മോഷണക്കുറ്റം ആരോപിച്ച് ഒമ്പതാം ക്ലാസുകാരന് ക്രൂരമർദനം
ബാലുശേരി • മോഷണക്കുറ്റം ആരോപിച്ച് വിദ്യാര്‍ഥിയെ സ്കൂൾ കാന്റീന്‍ ജീവനക്കാരന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. കോക്കല്ലൂർ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അമൽ രാജി(14) നാണ് മര്‍ദനമേറ്റത്.
വൈകിട്ട് വീട്ടിലെത്തിയ കുട്ടി പറഞ്ഞപ്പോഴാണ് വീട്ടുകാർ ഇക്കാര്യം അറിഞ്ഞത്. ഭക്ഷണം കഴിക്കുമ്പോൾ ശക്തമായ വേദന അനുഭവപ്പെട്ടതോടെ ആദ്യം ബാലുശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബന്ധുക്കള്‍ ബാലുശേരി പൊലിസിൽ പരാതിയും നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ സ്‌കൂളിലെ കാന്റീനില്‍ വച്ചാണ് സംഭവം നടന്നത്.
കാന്റീൻ ജീവനക്കാരനും സ്‌കൂളിലെ അധ്യാപക രക്ഷാകര്‍തൃ സമിതി അംഗമവുമായ സജി എന്നയാളാണ് കുട്ടിയെ മര്‍ദിച്ചതെന്നാണ് പരാതി.
രാവിലെ ഇന്റര്‍വെല്‍ സമയത്ത് മിഠായി വാങ്ങിക്കാനാണ് വിദ്യാര്‍ഥി കാന്റീനില്‍ എത്തിയത്. എന്നാല്‍ കാന്റീനിലെ തിരിക്കിനിടയില്‍ വിദ്യാര്‍ഥി റാക്കിന്റേയും ചുമരിന്റേയും ഇടയില്‍പ്പെട്ടു.
ഇതിനിടെ കള്ളന്‍ എന്നു വിളിച്ചുകൊണ്ട് കാന്റീന്‍ ജീവനക്കാരൻ കൈയില്‍ കയറി പിടിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ച് നിലത്ത് വീഴ്ത്തിയതായും കഴുത്തിൽ കൈയിട്ട് മുറുക്കി മുകളിലത്തെ നിലയിലുള്ള സ്റ്റാഫ് റൂമിലേക്ക് വലിച്ചു കൊണ്ടു പോയതായും കുട്ടി മൊഴി നൽകിയിട്ടുണ്ട്.
ബന്ധുകളുടെ പരാതി പ്രകാരം ഐ.പി.സി 341, 323 വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."