HOME
DETAILS

നാര്‍ജിലിസ്താന്‍ കേരളത്തിലെ പ്രഥമ ഉറുദു മാസിക

  
backup
July 17 2021 | 19:07 PM

5632-2

ഡോ. കെ.പി ശംസുദ്ദീന്‍
തിരൂര്‍ക്കാട്‌

ഉര്‍ദു പത്രപ്രവര്‍ത്തന ചരിത്ര സംബന്ധിയായി നൂറോളം ബൃഹത്തായ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇംദാദ് സാബ്രിയുടെ അഞ്ച് വോള്യത്തിലുള്ള 'താരീഖ് ഉര്‍ദു സഹാഫത്ത്', നാദിര്‍ അലിയുടെ 'ഉര്‍ദു സഹാഫത്ത് കീ താരീഖ്', ജി.ഡി ചന്ദന്‍ രചിച്ച 'ഉര്‍ദു സഹാഫത്ത് കാ സഫര്‍' , ഡോ. അഫ്‌സലുദ്ദീന്റെ 'ജുനൂബി ഹിന്ദ് മെ ഉര്‍ദു സഹാഫത്ത്' തുടങ്ങിയ നൂറ് കണക്കിന് ഗ്രന്ഥങ്ങളില്‍ രചയിതാക്കള്‍ ആരും പരാമര്‍ശിക്കാതെ പോയ ഉര്‍ദു മാസികയാണ് കേരളത്തില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'നാര്‍ജിലിസ്താന്‍'. മലബാറില്‍ ഉര്‍ദു വികസിച്ചുവന്നിരുന്ന തലശ്ശേരിയിലെ ബസാര്‍ റോഡില്‍ നിന്നായിരുന്നു നാര്‍ജിലിസ്താന്‍ എന്ന ഉര്‍ദു മാസിക പ്രസിദ്ധീകരിച്ചിരുന്നത്.


ഉര്‍ദു ഭാഷ ക്രമാനുഗതമായി സാവധാനം വളര്‍ന്ന് വികസിക്കുന്ന കാലത്തായിരുന്നു മലബാറില്‍ ബ്രിട്ടീഷ് വിരുദ്ധ സമരം ശക്തിപ്പെട്ടുവരുന്നത്. 1921ലെ മലബാര്‍ വിപ്ലവം സ്വാതന്ത്ര്യസമരത്തിലെ തീക്ഷ്ണമായ ഒരധ്യായമാണ്. ഇക്കാലത്തും വിപ്ലവാനന്തരവും ഉര്‍ദുഭാഷ ഇന്നത്തെ കേരളമെന്ന പ്രദേശത്താകെ അതിവേഗം വളരുകയായിരുന്നു. മലബാറിലായിരുന്നു ഉര്‍ദുവിന് വേരോട്ടം കൂടുതല്‍. അതില്‍ തന്നെ തലശ്ശേരിയായിരുന്നു ഉര്‍ദുവിന് കൂടുതല്‍ സ്വാധീനം ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ ഉര്‍ദു ഭാഷയുടെ ചരിത്രത്തില്‍ തലശ്ശേരിയെ ഒട്ടും വിസ്മരിക്കാന്‍ കഴിയില്ല. വളരെ നേരത്തെ തന്നെ രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നതിനാല്‍ ഉത്തരേന്ത്യയില്‍ നിന്നുള്‍പ്പെടെ ധാരാളം നേതാക്കള്‍ ഇവിടം സന്ദര്‍ശിക്കുമായിരുന്നു. ആ കാലഘട്ടത്തില്‍ തലശ്ശേരി സന്ദര്‍ശിച്ച ശ്രദ്ധേയനായ വ്യക്തിയായിരുന്നു മൗലാന സഫര്‍ അലി ഖാന്‍. വളരെ പ്രഗത്ഭനായ ഉര്‍ദു പത്രപ്രവര്‍ത്തകനും ലാഹോറില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സമീന്ദാര്‍ പത്രത്തിന്റെ പത്രാധിപരും കവിയും പ്രാസംഗികനുമായ അദ്ദേഹം അബ്ദുസത്താര്‍ ഹാജി ഇസ്ഹാഖ് സേട്ടിന്റെ അതിഥിയായിട്ടായിരുന്നു തലശ്ശേരി സന്ദര്‍ശിച്ചത്. മൗലാനാ സഫര്‍ അലി ഖാന്റെ നിര്‍ദേശപ്രകാരം സത്താര്‍ സേട്ടും സഹപ്രവര്‍ത്തരും ചേര്‍ന്ന് ഉര്‍ദു ഭാഷാ പ്രചാരണത്തിനായി ഒരു സംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

