ധ കാംപയിൻ തുടർപ്രക്രിയയാക്കും
തിരുവനന്തപുരം • ഒക്ടോബർ രണ്ടിന് തുടക്കംകുറിക്കുന്ന ലഹരിവിരുദ്ധ കാംപയിൻ തുടർപ്രക്രിയയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവംബർ ഒന്നുവരെ നീളുന്ന ആദ്യഘട്ട അനുഭവം വിലയിരുത്തി തുടർപ്രവർത്തനങ്ങൾ നടത്തും. സർക്കാർ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്‌കൂളുകളിൽ ബോധവൽക്കരണം ശക്തമാക്കും.
ആവശ്യത്തിനു കൗൺസലർമാർ ഉണ്ടാകും. കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റം മനസിലാക്കാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും ബോധവൽക്കണം നടത്തും. അതിഥി തൊഴിലാളികൾക്കിടയിൽ അവരുടെ ഭാഷയിൽ ബോധവൽക്കരണം നടത്തുമെന്നും യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. വിഷയത്തിൽ പൊലിസ്, എക്‌സൈസ്, നാർക്കോട്ടിക് സെൽ തുടങ്ങിയവ ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്. കനത്ത ശിക്ഷ ഉറപ്പാക്കുന്നതിന് നിയമം കൂടുതൽ കർക്കശമാക്കി. മയക്കുമരുന്ന് കേസിൽപ്പെടുന്നവരുടെ ഡാറ്റാബാങ്ക് തയാറാക്കിക്കഴിഞ്ഞു. കേസിൽപ്പെട്ടാൽ നേരത്തെ സമാനമായ കേസിൽ ഉൾപ്പെട്ട വിവരവും കോടതിയിൽ സമർപ്പിക്കും. ഇതിലൂടെ കൂടുതൽ ശിക്ഷ ഉറപ്പിക്കാനാകും. കാപ്പ മാതൃകയിൽ ഇത്തരം കേസുകൾക്ക് ബാധകമായ നിയമം നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിർത്തികളിലും റെയിൽവേ സ്റ്റേഷനുകളിലും ജാഗ്രത ശക്തിപ്പെടുത്തും. സ്‌കൂളുകളിലും കടകളിലും ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ഫോൺനമ്പർ രേഖപ്പെടുത്തിയ പോസ്റ്ററുകൾ പ്രദർശിപ്പിക്കും. വിവരം നൽകുന്നവരുടെ കാര്യം രഹസ്യമായി സൂക്ഷിക്കും. സ്‌കൂളുകളിൽ പുറത്തുനിന്നു വരുന്നവരുടെ കാര്യത്തിൽ ജാഗ്രത പാലിക്കണം. ഡി അഡിക് ഷൻ സെന്ററുകൾ വ്യാപിപ്പിക്കും. സർക്കാർ ഉടമസ്ഥതയിലും സെന്ററുകൾ സ്ഥാപിക്കും.
സംസ്ഥാന, ജില്ലാ, പഞ്ചായത്ത്, വാർഡ്, സ്‌കൂൾതല സമിതികൾ രൂപീകരിച്ചുകഴിഞ്ഞു. അവയിൽ എല്ലാ രാഷ്ട്രീയപാർട്ടി പ്രതിനിധികളും ഉൾപ്പെട്ടുവെന്ന് ഉറപ്പാക്കണം. വിവിധ മേഖലകളിലെ പ്രമുഖരെയും പങ്കെടുപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മാസത്തേക്ക് നിശ്ചയിച്ച ലഹരിവിരുദ്ധ പരിപാടികൾ മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എക്‌സൈസ് മന്ത്രി എം.ബി രാജേഷ്, സംസ്ഥാന പൊലിസ് മേധാവി അനിൽകാന്ത്, എ.ഡി.ജി.പി. വിജയ് സാഖറെ, എക്‌സൈസ് കമ്മിഷണർ അനന്ത കൃഷ്ണൻ, നിയമ സെക്രട്ടറി വി. ഹരി നായർ, കെ.കെ. ജയചന്ദ്രൻ (സി.പി.എം) അഡ്വ. മരിയാപുരം ശ്രീകുമാർ (കോൺഗ്രസ്), സത്യൻ മൊകേരി (സി.പി.ഐ), ബീമാപ്പള്ളി റഷീദ് (മുസ്‌ലിം ലീഗ്), ചെറിയാൻ പോളച്ചിറയ്ക്കൽ (കേരള കോൺഗ്രസ് – എം), മാത്യു ടി തോമസ് എം.എൽ.എ ജനതാദൾ (സെകുലർ), മോൻസ് ജോസഫ് എം.എൽ.എ (കേരളാ കോൺഗ്രസ്) തുടങ്ങിയവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."