പുതുപ്പള്ളിയുടെ പുതുനായകൻ: ചരിത്രമെഴുതി ചാണ്ടി ഉമ്മൻ; നാണംകെട്ട് എൽ.ഡി.എഫും ബി.ജെ.പിയും
പുതുപ്പള്ളിയുടെ പുതുനായകൻ: ചരിത്രമെഴുതി ചാണ്ടി ഉമ്മൻ; നാണംകെട്ട് എൽ.ഡി.എഫും ബി.ജെ.പിയും
പുതുപ്പള്ളി: ഉമ്മൻ ചാണ്ടി പ്രഭാവം കളം നിറഞ്ഞ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയുടെ പുതിയ നായകൻ. വോട്ടെണ്ണലിന്റെ തുടക്കം മുതൽ എതിരാളികളില്ലാതെ ചാണ്ടി ഉമ്മൻ കളം നിറയുന്ന കാഴ്ചയാണ് കേരളം ഇന്ന് കണ്ടത്. അര നൂറ്റാണ്ടിലധികം കാലം മണ്ഡലത്തിനൊപ്പം നിന്ന പ്രിയ നേതാവ് ഉമ്മൻ ചാണ്ടിയോടുള്ള ആദരം തന്നെയാണ് ചാണ്ടി ഉമ്മന്റെ ഈ ചരിത്ര വിജയം. തോൽവി നേരത്തെ പ്രതീക്ഷിച്ചിരുന്നെങ്കിലും എൽ.ഡി.എഫ് സർക്കാരിന് കനത്ത തിരിച്ചടിയാണ് ഈ റെക്കോർഡ് വിജയം. വാശിയേറിയ തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ 37719 വോട്ടിന്റെ ലീഡാണ് നേടിയത്.
ഉപതെരഞ്ഞെടുപ്പ് നടന്ന പുതുപ്പള്ളി മണ്ഡലത്തിൽ സർവകാല റെക്കോർഡ് നേടി യു.ഡി.എഫ് കുതിക്കുമ്പോൾ നാണംകെട്ട തോൽവിയാണ് എൽ.ഡി.എഫിന് ഉണ്ടായത്. ശക്തികേന്ദ്രങ്ങളിൽ പോലും പ്രതീക്ഷിച്ച വോട്ടുകൾ നേടാൻ എൽ.ഡി.എഫ് സ്ഥാനാർഥി ജയ്ക് സി. തോമസിനായില്ല. എൽ.ഡി.എഫ് ഭരണമുള്ള മണ്ഡലത്തിലെ പഞ്ചായത്തുകളെല്ലാം യു.ഡി.എഫ് തൂത്തുവാരി. എൽ.ഡി.എഫ് ഭരണത്തിലുള്ള പുതുപ്പള്ളി, മണർകാട്, പാമ്പാടി, വാകത്താനം, അകലക്കുന്നം, കൂരോപ്പട എന്നീ ആറു പഞ്ചായത്തുകളിലും ചാണ്ടി ഉമ്മൻ വ്യക്തമായ ലീഡ് നേടി.
മണ്ഡലത്തിൽ ആകെ ഒരു ബൂത്തിൽ മാത്രമാണ് ജെയ്ക് സി. തോമസിന് ലീഡ് നേടിയത്. മീനടം ഗ്രാമപഞ്ചായത്തിലെ 153-ാം ബൂത്തിൽ മാത്രമാണ് ജെയ്ക് ലീഡ് നേടിയത്. 165 വോട്ടിന്‍റെ ലീഡാണ് ജെയ്ക് ഇവിടെ നേടിയത്. അതേസമയം സ്വന്തം വീടിരിക്കുന്ന ബൂത്തിൽ ഉൾപ്പെടെ മണ്ഡലത്തിൽ മറ്റെവിടെയും ജെയ്കിന് ലീഡ് നേടാനായില്ല. മന്ത്രി വി.എൻ വാസവന്‍റെ ബൂത്തിലും ജെയ്ക് പിന്നിലായി. വി.എൻ വാസവന്‍റെ ബൂത്തിൽ 241 വോട്ട് മാത്രമാണ് ജെയ്കിന് ലഭിച്ചത്.
പുതുപ്പള്ളിയിൽ 13 റൗണ്ടുകളായാണ് വോട്ടെണ്ണൽ നടന്നത്. എല്ലാ റൗണ്ടിലും ചാണ്ടി ഉമ്മന്റെ സർവാധിപത്യമാണ് കണ്ടത്. ഓരോ റൗണ്ടിലും രണ്ടായിരത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മന്റെ വിജയം.
ആദ്യ റൗണ്ടിൽ ലീഡ് -2816, രണ്ടാം റൗണ്ടിൽ ലീഡ് -2671, മൂന്നാം റൗണ്ടിൽ ലീഡ് -2911, നാലാം റൗണ്ടിൽ ലീഡ് -2962, അഞ്ചാം റൗണ്ടിൽ ലീഡ് -2989, ആറാം റൗണ്ടിൽ ലീഡ് -2515, ഏഴാം റൗണ്ടിൽ ലീഡ് -2767, എട്ടാം റൗണ്ടിൽ ലീഡ് -2949, ഒമ്പതാം റൗണ്ടിൽ ലീഡ് -2806, പത്താം റൗണ്ടിൽ ലീഡ് -3133 എന്നിങ്ങനെയാണ് ലീഡ് നില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."