കോഴ; വിവാദം തെളിവില്ലെങ്കില്‍ കുറ്റാരോപിതര്‍ക്കെതിരേ പാര്‍ട്ടിതല നടപടിക്കും സാധ്യതയില്ല
സുല്‍ത്താന്‍ ബത്തേരി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ ബി.ജെ.പി നടത്തിയ കോഴപ്പണ തിരിമറിയില്‍ ആരോപണ വിധേയര്‍ക്ക് പാര്‍ട്ടിതല നടപടിയുണ്ടാകില്ലെന്ന് സൂചന.
ആരോപണം ഉന്നയിക്കുന്നവര്‍ക്ക് നേതൃത്വത്തിന് മുന്നില്‍ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ കുറ്റാരോപിതര്‍ക്കെതിരേ നടപടി വേണ്ടെന്ന നിലപാടിലാണ് നേതൃത്വം. ആരോപണവിധേയര്‍ സംസ്ഥാന പ്രസിഡന്റിന്റെ അടുത്ത ആളുകളാണ് എന്ന പരിഗണനയും ഇവര്‍ക്ക് അനുകൂലമാകുമെന്ന സംസാരവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ബി.ജെ.പി ഉത്തരമേഖലാ പ്രസിഡന്റ് ജയചന്ദ്രന്റെ സാന്നിധ്യത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന നിയോജക മണ്ഡലം കമ്മിറ്റി നേതൃയോഗത്തില്‍ പണത്തില്‍ തിരിമറി നടത്തിയെന്ന് പ്രസീത അഴീക്കോട് ആരോപണമുന്നയിച്ച ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലയവലിനെതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആര്‍ക്കും തെളിവുകള്‍ നല്കാന് സാധിച്ചിരുന്നില്ല.
ഇക്കാരണത്തില്‍ തന്നെ ഘടകകക്ഷിയുടെ നേതാവുയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ പോയി നടപടി എടുക്കേണ്ടെന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിനുള്ളതെന്നാണ് അറിയുന്നത്.
ഈ മാസം 28, 29 തിയതികളില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സംസ്ഥാന നേതാക്കളെത്തി നടത്തുന്ന യോഗത്തില്‍ തെളിവുകള്‍ നല്കാന് ആരോപണമുന്നയിച്ചവര്‍ക്ക് സാധിച്ചില്ലെങ്കില്‍ സംസ്ഥാന പ്രസിഡന്റ് അടക്കം കുറ്റാരോപിതനായ കോഴക്കേസിലും പ്രതി സ്ഥാനത്തുള്ളവര്ക്കെതിരേ ഒരു നടപടിയും പാര്‍ട്ടിയില്‍ നിന്നുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."