തലശ്ശേരി
ഉര്‍ദുവിന്റെ ആസ്ഥാനമാകുന്നു

1931 സെപ്റ്റംബര്‍ അഞ്ചിന് ഉര്‍ദു ഭാഷയുടെ ഉന്നമനത്തിനും വളര്‍ച്ചയ്ക്കുമായി തലശ്ശേരിയില്‍ 'അഞ്ചുമന്‍ ഇസ്‌ലാഹുല്‍ ലിസാന്‍' എന്ന സംഘടന രൂപീകരിക്കപ്പെട്ടു. സത്താര്‍ സേട്ടും താഹിര്‍ മഹ്മൂദ് സേട്ടുമായിരുന്നു ഇതിന്റെ രക്ഷാധികാരികള്‍. അഞ്ചുമന്‍ ഇസ്‌ലാഹുല്‍ ലിസാന്‍ ആദ്യമായി ഒരു വായനശാല ആരംഭിച്ചിരുന്നു. ഇവിടെ ഉര്‍ദു പത്രങ്ങളായ സമീന്ദാര്‍, അല്‍ ജംഇയ്യത്ത്, മൗലവി, സയ്യിദ് ആലംഗീര്‍, സച്ച്, പേശുവ, തുടങ്ങിയവയും മറ്റു ആനുകാലികങ്ങളും വരുത്തിയിരുന്നു. മലയാളപത്രങ്ങളായ അല്‍ അമീനും, മാതൃഭൂമിയും ഇംഗ്ലീഷ് പത്രങ്ങളായ ഹിന്ദു, സ്റ്റുഡന്റ്, എന്നിവയും വായനശാലയില്‍ ഉണ്ടായിരുന്നു. ഇവിടെ സംഘടിപ്പിച്ചിരുന്ന ഉര്‍ദു സാഹിത്യ പരിപാടികള്‍ക്ക് മൗലവി ടി.യു.കെ അഹമ്മദ്, മൗലവി അബ്ദുല്‍ റഹൂഫ്, മൗലവി സയ്യിദ്, അബ്ദുറഹിമാന്‍, മൗലാന ശേഖ് ഹുസൈന്‍, മൗലവി അഹമ്മദ് ഫഖീര്‍, മൗലവി ഉസ്മാന്‍ സീതി, ടി.പി കുട്ട്യാമു, കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവവരായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. ഇവരെല്ലാം മുന്‍കൈയെടുത്തുകൊണ്ടായിരുന്നു 'ചമന്‍' എന്ന പേരിലുള്ള ഒരു ഉര്‍ദു കൈയെഴുത്തു മാസിക 1932 ജൂലൈ മാസം മുതല്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. ഇതില്‍ മലയാളം, ഇംഗ്ലീഷ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ചമന്‍ ദ്വൈവാരികയായിട്ടായിരുന്നു പുറത്തിറങ്ങിയിരുന്നത്.


ബുമന്‍ ഇസ്‌ലാഹുല്‍ ലിസാന്‍ ഭാരവാഹികള്‍ കൂടിയാലോചിച്ച് കേരളത്തില്‍ നിന്ന് ഒരു ഉര്‍ദു മാസിക പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. മൗലാന സഫര്‍ അലി ഖാന്‍ തന്നെയായിരുന്നു ഇതിനും പ്രചോദനം. അഞ്ചുമന്റെ ഭാരവാഹിയായ അബ്ദുല്‍ കരീം സേട്ട് അഖ്തറിന്റെ നേതൃത്വമായിരുന്നു ഇതില്‍ പ്രധാനം. അദ്ദേഹം ഒരു നല്ല കവിയും കൂടിയായിരുന്നു. മാസികയുടെ ഉടമസ്ഥനും മാനേജരും അഖ്തര്‍ സേട്ട് തന്നെയായിരുന്നു. മാസിക ആരംഭിക്കുന്ന വിവരവും സൃഷ്ടികള്‍ ആവശ്യപ്പെട്ടും അദ്ദേഹം സഫര്‍ അലിഖാന് കത്തയക്കുകയും അദ്ദേഹം 'നാര്‍ജിലിസ്താന്‍' (കേരനാട്) എന്ന ശീര്‍ഷകത്തിലുള്ള ഒരു കവിത അയച്ചുകൊടുക്കുയും ചെയ്തു. കവിതയുടെ തലക്കെട്ട് തന്നെ പുതുതായിട്ടിറങ്ങുന്ന മാസികക്ക് നാമമായി നിശ്ചയിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് 1938 ഏപ്രില്‍ മാസത്തില്‍ മൗലവി സയ്യിദ് ഹാറൂണ്‍ നദ്‌വിയുടെ പത്രാധിപത്യത്തില്‍ കേരളത്തിലെ പ്രഥമ ഉര്‍ദു മാസികയായി 'നാര്‍ജിലിസ്താന്‍' പുറത്തിറങ്ങിയത്.

