സ്വകാര്യ സർവകലാശാലകൾക്ക് വാതിൽ തുറക്കുമ്പോൾ
ദാമോദർ പ്രസാദ്
സ്വകാര്യ സർവകലാശാലകൾ എന്നാശയത്തെ സ്വാഗതം ചെയ്യവേതന്നെ, തികച്ചും വാണിജ്യപ്രേരിതമായ ഇത്തരം സങ്കൽപനത്തെ പ്രതിരോധിക്കേണ്ടത് ഉന്നതവിദ്യാഭ്യാസത്തിന്റെയും കേരളത്തിലെ വിദ്യാർഥി സമൂഹത്തിന്റെയും ഭാവിയെ മുൻനിർത്തി അനിവാര്യമാകുന്നു. സ്വാശ്രയ കോളജുകളുടെ പ്രവർത്തനത്തിന് അനുവാദം നൽകിക്കൊണ്ട് ആരംഭിച്ച ഉന്നതവിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവൽക്കരണത്തിന്റെ അടുത്ത ഘട്ടമാണ് സ്വകാര്യ സ്വാശ്രയ സർവകലാശാലകൾ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വ്യക്തിഗത സംരംഭകരുടെയും കോർപറേറ്റുകളുടെയും നേതൃത്വത്തിൽ ആരംഭിച്ച സ്വകാര്യ സർവകലാശാലകളുടെ പ്രവർത്തങ്ങൾ തുടങ്ങിയിട്ട് ഏതാണ്ട് ഒരു പതിറ്റാണ്ടിലധികമായി. സ്വകാര്യ സർവകലാശാലകൾക്കായുള്ള നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇതുവരെയുണ്ടായിരുന്ന സമീപനങ്ങളിൽ കാതലായ മാറ്റം വരികയാണ്. എങ്കിലും ഉന്നതവിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണത്തിന്റെ അടുത്തഘട്ടം എന്ന നിലയിലുള്ള സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നതിന്റെ പിന്നിലെ വാണിജ്യ താൽപര്യങ്ങളെ വ്യവഛേദിച്ചു മനസ്സിലാക്കേണ്ടതുണ്ട്.
അതാതുകാലത്തെ വിപണിയുടെ അടിയന്തര താൽപര്യങ്ങളെ മുൻനിർത്തി ബിരുദ, ബിരുദാനന്തര പഠന പ്രോഗ്രാമുകൾ രൂപകൽപന ചെയ്തുകൊണ്ടു ഇതിലേക്ക് വിദ്യാർഥികളെ ആകർഷിക്കുകയും ഏറ്റവും ഉയർന്ന ഫീസ് അവരിൽനിന്ന് വാങ്ങി ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ വിദ്യ അഭ്യസിപ്പിക്കുകയും ചെയ്തതിനു ശേഷം ഒരു ബിരുദ സർട്ടിഫിക്കറ്റും നൽകി വിപണിയുടെ സ്വേച്ഛകളിലേക്ക് തള്ളിവിടുന്ന വിദ്യാഭ്യാസ വീക്ഷണത്തെയാണ് വാണിജ്യ പ്രേരിതം എന്നതുകൊണ്ടു അർഥമാക്കിയത്. പൊതുസർവകലാശാലകൾക്ക് ഒപ്പംനിന്നുകൊണ്ടു വിജ്ഞാനസമൂഹ നിർമാണത്തിൽ സൃഷ്ടിപരമായ പങ്കാളികളാകാൻ ലക്ഷ്യംവച്ചുള്ള കാതലായ വിദ്യാഭ്യാസ പ്രവർത്തനമല്ല ഇത്. വിദ്യാഭ്യാസ മേഖലയിലെ വാണിജ്യ പ്രവർത്തനത്തെ ഇകഴ്ത്തി കാണുകയല്ല. ഇതര സംസ്ഥാനങ്ങളിൽ ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്ന മികച്ച സ്വകാര്യ സർവകലാശകളുണ്ട്. വിദ്യാഭ്യാസ സംരംഭകരും കോർപറേറ്റ് സ്ഥാപനങ്ങളും ആരംഭിച്ചിരിക്കുന്ന ചില സ്വകാര്യ സർവകലാശാലകളെങ്കിലും ചെറിയൊരു കാലംകൊണ്ടുതന്നെ ഉന്നത നിലവാരം പ്രാപ്തമായവയാണ്. അസിം പ്രേംജി, അശോക, ജിൻഡാൽ, ക്രിയ, ശിവ നാടാർ സർവകലാശാല എന്നിവ ചില ഉദാഹരണങ്ങൾ മാത്രം.
മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ ആവശ്യങ്ങളെ മുൻനിർത്തിയും പുത്തൻ തൊഴിൽ നൈപുണികൾക്ക് പ്രാധാന്യം നൽകിയും രൂപപ്പെടുത്തിയിട്ടുള്ള പ്രോഗ്രാമുകളിൽ വിമർശനാത്മക വ്യവഹാരങ്ങൾക്കും സ്വതന്ത്ര ചിന്തയ്ക്കും തുല്യമായ പ്രാധാന്യം നൽകപ്പെടുന്നു. സാംസ്‌കാരിക വൈവിധ്യവും ന്യൂനപക്ഷ- ദുർബലജനത്തിന്റെ ശാക്തീകരണവുമൊക്കെ സവിശേഷ പ്രധാനമായി കാണുന്ന അഡ്മിഷൻ മാനദണ്ഡങ്ങൾ ഉന്നത നിലവാരം പുലർത്തുന്ന സ്വകാര്യ സർവകലാശാലകളുടെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ സൂചകങ്ങളാകുന്നു
എന്നാൽ വാണിജ്യ യുക്തിക്കനുസൃതമായി മാത്രം പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾ പ്രാധാന്യം നൽകാൻ പോകുന്നത് നൈപുണി കേന്ദ്രിത കോഴ്‌സുകൾ ആരംഭിക്കുന്നതിനായിരിക്കും. ഉദാഹരണത്തിന് നാലാം വ്യവസായിക വിപ്ലവത്തിലൂടെ യാഥാർഥ്യമായി തുടങ്ങിയ മാറ്റങ്ങളെ മുൻനിർത്തി ബിഗ് ഡാറ്റയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും പുതിയ കോഴ്‌സുകൾ തുടങ്ങുക. വിപണിയുടെ അടിയന്തര താൽപര്യങ്ങൾക്കാണ് ഇവിടെ മുൻഗണന കിട്ടുന്നത്. നൂതനമായ പുതിയ പ്രോഗ്രാമുകൾ വേണ്ടെന്നല്ല മറിച്ചു നൈപുണികേന്ദ്രിത മാത്രമായ പ്രോഗ്രാമുകളായി ഇത് ചുരുങ്ങുമോ എന്നാണ് ആശങ്ക. യാതൊരു ആലോചനയുമില്ലാതെ കേവലം കച്ചവടത്തിന്റെ അടിസ്ഥാനത്തിൽ തുടങ്ങുന്ന പ്രോഗ്രാമുകളിലേക്ക് വിദ്യാർഥികൾ വലിയ ഫീസ് കൊടുത്തു ചേർന്നേക്കാം.
വിദ്യാർഥികളിൽ നിന്ന് കനത്തിൽ ഫീസ് വാങ്ങി അവർക്ക് ബിരുദം നൽകുക എന്ന വളരെ ലഘൂകരിച്ച സങ്കൽപമല്ലാതെ സർവകലാശാല എന്ന ഉന്നതമായ സങ്കൽപത്തെക്കുറിച്ചുള്ള ധാരണ വാണിജ്യ യുക്തിക്ക് ഉൾക്കൊള്ളാനാകുമോ എന്ന സംശയമാണ്. സർവകലാശാലകൾ കോളജുകളിൽ നിന്ന് വ്യതിരിക്തമായി ഗവേഷണകേന്ദ്രങ്ങളാണ്. സർവകലാശാലകൾ ബിരുദ ഉൽപാദന ഫാക്ടറികളുമല്ല. പഠിപ്പിക്കുക എന്നതിനൊപ്പം സർവകലാശാലകൾ പ്രാധാന്യം നൽകുന്നത് ഗവേഷണ പ്രവർത്തനങ്ങൾക്കാണ്. ഗവേഷണ പ്രവർത്തനങ്ങൾക്ക് കാലപരിധിയുണ്ടെങ്കിലും ബിരുദ പഠനം പോലുള്ള പ്രവർത്തനമല്ല. മാത്രമല്ല സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് അത്യാവശ്യവും പണം ചെലവാകുന്ന ഒരു കാര്യവുമാണ്. സാധാരണ ഗതിയിൽ ഗവേഷകർക്ക് ഗവേഷണം നടത്താൻ ഫെല്ലോഷിപ്പ് നൽകുകയാണ് പൊതുവിൽ അവലംബിച്ചുവരുന്ന രീതി. എന്നാൽ വാണിജ്യ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾക്ക് ഇത് സാധ്യമാകുമോ എന്നതൊരു പ്രശ്‌നമാണ്. സർക്കാർ ഫെല്ലോഷിപ്പ് ലഭിക്കുന്ന വിദ്യാർഥികൾ സ്വകാര്യ സർവകലാശാലകളെ ഗവേഷണ കേന്ദ്രമായി തിരഞ്ഞെടുക്കുന്നതോടെ പൊതുസർവകലാശാലകൾ ഗവേഷണ തലത്തിൽ വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കാനുമിടയുണ്ട്. വ്യവസായവുമായി സഹകരിച്ചുകൊണ്ടു സ്വകാര്യ സർവകലാശാലകളിൽ വാണിജ്യപരമായ മുൻഗണനയ്ക്ക് ഊന്നൽ നൽകുന്ന ഗവേഷണങ്ങൾ ചൂഷണാധിഷ്ഠിതമാകാൻ സാധ്യതയുണ്ടെന്നു മാത്രമല്ല അടിസ്ഥാന മേഖലകളിൽ നടക്കേണ്ട സൈദ്ധാന്തിക തലത്തിലെ ഗവേഷണത്തെ ബാധിക്കാനുമിടയുണ്ട്. തികച്ചും വാണിജ്യ അടിസ്ഥാനത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങളിൽ ആവശ്യം വേണ്ട നൈതിക നിലപാടുകൾക്ക് ഒട്ടും പ്രാധാന്യം നൽകാതിരിക്കാനുമുള്ള സാധ്യതയും കൂടുതലാണ്.
