അമ്മത്തണലിലെ ഗോള്‍ഡന്‍ ബട്ടര്‍ഫ്‌ളൈ
യു.എച്ച് സിദ്ദീഖ്
1.56.38 സെക്കന്‍ഡ്. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ സാജന്‍ പ്രകാശിന്റെ ''എ'' സ്റ്റാന്‍ഡേര്‍ഡ് ഒളിംപിക്‌സ് യോഗ്യത സമയം. വേഗം കൊണ്ടു ജലത്തെ വകഞ്ഞുമാറ്റി സമയത്തെ കീഴടക്കാന്‍ സാജന്‍ നടത്തിയ കഠിനധ്വാത്തിന് പിന്നില്‍ ഒരമ്മയുടെ അതിജീവന പോരാട്ടം കൂടിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സാജനോട് ചോദിച്ചതും അമ്മ നല്‍കിയ പ്രചോദനത്തെ കുറിച്ചായിരുന്നു. കൊവിഡ് വേലിക്കെട്ടുകളെ അതിജീവിച്ചു സാജന്‍ 200, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ ''ബി'' സ്റ്റാന്‍ഡേര്‍ഡ് ഒളിംപിക് യോഗ്യത ഉറപ്പിച്ചിരുന്നു. 2016 ലെ റിയോ ഒളിംപിക്‌സില്‍ നീന്തിയ സാജന് ''ബി'' യോഗ്യത ടോക്കിയോ ബര്‍ത്ത് ഉറപ്പിക്കാന്‍ പര്യാപ്തമായിരുന്നില്ല.
നീന്തല്‍ താരങ്ങളായ ശ്രീഹരി നടരാജനും മാന പട്ടേലുമായിരുന്നു ഫെഡറേഷന്റെ മുന്‍ഗണന പട്ടികയിലെ താരങ്ങള്‍. എന്നാല്‍, റോമില്‍ ''എ'' സ്റ്റാന്‍ഡേര്‍ഡ് യോഗ്യതയില്‍ ടോക്കിയോയിലേക്ക് സാജന്‍ നീന്തിക്കയറി. തുടര്‍ച്ചയായി രണ്ട് ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ നീന്തല്‍ താരമെന്ന ചരിത്രവും സാജന് സ്വന്തം.
400 മീറ്ററിലെ മുന്‍ ഇന്ത്യന്‍ അത്‌ലറ്റ് ഷാന്റിമോളുടെ അധ്വാനമാണ് സാജന്റെ രണ്ടാം ഒളിംപിക്‌സ് പ്രവേശനവും. കരുതലുമായി സാജനൊപ്പം നിഴലായി ഷാന്റിമോളുണ്ട്. അഞ്ചാം വയസില്‍ നെയ്‌വേലി ലിഗ്നറ്റ് കോര്‍പ്പറേഷനിലെ നീന്തല്‍കുളത്തില്‍ തുടങ്ങിയതാണ് സാജന്‍. ജോയി ജോസഫ് തോപ്പനും സജി സെബാസ്റ്റ്യനുമായിരുന്നു ആദ്യകാല പരിശീലകര്‍. ഇന്ത്യന്‍ കോച്ച് എസ്. പ്രദീപ്കുമാറിന് കീഴിലായി പിന്നീട് പരിശീലനം. ഫിസിയോയി ഇഗ്നേഷ്യസ് റിച്ചാര്‍ഡിന്‍്െറ പിന്തുണയും.
ദേശീയ, രാജ്യാന്തര വേദികളിലെ റെക്കോര്‍ഡുകള്‍ തകര്‍ത്ത മെഡല്‍ നേട്ടങ്ങളിലേക്ക് സാജന്‍ നീന്തികയറി. രാജ്യാന്തര നീന്തല്‍ ഫെഡറേഷന്റെ (ഫിന) സ്‌കോളര്‍ഷിപ്പുമായി തായ്‌ലന്‍ഡിലേക്ക് പറന്നതോടെ മിഗ്വേല്‍ ലോപ്പസും ഡേവിഡ് ബല്ലെസ്റ്ററോസും പരിശീലകരായി. ഒളിംപിക്‌സ് തയ്യാറെടുപ്പുകള്‍ക്കായി ദുബൈയില്‍ പ്രദീപ്കുമാറിന് കീഴിലേക്ക് സാജന്‍ തിരിച്ചെത്തി. കൊവിഡ് കാലത്ത് റിഗയില്‍, മിലന്‍ഗയ്ല്‍, താഷ്‌ക്കന്റില്‍, റോമില്‍ തുടര്‍ച്ചയായി സാജന്‍ സുവര്‍ണ നേട്ടങ്ങളിലേക്ക് നീന്തിക്കയറി. നേട്ടങ്ങള്‍ നീന്തിയെടുക്കുമ്പോഴുംഅര്‍ജുന, ജി.വി രാജ പുരസ്‌ക്കാരങ്ങളില്‍ അവഗണന തുടരുകയാണ്.സ്വന്തമായി വീടില്ലാത്ത സാജന്‍ നാട്ടിലെത്തുമ്പോള്‍ താമസിക്കുന്നത് നെയ്‌വേലിയിലെ ഒറ്റമുറി ക്വാര്‍ട്ടേഴ്‌സിലാണ്.
ഒളിംപിക്‌സില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്ഥലവും വീടും നല്‍കുന്ന പദ്ധതി കേരളത്തിനുണ്ട്. റിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത സാജന് വീട് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന് നല്‍കിയ അപേക്ഷയുടെ ഫയല്‍ സെക്രട്ടേറിയറ്റില്‍ അപ്രത്യക്ഷമായി. ഇടുക്കി എം.എല്‍.എ കൂടിയായ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ മുഖേന വീണ്ടും സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത് തിരിച്ചെത്തുമ്പോഴെങ്കിലും തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് സാജനും ഷാന്റിമോളും.
ഇടുക്കി മണിയാറംകുടി സ്വദേശിയായ ഷാന്റിമോള്‍ നെയ്‌വേലി ലിഗ്നറ്റ് കോര്‍പ്പറേഷനില്‍ അസി. പേഴ്‌സനല്‍ ഓഫിസറാണ്. ഷാന്റിമോളുടെ വരുമാനത്തിലാണ് സാജന്റെ വിദേശ പരിശീലനം. ദേശീയ ഗെയിംസിലെ മിന്നുന്ന പ്രകടനത്തിന് ആംഡ് പൊലിസില്‍ ഇന്‍സ്‌പെക്ടറായി ജോലി നല്‍കി കേരളം ആദരിച്ചതോടെ ലഭിക്കുന്ന ശമ്പളം ആശ്വാസമായി.
സാജനൊപ്പം നിയമനം ലഭിച്ചവരൊക്കെ സ്ഥാനക്കയറ്റവുമായി കായികരംഗം തന്നെ വിട്ടു. ലോക പൊലിസ് മീറ്റില്‍ അടക്കം സുവര്‍ണ പതക്കങ്ങള്‍ നീന്തിയെടുത്ത സാജന്‍ ഇന്‍സ്‌പെക്ടര്‍ മാത്രമാണ്. ഒളിംപിക്‌സ് കഴിഞ്ഞെത്തുന്നതോടെ സ്ഥാനക്കയറ്റത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് സ്‌പോര്‍ട്‌സ് ഓഫിസര്‍ കൂടിയായ എ.ഡി.ജി.പി മനോജ് എബ്രഹാം ഉറപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."