ഉള്ളടക്കത്തിന്റെ
അച്ചടക്കം

നാര്‍ജിലിസ്താന്‍ എന്നപേരില്‍ കേരളത്തില്‍ നിന്ന് ഒരു ഉര്‍ദു മാസിക പ്രസിദ്ധീകരിക്കുന്ന വിവരമറിഞ്ഞ് അക്കാലത്തെ ഏറ്റവും പ്രശസ്തനായ ഉര്‍ദു കവി മൗലാന സീമാബ് അക്ബറാബാദി ഉര്‍ദുവില്‍ ഈരടി എഴുതി അയച്ചുകൊടുക്കുയുമുണ്ടായി. നാര്‍ജിലിസ്താന്റെ പുറംചട്ടയില്‍ 1931ല്‍ മൗലാന സഫര്‍ അലി ഖാന്‍ മലബാര്‍ സന്ദര്‍ശിച്ച സമയത്ത് ഉര്‍ദുവില്‍ രചിച്ച 'മലബാര്‍' എന്ന കവിതയിലെ ഈരടികളും സീമാബ് അക്ബറാബാദിയുടെ ഈരടികളും കൊടുത്തിരുന്നു. എല്ലാ ലക്കങ്ങളുടെയും പുറം ചട്ടയില്‍ ഇവയുണ്ടായിരുന്നു. ആ വരികള്‍ ഇങ്ങനെയായിരുന്നു.

'നാര്‍ജിലിസ്താന്‍ മെ നഖിലിസ്താന്‍ ബത്ഹാ കാ സമാ
ദേഖ്‌ന ഹൈ ഗര്‍ ഇന്‍ ആന്‍ഖോം
സെ തൊ മലബാര്‍ ചല്‍'
-മൗലാന സഫര്‍ അലി ഖാന്‍

(മക്കാ താഴ്‌വാരത്തിലെ മരുപ്പച്ച പോല്‍ കേരനാട്
വരൂ മലബാറിലേക്കതു കാണാന്‍ കൊതിക്കുകില്‍)

'വുസ്അത്തെ മില്‍ ജായേകി ഉര്‍ദു
കൊ ഇസ് മൈദാന്‍ മെ
ബാ സമര്‍ ഹോഗി ഏ കോശിശ്
നാര്‍ജിലിസ്താന്‍ മെ'
(സീമാബ് അക്ബറാസാദി)

(ഉര്‍ദുവിന്നുണര്‍വും ഉന്നമനവുമുണ്ടാകാന്‍ മനതാരിലാഗ്രഹമുണ്ടേല്‍
ലഭിക്കുമേ ഫലം കേരനാട്ടിലാ പരിശ്രമങ്ങള്‍ക്ക്)

34 പേജുള്ള ഈ മാസികയുടെ ഉള്ളടക്കം തുടങ്ങുന്നത് മൗലാന സഫര്‍ അലിഖാന്‍ രചിച്ച 'നാര്‍ജിലിസ്താന്‍' എന്ന കവിതയിലൂടെയാണ്. ശേഷം 'ഇര്‍ശാദാത്തെ ആലിയ' എന്ന ശീര്‍ഷകത്തിലുള്ള സീമാബ് അക്ബറാബാദിയുടെ കവിതയുമാണ്. അക്കാലത്തെ വളരെ പ്രശസ്തമായ 'ശായര്‍' ഉര്‍ദു മാസികയുടെ എഡിറ്ററും ഉടമസ്ഥനുമായിരുന്നു അദ്ദേഹം. 'ശായര്‍' ഇന്നും ബോംബെയില്‍ നിന്ന് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു.
'മഅ്‌റുസാത്ത്' എന്ന തലവാചകത്തോടെ എഡിറ്റര്‍ തന്റെ നിലപാട് പറയുന്നത് ഇങ്ങനെ 'മനുഷ്യര്‍ നല്ലത് ആഗ്രഹിച്ച് പ്രവര്‍ത്തിച്ചാല്‍ തീര്‍ച്ചയായും വിജയം കൈകളിലെത്തും. അതിന്റെ മികച്ച ഉദാഹരണമാണ് ഈ മാസിക. ചില രാഷ്ട്രീയ നേതാക്കള്‍ ബോധപൂര്‍വം ഭാഷയുടെ പേരില്‍, പ്രത്യേകിച്ച് ഉര്‍ദു-ഹിന്ദിയുടെ പേരില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നു. ആ വലയില്‍ നാം അകപ്പെടരുതേ. ഹിന്ദു-മുസ്‌ലിം ഒറ്റക്കെട്ടായിട്ടാണ് സ്വാതന്ത്ര്യപ്രാപ്തിക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടത്. ഹിന്ദു സഹോദരന്മാര്‍ ജ്യേഷ്ഠ സഹോദരന്മാരാണ്. മുസ്‌ലിംകള്‍ അനിയന്മാര്‍, അവര്‍ ചെറിയ സഹോദരങ്ങളാണ്. ഉര്‍ദു, ഹിന്ദി, രണ്ട് കൂട്ടരുടെയും ഭാഷയാണ്. രണ്ട് ഭാഷയും കൂട്ടിച്ചേര്‍ത്ത് 'ഹിന്ദുസ്താനി' എന്ന് നാമം നല്‍കി ഐക്യത്തോടെ മുന്നോട്ടുപോവാം.