സ്വകാര്യ സർവകലാശാലകളെക്കുറിച്ചു മറ്റൊരു പ്രധാന ഉത്കണ്ഠയെന്ന് പറയുന്നത് സംവരണവ്യവസ്ഥകൾ പരിപാലിക്കപ്പെടുമോ എന്നതാണ്. സർക്കാർ തന്നെ ശമ്പളം നൽകുന്ന കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിൽ സംവരണം പാലിക്കുന്നില്ല എന്നതാണ് നമുക്കറിയുന്ന യാഥാർഥ്യം. ഈ പ്രശ്‌നം സ്വകാര്യ സർവകലാശാലകളുടെ കാര്യത്തിലും പ്രസക്തമാണ്. സ്വാശ്രയ മേഖലയിലെ നിയമനത്തിൽ സംവരണ വ്യവസ്ഥ ഇപ്പോൾ തന്നെ പാലിക്കപ്പെടുന്നില്ല. സർക്കാർ കൊണ്ടുവരാൻ പോകുന്ന ബില്ലിൽ ഈ വ്യവസ്ഥകൾ ഉൾപ്പെടുത്തി എന്നതുകൊണ്ട് ഈ ആശങ്ക പരിഹൃതമാകുന്നില്ല. സംവരണവ്യവസ്ഥകൾ ഔപചാരികാർഥത്തിൽ നടപ്പാക്കിയെന്നതുകൊണ്ട് ഒരു വിദ്യഭ്യാസ സ്ഥാപനവും ഇൻക്ലൂസിവ് ആകുന്നുമില്ല. ധനികരുടെയും ഉന്നതതരുടെയും മക്കൾ പഠിക്കുന്ന സ്വകാര്യ സർവകലാശാലകളിൽ പാർശ്വവത്കൃത സമൂഹങ്ങളിൽനിന്ന് വരുന്ന വിദ്യാർഥികൾക്ക് പ്രവേശനം ലഭ്യമായാലും ആഭിജാതരുടെ വരേണ്യ മനോഘടന സൃഷ്ടിക്കുന്ന മനസികാഘതം പലപ്പോഴും മറ്റു ജീവിത സാഹചര്യങ്ങളിൽ നിന്ന് വരുന്ന വിദ്യാർഥികൾക്ക് പഠനം തന്നെ ഉപേക്ഷിച്ചുപോകേണ്ട സ്ഥിതിയുണ്ടാക്കുന്നു. സംവരണം മാത്രം കൊണ്ടായില്ല. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആന്തരികമായ സാമൂഹിക വ്യവസ്ഥ ഇൻക്ലൂസിവിറ്റിക്ക് പ്രേരകമാകുവാനുള്ള വ്യവസ്ഥകൾ നിജപ്പെടുത്തുകയാണ് വേണ്ടത്.
