മാനസിക പീഡനം തുടരുന്നെന്ന് മഠത്തിൽ സമരം തുടങ്ങി സിസ്റ്റർ ലൂസി കളപ്പുരക്കൽ
മാനന്തവാടി • കോടതി വിധിയുണ്ടായിട്ടും മഠത്തിൽ തനിക്കെതിരേയുള്ള മാനസിക പീഡനങ്ങൾ തുടരുകയാണെന്ന് ആരോപിച്ച് സിസ്റ്റർ ലൂസി കളപ്പുരക്കൽ സത്യഗ്രഹ സമരം ആരംഭിച്ചു. മാനന്തവാടി കാരക്കാമലയിലെ എഫ്.സി.സി കോൺവെന്റിന് മുന്നിലാണ് ലൂസി കളപ്പുരക്കൽ സമരമിരിക്കുന്നത്.
നാലുവർഷമായി മഠത്തിലെ ഒരാൾ പോലും തന്നോട് സംസാരിക്കാറില്ലെന്ന് സിസ്റ്റർ പറഞ്ഞു. കോടതി വിധി പ്രകാരമുള്ള അവകാശങ്ങൾ പോലും ഹനിക്കുകയാണ്.
മഠത്തിൽ അഭയാർഥിയെ പോലെയാണ് താമസിക്കുന്നത്. തന്റെ കൂടി അധ്വാനത്തിന്റെ ഫലമായി മഠത്തിൽ സജ്ജീകരിച്ച പൊതുസൗകര്യങ്ങൾ പോലും ഉപയോഗിക്കാൻ അനുവദിക്കുന്നില്ല. ഭക്ഷണത്തിലടക്കം നിലവിൽ മഠം അധികാരികൾ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. കുളിമുറിക്കടുത്തും കിടപ്പുമുറിക്കടുത്തും സി.സി.ടി.വി കാമറകളും സ്ഥാപിച്ചു. ഇത്തരത്തിൽ മാനസികമായി പീഡിപ്പിച്ച് പുറത്താക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ മഠം അധികൃതർ നടത്തുന്നതെന്നും സിസ്റ്റർ ലൂസി കളപ്പുര പറയുന്നു. നിലവിലെ കേസ് കഴിയുന്നതുവരെ മഠത്തിന്റെ എല്ലാ സൗകര്യങ്ങളും സിസ്റ്റർ ലൂസി കളപ്പുരക്കും അവകാശപ്പെട്ടതാണെന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കോടതി വിധിയുണ്ടായിരുന്നു. എന്നാൽ ഇതൊന്നും മാനിക്കാതെയാണ് മഠം അധികൃതർ ഉപദ്രവങ്ങൾ തുടരുന്നതെന്നാണ് സിസ്റ്റർ ഉയർത്തുന്ന പരാതി.
ഇത് സംബന്ധിച്ച് പൊലിസിൽ പരാതി നൽകിയിട്ടും നടപടികളുണ്ടായില്ല. ഇതോടെയാണ് സത്യാഗ്രഹ സമരത്തിന് മുന്നിട്ടിറങ്ങിയതെന്നും അവർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."