ഇവിടെ പലയിടത്തും ഉര്‍ദു പഠിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് കാണാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മലബാറില്‍ ഒരു ഉര്‍ദു മാസിക കൂടി പ്രസിദ്ധീകരിച്ച് ഉര്‍ദുവിന് ഇനിയും പുരോഗതി ഉണ്ടാക്കേണ്ടതുണ്ട്. മലബാറില്‍ നിന്ന് ഒരു ഉര്‍ദു മാസിക പലരുടെയും സ്വപ്‌നമാണ്. ഇങ്ങനെ ഒരു മാസിക പ്രസിദ്ധീകരിക്കാന്‍ ധാരാളം പേര്‍ നിര്‍ബന്ധിച്ചിരുന്നു. അത്തരമൊരവസ്ഥയില്‍ നിന്നാണ് ഇത് പ്രസിദ്ധീകരിക്കുന്നത്'.
സുദീര്‍ഘമായ എഡിറ്റോറിയലില്‍ സൃഷ്ടികള്‍ അയച്ചുതന്ന പ്രമുഖരുടെ പേരെടുത്ത് പറഞ്ഞ് നന്ദിയും കടപ്പാടും അറിയിക്കുന്നുണ്ട്. നാര്‍ജിലിസ്താന്‍ എന്ന തലക്കെട്ടിലുള്ള അബ്ദുല്‍ കരീം സേട്ട് അഖ്തറിന്റെ ലേഖനത്തില്‍ കേരളനാടിന്റെ അന്നത്തെ അവസ്ഥയും ഭാഷാപരമായ പ്രത്യേകതകളും ടിപ്പു സുല്‍ത്താന്റെ മലബാര്‍ പടയോട്ടവും അത് ഉര്‍ദുവിന്റെ വികാസത്തിന് ഹേതുവായതും എല്ലാം പരാമര്‍ശിക്കുന്നുണ്ട്. മലബാറിലുള്ളവര്‍ ഇനി ഉര്‍ദു ഭാഷയില്‍ അജ്ഞര്‍ ആയിരിക്കുക എന്നത് ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ കഴിയില്ല. മാതൃഭാഷ മലയാളമായിക്കൊണ്ടുതന്നെ ഉര്‍ദുവില്‍ നല്ല വിജ്ഞാനം നേടി ഭാരത്തിന്റെ പൊതുധാരയില്‍ എത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു.


1935 ഓഗസ്റ്റ് അഞ്ചിന് ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 'അല്‍ ജംഇയ്യത്ത്' ഉര്‍ദു വാരികയില്‍ 'മലബാറും ഉര്‍ദു ഭാഷയും' എന്ന ശീര്‍ഷകത്തില്‍ അദ്ദേഹം ലേഖനമെഴുതിയതും ഇവിടെ പരാമര്‍ശിക്കുന്നുണ്ട്. അബ്ദുല്‍ കരീം അഖ്തറിന്റെ ഈ ലേഖനം കേരളത്തിലെ ഉര്‍ദുഭാഷാ സ്വാധീനത്തെ സംബന്ധിച്ച ചരിത്രരേഖയാണ്. കേരളത്തില്‍ ഉര്‍ദു പ്രസ് ഇല്ലാത്തതും മദിരാശിയില്‍ പോയി അച്ചടിച്ച് കൊണ്ടുവരുന്ന പ്രയാസവും ഇതില്‍ പറയുന്നുണ്ട്. വെറും മൂന്ന് പേജ് മാത്രമുള്ള ഈ ലേഖനം ചരിത്രരേഖ തന്നെയാണ്.