സ്വകാര്യ സർവകലാശാലകളുടെ കടന്നുവരവ് പൊതുസർവകലാശാലകളെ എങ്ങനെ ബാധിക്കുമെന്നുള്ളതും ഒരു പ്രധാന പ്രശ്‌നമാണ്. സർവകലാശാലകൾ തത്വത്തിൽ സ്വയംഭരണ സ്ഥാപനങ്ങളാണെങ്കിലും സർക്കാരിനും ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിക്കും സർവകലാശാലകളുടെ മേൽ നിയന്ത്രണങ്ങളുണ്ട്. സംസ്ഥാന സർവകലാശാലകൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നത് സർക്കാരാണ്. സംസ്ഥാന സർവകലാശാലകൾ സാമ്പത്തികമായ ഞെരുക്കം അനുഭവിക്കുന്നുണ്ട്. വികസന പ്രവർത്തനങ്ങൾക്ക് കിഫ്ബി വഴി സാമ്പത്തിക സഹായം സർവകലാശാലകൾക്ക് നൽകുന്നുണ്ടെങ്കിലും പൊതുസർവകലാശാലകളുടെ ഭാവിയെ സംബന്ധിച്ചു പല അനിശ്ചിതത്വങ്ങളും നിലനിൽക്കുന്നു. സമ്പന്ന പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർഥികൾ കേരളത്തിന്റെ പുറത്തേക്കു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തേടി പോകുമ്പോൾ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന പശ്ചാത്തലത്തിൽ നിന്ന് വരുന്നവർക്ക് പൊതുസർവകലാശാലകൾ തന്നെയാണ് പ്രധാന ആശ്രയം.
പൊതുസർവകലാശാലകളെ നിന്ദിക്കാനായി വിമർശകർ എപ്പോഴും ഉന്നയിക്കുന്ന കാര്യമാണ് കക്ഷിരാഷ്ട്രീയ അതിപ്രസരം. രാഷ്ട്രീയകാർക്ക് സർവകലാശാലകളുടെ സിൻഡിക്കേറ്റിലും സെനറ്റിലും പ്രാതിനിധ്യം ലഭിക്കുന്നതിനെയാണ് ഇതിനു ഉദാഹരണമായി കാണിക്കാറുള്ളത്. രാഷ്ട്രീയപ്രതിനിധികൾ ഉന്നത നയരൂപീകരണ വേദികളിൽ വരുന്നതും കക്ഷിരാഷ്ട്രീയവൽക്കരണവും രണ്ടും രണ്ടു കാര്യങ്ങളാണ്. സെനറ്റ് പോലുള്ള വിശാല ജനാധിപത്യ ബോഡികളിൽ അംഗങ്ങളാകുന്ന രാഷ്ട്രീയ പ്രതിനിധികൾക്ക് സാമൂഹികമായ കാഴ്ചപ്പാട് സർവകലാശാലകളുടെ നയരൂപീകരണത്തിൽ സമന്വയിപ്പിക്കാൻ സാധിക്കുന്നു. സർവകലാശാലകൾ വിജ്ഞാനത്തിന്റെ ഒറ്റപ്പെട്ട തുരുത്തുകളല്ല സാമൂഹികമായ അറിവ് ഉൽപാദിക്കുന്ന കേന്ദ്രങ്ങളാണ്. സർവകലാശാലകൾ കക്ഷിരാഷ്ട്രീയമായി ജീർണത നേരിടുന്നുണ്ടെങ്കിൽ അതിനു രാഷ്ട്രീയ പ്രതിനിധികളെയല്ല പഴിക്കേണ്ടത് പകരം ആത്മാഭിമാനം വെടിഞ്ഞു രാഷ്ട്രീയ പ്രതിനിധികളുടെ മുമ്പിൽ ഓച്ചാനിച്ചുനിൽക്കുന്ന ചില അക്കാദമിക് വ്യക്തിത്വങ്ങളെയാണ്.
പൊതുസർവകലാശാലകൾക്ക് സ്വച്ഛന്ദത നഷ്ടപ്പെടുന്നതാണ് അതിനെ ക്ഷയിപ്പിക്കുന്നത്. എന്നാൽ സ്വകാര്യ സർവകലാശാലകളുടെ കാര്യത്തിൽ സ്വച്ഛന്ദതയേക്കാൾ പ്രധാനം സാമൂഹിക നിയന്ത്രണമാണ്. ഇതിൻ്റെ അഭാവം സ്വകാര്യ സ്വാശ്രയ സർവകലാശാലകളെ വാണിജ്യ തന്നിഷ്ടങ്ങൾക്ക് പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാക്കി മാറ്റാനുള്ള സാധ്യതകൾ കൂടുതലാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിന് വികസനമായാലും വിദ്യാഭ്യാസമായാലും നവലിബറൽ മാതൃകകൾ സ്വീകാര്യമാവുകയും ബദൽ എന്നത് വെറും വായ്ത്താരി മാത്രമാവുകയാണ്. ബദൽ എന്നതിനെ പേരിനെങ്കിലും പ്രസക്തമാക്കാൻ ചുരുങ്ങിയത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കൊണ്ടു അവരുടെ സാമൂഹിക ഉത്തരവാദിത്വം നിർവഹിപ്പിക്കാൻ വ്യതിചലിക്കാനാവാത്ത വ്യവസ്ഥകളെങ്കിലും വ്യവസ്ഥപ്പെടുത്താൻ സാധിക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."