പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പുപറയാനാവില്ലെന്ന് സി.ബി.ഐ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പുപറയാനാവില്ലെന്ന് സി.ബി.ഐ കോടതിയില്‍. ചോദ്യം ചെയ്യാന്‍ അറസ്റ്റ് ആവശ്യമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനാണ് സി.ബി.ഐ ഈ മറുപടി നല്‍കിയത്.
സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യഹരജിയിലെ വാദത്തിനിടെയാണ് സി.ബി.ഐ ഇക്കാര്യം പറഞ്ഞത്. തിരുവനന്തപുരം ജില്ലാ കോടതിയാണ് ഹരജി പരിഗണിക്കുന്നത്. ചാരക്കേസിന്റെ മുന്‍കാല കേസ് ഡയറികളും ജയിന്‍ കമ്മിറ്റി റിപ്പോര്‍ട്ടും സി.ബി.ഐ ഇന്നലെ മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കി.
അതിനിടെ തിരുനെല്‍വേലി കേന്ദ്രീകരിച്ച് സി.ബി.ഐ മുന്‍ ഉദ്യോഗസ്ഥര്‍ക്കു നമ്പി നാരായണന്‍ ഭൂമി നല്‍കിയതായി പറയപ്പെടുന്നതിന്റെ രേഖകള്‍ പുറത്തുവന്നു.
നമ്പി നാരായണന്റെ അനധികൃത ഭൂമി ഇടപാട് ചൂണ്ടിക്കാട്ടി ഗൂഢാലോചനക്കേസില്‍ ഒന്നാം പ്രതിയായ അന്നത്തെ പേട്ട സി.ഐ എസ്. വിജയന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹരജിക്കൊപ്പം സമര്‍പ്പിച്ച രേഖകളാണ് പുറത്തുവന്നത്.
നമ്പി നാരായണന്‍ മകന്‍ ശങ്കരകുമാര്‍, ബന്ധു പോള്‍ സ്വാമി എന്നിവര്‍ നടത്തിയ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണിവ. 2004ലും 2008ലുമാണ് തിരുനെല്‍വേലി ജില്ലയില്‍ ഭൂമി കൈമാറ്റങ്ങള്‍ നടന്നതെന്ന് രേഖകള്‍ വ്യക്തമാകുന്നു. മുന്‍ ഡി.ജി.പി രമണ്‍ ശ്രീവാസ്തവയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവ, സി.ബി.ഐ ജോയിന്റ് ഡയരക്ടറായിരുന്ന രാജീന്ദ്രനാഥ കൗള്‍ എന്നിവര്‍ക്കു ഭൂമി നല്‍കിയത് 2004ലാണ്. ഇതേ കാലയളവിലും 2008ലും നടന്ന ഭൂമി ഇടപാടുകളുടെ രേഖകളും പുറത്തുവന്നിട്ടുണ്ട്.
ചാരക്കേസ് ആദ്യം സി.ബി.ഐക്കു കൈമാറിയപ്പോള്‍ അന്വേഷണോദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്.പി ഹരിവത്സന്റെ സഹോദരീഭര്‍ത്താവിനും മൂത്ത സഹോദരിക്കുമായി 22 ഏക്കര്‍, പശ്ചിമ ബംഗാളിലെ രാഷ്ട്രീയ നേതാവിന് 10.54 ഏക്കര്‍, കൗളിന്റെ അടുത്ത ബന്ധുവിന് ഒരേക്കര്‍, പൊതുഭരണ വകുപ്പ് ഉദ്യോഗസ്ഥന്റെ ബന്ധുവിന് 15.09 ഏക്കര്‍, മുന്‍ സി.ബി.ഐ ഡി.ഐ.ജി പി. മധുസൂദനന്‍ നായരുടെ ബിനാമിക്ക് 18.88 ഏക്കര്‍ എന്നിങ്ങനെയാണ് തിരുനെല്‍വേലി ജില്ലയില്‍ നടത്തിയ മറ്റു ഭൂമി ഇടപാടുകള്‍. ചാരക്കേസില്‍നിന്ന് നമ്പി നാരായണന്‍ ഒഴിവായത് സി.ബി.ഐ ഉദ്യോഗസ്ഥരെ ഭൂമി നല്‍കി സ്വാധീനിച്ചാണെന്ന വാദമാണ് പ്രതികളായ മുന്‍ പൊലിസ് ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നത്.
ഈ ഹരജിയില്‍ വാദം പൂര്‍ത്തിയായി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വി.ആര്‍ രേഖ ഈ മാസം 23ന് വിധി പറയും. സി.ബി.ഐ പുതുതായി നടത്തുന്ന ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിലേക്ക് നമ്പി നാരായണന്റെ ഭൂമി ഇടപാടുകള്‍ കൂടി കൊണ്ടുവരാനുള്ള ശ്രമമാണ് രേഖകള്‍ പുറത്തുവിട്ടതിനു പിന്നിലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."