ഗവേഷണ
ലേഖനങ്ങള്‍

ലണ്ടനില്‍ നിന്ന് ഉര്‍ദു ഭാഷയെക്കുറിച്ച് പി.എച്ച്.ഡി കരസ്ഥമാക്കിയ പ്രശസ്ത ഗവേഷകനായ ഹൈദരാബാദിലെ ഡോ. സയ്യിദ് മൊഹിയുദ്ദീന്‍ ഖാദറി സോര്‍ തയ്യാറാക്കിയ പഠനാര്‍ഹമായ ലേഖനവും മാസികയെ കനപ്പെട്ടതാക്കിയിട്ടുണ്ട്. 'ഉര്‍ദു ഹിന്ദി ഔര്‍ ഹിന്ദുസ്താന്‍ കി ദൂസരി സബാനെ' എന്ന ലേഖനം ഇന്ത്യന്‍ ഭാഷകളും ഉര്‍ദുവും ഹിന്ദിയും തമ്മിലുള്ള താരതമ്യപഠനമാണ്. ഭാഷയെ വര്‍ഗീയവത്കരിക്കുന്ന സമകാലിക സാഹചര്യത്തില്‍ സോറിന്റെ ഈ ഗവേഷണപ്രധാനമായ ലേഖനം എല്ലാ അര്‍ഥത്തിലും പ്രസക്തമാണ്. അഞ്ച് പേജ് മാത്രമുള്ള ഈ ലേഖനം ബൃഹത്തായ ഒരു വലിയ ഗ്രന്ഥം വായിക്കുന്നതിന് സമാനമാണ്. സീമാബ് അക്ബറാബാദിയുടെ 'ഹമാരി ദര്‍സ് ഗാഹേ ഔര്‍ ശായരി' (നമ്മുടെ പാഠശാലയില്‍ കവിത പഠനവും) എന്ന ലേഖനമാണ് മറ്റൊന്ന്. അധ്യാപകര്‍ക്കും പഠിതാക്കള്‍ക്കും ഒരുപോലെ ഉപകാരപ്രദമായതും സവിസ്തരം പറയേണ്ടതുമായ ഗഹനമായ സംഭവത്തെ മൂന്ന് പേജില്‍ ഒതുക്കിത്തീര്‍ക്കുകയാണ് ലേഖകന്‍ ചെയ്തത്.


ഹൈദരാബാദിലെ റശ്ദി അല്‍ഖാദ്രിയുടെ 'ദീന്‍ ഫിത്തറത്ത് ഔര്‍ ഫല്‍സഫ ഏ ഇത്തിഹാദ്', കല്‍ക്കത്തയിലെ ജമീല ബേഗത്തിന്റെ 'ഇസ്‌ലാം കി രവാദാരി', ബെംഗളൂരുവിലെ അബൂബക്കര്‍ ഹാശിമിന്റെ 'സിത്താര ഏ സഹര്‍' തുടങ്ങിയ ലേഖനങ്ങളും മാസികയെ മികവുറ്റതാക്കിയിരുന്നു. കൂടാതെ രഘുവിന്തര്‍ റാവുവിന്റെ റുബായിയാത്ത്, മാഹിറുല്‍ ഖാദറി, നൂഹ് നാര്‍വി, ഇജാസ് സിദ്ദീഖിയുടെ ഗസലുകള്‍, മഹ്‌വി സിദ്ദീഖിയുടെ 'ബാഖി', എം.എ സാബിറിന്റെ 'ചാന്ത് ഔര്‍ ശായര്‍', മൗലാന സയ്യിദ് ദില്‍ദാര്‍ അലിയുടെ 'കബ് തക്ക്' എന്നീ രചയിതാക്കളും സൃഷ്ടികളും മാസികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
അവസാന ഭാഗത്ത് മലബാറില്‍ നിന്ന് പ്രസിദ്ധീകൃതമാകുന്ന ഉര്‍ദു മാസികക്കുള്ള പ്രമുഖരുടെ ആശംസകളും അഭിനന്ദനങ്ങളുമാണ്. ഇതില്‍ കെയ്‌റോ അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെ ചരിത്രവിഭാഗത്തിലെ ഡോ. മുജ്തബ ഹസന്‍ കാമുന്‍പൂരി, അമ്പാലയിലെ സയ്യിദ് ഗുലാം (എഡിറ്റര്‍, നൈറംഗ്), 'ശായര്‍'ന്റെ എഡിറ്റര്‍ സീമാബ് അക്ബറാബാദി എന്നിവരുടെ കത്തുകള്‍ ശ്രദ്ധേയമാണ്.


