ഗര്‍ഭഛിദ്രത്തിന് ഭര്‍ത്താവിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി
കൊച്ചി • ഭാര്യക്ക് ഗര്‍ഭഛിദ്രം നടത്താൻ ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. ഭർത്താവിൻ്റെയും ഭർതൃ മാതാവിൻ്റെയും പീഡനം മൂലം കടുത്ത മാനസിക ബുദ്ധിമുട്ട് നേരിടുന്ന 26കാരിയുടെ 21 ആഴ്ച പിന്നിട്ട ഗർഭം ഒഴിവാക്കാൻ അനുമതി നൽകിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി അരുണിൻ്റെ നിരീക്ഷണം.
ഗര്‍ഭാവസ്ഥയില്‍ തുടരുന്നത് യുവതിയുടെ മാനസികാവസ്ഥ മോശമാക്കുമെന്ന മെഡിക്കല്‍ ബോര്‍ഡിൻ്റെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ഉത്തരവ്.
ബിരുദ വിദ്യാർഥിയായിരിക്കെ ബസ് കണ്ടക്ടറുമായി യുവതി പ്രണയത്തിലായി. വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ ഇയാൾക്കൊപ്പം പോവുകയും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നു. ഭർത്താവും ഭർതൃ മാതാവും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കാൻ തുടങ്ങി.
ഇതിനിടെ ഗര്‍ഭിണിയായതോടെ ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വത്തില്‍ സംശയം പ്രകടിപ്പിച്ചും ഭര്‍ത്താവ് ഉപദ്രവിക്കാന്‍ തുടങ്ങി. പീഡനം തുടർന്നതോടെ സ്വന്തം വീട്ടിലേക്ക് പോയ യുവതി ഗര്‍ഭഛിദ്രത്തിന് കോട്ടയം മെഡിക്കല്‍ കോളജിലെത്തി. എന്നാൽ, ഭര്‍ത്താവുമായി നിയമപരമായി ബന്ധം വേര്‍പിരിഞ്ഞതിന്റെ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ മടക്കിയയച്ചു.
തുടർന്ന് ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരേ കാഞ്ഞിരപ്പിള്ളി പൊലിസ് സ്‌റ്റേഷനില്‍ ഗാർഹിക പീഡനത്തിന് പരാതി നല്‍കിയ ശേഷം വീണ്ടും സമീപിച്ചെങ്കിലും ഗര്‍ഭാവസ്ഥയില്‍ 21 ആഴ്ച പിന്നിട്ടുവെന്നും ആരോഗ്യത്തെ ബാധിക്കുമെന്നുമുള്ള കാരണം പറഞ്ഞ് ഡോക്ടര്‍മാര്‍ ഗര്‍ഭഛിദ്രത്തിന് വിസമ്മതിച്ചു. പിന്നീടാണ് ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."