സ്ഥാനമൊഴിയുന്നത് കസ്റ്റംസിന് പുതിയ മുഖം നല്‍കിയ കമ്മിഷണര്‍
നെടുമ്പാശ്ശേരി: 'സമുദ്രത്തിലെ അന്തര്‍വാഹിനിയെ പോലെ ആഴത്തിലേക്ക് നിശബ്ദനായി കുതിച്ച് നിയമ ലംഘകരെ വകവരുത്തുകയാണ് എന്റെ ലക്ഷ്യം. എന്നെ സ്ഥലം മാറ്റാനോ ജീവന്‍ അപായപ്പെടുത്താനോ കഴിഞ്ഞേക്കും. എന്നാല്‍ നിശബ്ദനോ നിഷ്‌ക്രിയനോ ആക്കാനാവില്ല'.
സ്ഥാനമൊഴിയുന്ന കൊച്ചി കസ്റ്റംസ് കമ്മിഷണര്‍ സുമിത്കുമാര്‍ 2018 ജൂണില്‍ ഫേസ്ബുക്കില്‍ കുറിച്ചതാണിത്. സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കിയപ്പോള്‍ ഭീഷണി ഉയര്‍ന്ന ഘട്ടത്തിലാണ് വികാരഭരിതനായി പ്രതികരിച്ചത്. ഇപ്പോള്‍ ചില സുപ്രധാന കേസുകളുടെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് സ്ഥാനചലനം.
2020 ജൂലൈയില്‍ തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജ് തുറന്നു പരിശോധിക്കാന്‍ അനുമതി നല്‍കിയത് ഇദ്ദേഹമാണ്. ഈ തീരുമാനം മുഖ്യമന്ത്രിയുടെ ഓഫിസിനെ വരെ പിടിച്ചുകുലുക്കി. ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഡോളര്‍ കടത്ത് സംബന്ധിച്ച വിവരങ്ങളും പുറത്തുകൊണ്ടുവരാന്‍ ഇദ്ദേഹത്തിനായി. സംസ്ഥാന സര്‍ക്കാരും സുമിത് കുമാറും തമ്മില്‍ നിരവധി തവണ ഏറ്റുമുട്ടി. കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മൂന്ന് മന്ത്രിമാര്‍ക്കും നേരിട്ട് ബന്ധമുണ്ടെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കാനും ഇദ്ദേഹം മടിച്ചില്ല. ഇത് സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ വിവാദത്തിന് കാരണമായി.
ഒരു യാത്രയില്‍ തന്നെ അപായപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചെന്നും പിന്നില്‍ രാഷ്ട്രീയ ബന്ധമുണ്ടെന്നും സുമിത് കുമാര്‍ വെളിപ്പെടുത്തിരുന്നു. ചില ഘട്ടങ്ങളില്‍ ഉന്നതങ്ങളില്‍ നിന്നുള്ള ശക്തമായ ഇടപെടലില്‍ നിശബ്ദനാകേണ്ടി വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."