മദിരാശിയിലെ മൗണ്ട് റോഡിലുള്ള അസ്ഗര്‍ ഹുസൈന്‍ സിദ്ദീഖിയുടെ ഹഖാനി പ്രസില്‍ അച്ചടിച്ചിട്ടാണ് അബ്ദുല്‍ കരീം സേട്ട് മാസിക മലബാറിലേക്ക് എത്തിച്ചിരുന്നത്. ഒരു ലക്കത്തിന്റെ വില നാലണയായിരുന്നു (25 പൈസ). വാര്‍ഷിക വരിസംഖ്യ രണ്ടര രൂപ.
1938 മെയ് മാസത്തില്‍ പുറത്തിറങ്ങിയ നാര്‍ജിലിസ്താന്റെ രണ്ടാം ലക്കത്തിലെ ശ്രദ്ധേയമായ ലേഖനം ആഗോള പ്രശസ്തനും ഹൈദരാബാദിലെ വിശ്രുത പണ്ഡിതനുമായിരുന്ന മൗലവി ഹമീദുല്ല സാഹിബിന്റെതായിരുന്നു. അദ്ദേഹം 'താരീഖ് ഹിന്ദ് മെ മലബാര്‍ കി അഹ്മിയത്ത്' (ഇന്ത്യാ ചരിത്രത്തില്‍ മലബാറിന്റെ പ്രധാന്യം) എന്ന പേരിലാണ് ലേഖനമെഴുതിയത്. മലബാറിന്റെ ചരിത്രം വിശദമായി പറയുന്ന ലേഖനം ഭാഷയുടെ ഉല്‍പത്തിയെ സംബന്ധിച്ചാണ് ഊന്നിപ്പറയുന്നത്. ഹിന്ദു-മുസ്‌ലിം സമുദായ സംഗമത്തില്‍ നിന്നാണ് ഉര്‍ദു ഭാഷയുടെ പിറവിയെന്നാണ് ലേഖനം സമര്‍ഥിക്കുന്നത്. ഇന്ത്യയിലാദ്യമായി ഹിന്ദു- മുസ്‌ലിം കൂടിച്ചേരല്‍ നടന്നത് മലബാറിലാണെന്നും ഭാഷാപരമായി മലബാര്‍ നല്‍കിയ സംഭാവനകളെ ഗവേഷണ തല്‍പരതയോടെ സമീപിക്കണമെന്നും ലേഖകന്‍ അഭിപ്രായപ്പെടുന്നു. അബ്ദുല്‍ സുബ്ഹാന്‍ ആസ്മി, ഗുലാം മൊയ്‌നുദ്ദീന്‍ തുടങ്ങിയവരുടെ ലേഖനങ്ങളും മാസികയിലുണ്ട്.

മലയാളികള്‍ക്കിടയിലെ
ഉര്‍ദു മാസിക

മാസികയുടെ മാനേജര്‍ അബ്ദുല്‍ കരീം സേട്ട് അഖ്തര്‍ 'മഅ്‌റുസാത്ത്' എന്ന തലക്കെട്ടില്‍ തനിക്ക് പറയാനുള്ള കോളത്തില്‍ മലയാളികള്‍ 'നാര്‍ജിലിസ്താ'നോട് കാണിക്കുന്ന താല്‍പര്യത്തെക്കുറിച്ചും ഉര്‍ദു ഭാഷയോടുള്ള അടുപ്പത്തെകുറിച്ചും വിവരിക്കുന്നുണ്ട്. ഉര്‍ദു ഭാഷയുമായി ഒരു ബന്ധവുമില്ലാത്ത ഈ മണ്ണില്‍ നിന്ന് ഉര്‍ദു മാസിക പ്രസിദ്ധീകരിച്ച അനുഭവവും അതിന്റെ വിജയവും വായനക്കാരുമായി അദ്ദേഹം ഇവിടെ പങ്കുവയ്ക്കുന്നു.


എഡിറ്റര്‍ മൗലവി സയ്യിദ് ഹാറൂണ്‍ നദ്‌വി അസുഖം ബാധിച്ച് കിടപ്പിലായതിനാല്‍ നേരിടേണ്ടി വന്ന പ്രയാസങ്ങള്‍ അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. ഹൈദരാബാദുകാരനായ ഹാറൂണ്‍ നദ്‌വി രോഗബാധിതതനായതിനാല്‍ നാട്ടില്‍ പോയതുകൊണ്ടാണ് തനിക്ക് എല്ലാ കാര്യങ്ങളും നിര്‍വഹിക്കേണ്ടി വന്നതെന്ന് വായനക്കാരെ അബ്ദുല്‍ കരീം സേട്ട് അഖ്തര്‍ അറിയിക്കുന്നു. കൂടാതെ മദ്രാസില്‍ പോയി മാസിക പ്രിന്റ് ചെയ്ത് കൊണ്ടുവരേണ്ട പ്രയാസവും സൂചിപ്പിക്കുന്നു. മദ്രാസ് യാത്രക്കിടയില്‍ പാവപ്പെട്ടവരും കൂലിപ്പണിക്കാരുമായി ഒട്ടേറെ സാധാരണക്കാരെ കണ്ടുമുട്ടുന്നതും വായിക്കാന്‍ ഒരവസരവും ലഭിക്കാതെ അവര്‍ പ്രയാസപ്പെട്ടിരുന്നതും വായനശാലയിലോ മറ്റോ പോകാന്‍ കഴിയാത്ത സങ്കടമെല്ലാം ഈ ഭാഗത്ത് അദ്ദേഹം വിവരിക്കുന്നു.


