കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധിക സീറ്റുകൾ അനുവദിച്ചു സാമ്പത്തിക സംവരണത്തിൽ കേന്ദ്രം സുപ്രിംകോടതിയിൽ
ന്യൂഡൽഹി • മുന്നാേക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാേക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധിക സീറ്റുകൾ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രിം കോടതിയെ അറിയിച്ചു. 2,14,766 സീറ്റുകളാണ് അധികമായി നൽകിയതെന്നും സംവരണം ഏർപ്പെടുത്തിയ 103ാം ഭരണഘടന ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജികളിൽ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി.
കേന്ദ്രവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പഠന ശാഖകളിലും സാമ്പത്തിക പിന്നാേക്ക വിഭാഗങ്ങൾക്ക് പത്ത് ശതമാനം സംവരണം നൽകാൻ 2019 ജനുവരി 17ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് എല്ലാ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ഉത്തരവിലൂടെ നിർദേശിച്ചിരുന്നു. പട്ടികജാതി – പട്ടികവർഗക്കാർ, മറ്റ് പിന്നാേക്ക വിഭാഗങ്ങൾ എന്നിവർക്കുള്ള സംവരണം നിലനിർത്തുകയും 2018-19 വർഷത്തിൽ പൊതുവിഭാഗത്തിനുള്ള സീറ്റ് ലഭ്യതയെ ബാധിക്കാതെയുമാണിത് ചെയ്യുന്നതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ഭരണഘടന ബെഞ്ച് കേസ് കഴിഞ്ഞ ദിവസം വിധിപറയാനായി മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."