ഇതൊടൊപ്പം ഈ ലക്കത്തില്‍ അബ്ദുല്‍ വാഹിദ് ഭണ്ടാര്‍വിയുടെ നാഅ്ത്ത്, ഖര്‍മാന്‍ ഖൈര്‍ആസാദ്, റശ്ദി അല്‍ഖാദ്രി എന്നിവരുടെ ഗസലുകളും അര്‍ശദ് തൈമൂരി, ചൗധരി മുഹമ്മദ് മുസ്തഫ, മാഹിറൂല്‍ ഖാദരി, എന്നിവരുടെ കവിതകളുമുണ്ട്. 'കവല്‍' എന്ന പേരുള്ള ചെറുകഥ മുഹമ്മദ് അബ്ദുല്‍ വാസിഅ് ചിക്ക്മംഗ്ലൂരിയുടേതാണ്. കാവ്യരൂപത്തിലുള്ള ഡല്‍ഹി യാത്രാ വിവരണം എഴുതി ഉര്‍ദു കവി രഘുവിന്തര്‍ റാവു മാസികയെ മനോഹരമാക്കിയിട്ടുണ്ട്.
നാര്‍ജിലിസ്താന്റെ മൂന്നും നാലും ലക്കങ്ങള്‍ ഒരുമിച്ചാണ് പുറത്തിറങ്ങിയത്. 1938 ജൂണില്‍ പ്രസിദ്ധീകരിക്കേണ്ടിയിരുന്ന ലക്കവും ചേര്‍ത്ത് ജൂലൈയില്‍ ഒറ്റപ്പതിപ്പായി ഇറക്കുകയായിരുന്നു. അച്ചടി പൂര്‍ത്തിയാക്കി വായനക്കാരിലേക്ക് എത്തിക്കേണ്ടി വരുന്ന സങ്കീര്‍ണതയും പ്രയാസവും കാരണമാണ് അങ്ങനെ വന്നതെന്ന് അബ്ദുല്‍ കരീം സേട്ട് അഖ്തര്‍ വായനക്കാരെ അറിയിക്കുന്നുണ്ട്. പത്രാധിപരുടെ രോഗവും മറ്റൊരു പ്രയാസമാണെന്ന് വിഷമത്തോടെ കുറിക്കുന്നു.
അയ്യൂബ് സേട്ട് സാബിറിന്റെ നാഅ്ത്ത് (പ്രവാചക പ്രകീര്‍ത്തനം) കൊണ്ട് ആരംഭിക്കുന്ന ഈ ലക്കത്തില്‍ മുഹമ്മദ് ഇസ്ഹാഖ് യാക്കൂബിന്റെ 'മുശായിറ' മുഹമ്മദ് അബ്ദുല്‍ വസിയുടെ 'സസ്തസൗദ' ഫസീഹു നിസയുടെ 'ഇന്‍സാനി ഹംദര്‍ദി' അബ്ദുല്‍ കരീം സേട്ട് അഖ്ത്തറിന്റെ 'മൗത്ത്' എന്നീ ചെറുകഥകള്‍ കൊണ്ടും ഈ ലക്കം സമ്പുഷ്ടമാണ്. ലേഖനങ്ങളില്‍ മൗലവി മുസതഫഖാന്റെ 'ജുനൂബി ഹിന്ദ് മെ ഇശാഅത്തെ ഇസ്‌ലാം കി തബ്ലീഗ്' (ദക്ഷിണ ഭാരതത്തില്‍ ഇസ്‌ലാമിന്റെ പ്രചരണം) എന്ന ഗവേഷണ പ്രബന്ധം ശ്രദ്ധേയമാണ്. മലബാറിനെ മുന്‍ നിര്‍ത്തിയുള്ള ഗഹനമായ പഠനമാണിത്. മറ്റൊന്ന് മുഹമ്മദ് ഇസ്മായിലിന്റെ 'ഉര്‍ദു സെ ഖിത്താബ്' നിസാമുദ്ദീന്റെ 'ഗുറൂറെ ബേജ' എന്നിവയാണ്.


ജൂലൈ ലക്കം നാര്‍ജിലിസ്താന്റെ മറ്റൊരു പ്രത്യേകത ഒരു മലയാളിയുടെ ഉര്‍ദു ലേഖനം പ്രസിദ്ധീകരിച്ചു എന്നതായിരുന്നു. ഇത് ആദ്യത്തെ സംഭവമായിരുന്നു. കണ്ണൂരിലെ അറിയപ്പെടുന്ന മലയാളി ഉര്‍ദു പണ്ഡിതന്‍ എം. അബൂബക്കര്‍ മുന്‍ഷി ഫാസിലിന്റെ 'കോശിശ് ഔര്‍ കാമിയാബി' (പരിശ്രമവും വിയജവും) എന്ന പേരിലുള്ള ലേഖനമായിരുന്നു ഇത്. അല്ലാമാ ഇഖ്ബാലിന്റെയും അഫ്‌സര്‍ മേര്‍ട്ടിയുടെയും മറ്റു ഉര്‍ദു കവികളുടെയും ഈടരികളാല്‍ സമ്പന്നമായ ഈ ലേഖനം രണ്ട് പേജിലാണ് നല്‍കിയിട്ടുള്ളത്.

അല്ലാമാ
ഇഖ്ബാലിനായുള്ള പ്രാര്‍ഥന

വിശ്വമഹാകവി ഡോ. സര്‍ മുഹമ്മദ് അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ മരണ (21 ഏപ്രില്‍ 1938) ത്തോടനുബന്ധിച്ച് കേരളത്തിലെ മസ്ജിദുകളില്‍ നടന്ന പ്രാര്‍ഥനയെ കുറിച്ചാണ് മറ്റൊരു ലേഖനം. കൊച്ചിയിലെ മൗലവി അബ്ദുല്ല എമാനി 'ദുആ' (പ്രാര്‍ത്ഥന) എന്ന നാമത്തില്‍ ഉര്‍ദുവില്‍ എഴുതിത്തയ്യാറാക്കിയ പ്രാര്‍ഥന എല്ലാ മസ്ജിദുകളിലും വിതരണം ചെയ്തിരുന്നു. കൊച്ചിയിലെ കച്ചിമേമന്‍ ജുമാമസ്ജിദില്‍ എ.ആര്‍ സേട്ട് (മുന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധ്യക്ഷന്‍) പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു ഈ പ്രാര്‍ഥന വായിച്ചത്. തലശ്ശേരിയിലെ മസ്ജിദുകളിലും ഈ പ്രാര്‍ഥനാ കുറിപ്പ് എത്തിയിരുന്നു. ഒന്നര പേജ് വരുന്ന ഈ പ്രാര്‍ഥനാ കുറിപ്പിന് മുന്‍പ് മാനേജരുടെ ആമുഖത്തില്‍ ഇങ്ങനെ പറയുന്നു:
'കൊച്ചിക്കാര്‍ക്കും മലബാറുകാര്‍ക്കും ഇഖ്ബാലിനോടുള്ള മാനസികമായ ബന്ധവും സ്‌നേഹവും അബ്ദുല്ല എമാനിയുടെ താഴെ കൊടുത്തിട്ടുള്ള പ്രാര്‍ഥനാ കുറിപ്പ് വായിച്ചാല്‍ എല്ലാവര്‍ക്കും മനസിലാക്കാന്‍ സാധിക്കും'.


ഇവ കൂടാതെ അബ്ദുല്‍ കരീം സേട്ട് അഖ്തര്‍, അഖ്തര്‍ ഹൈദരാബാദി, മൊയിനുദ്ദീന്‍ സിദ്ദീഖി, ഹസനുല്‍ കലാം, എന്നിവരുടെ ഗസലുകളും മഹ്മൂദ് അലിഖാന്‍, മാഹിര്‍ അക്ബറാബാദി, മൗലാന അബ്ദുസലാം, മൗലാന റാഷിദല്‍ ഖാദറി, മുഹമ്മദ് അബ്ദുല്‍ അസീം, മസീഹ് നഖ്‌വി, എന്നിവരുടെ കവിതകളും ഈ ലക്കത്തെ വിഭവസമൃദ്ധമാക്കുന്നു. എന്നാല്‍ ഇതിനുശേഷം പല കാരണങ്ങളാല്‍ 'നാര്‍ജിലിസ്താന്‍' പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല എന്നത് ദുഃഖ സത്യമാണ്.
സ്വാതന്ത്ര്യലബ്ധിയോടെ കേരളത്തില്‍ നിറംമങ്ങിയ ഉര്‍ദുവിന്റെ പ്രതാപം വീണ്ടെടുക്കാന്‍ എസ്.എം സര്‍വര്‍, വളപട്ടണം അബ്ദുല്ല, ഇസ്ഹാഖ് ഫഖീര്‍ സാഹിബ്, എന്നിവര്‍ നടത്തിയ ശ്രമങ്ങള്‍ വലിയതോതില്‍ ഫലം കാണുകയായിരുന്നു. ഉര്‍ദു ഭാഷ കേരളത്തില്‍ ക്രമാനുഗതമായി വികാസം നേടിക്കൊണ്ടിരുന്നു.
1984 മുതല്‍ കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്റെ മുഖപത്രമായ 'ഉര്‍ദു ബുള്ളറ്റിന്‍' ത്രൈമാസികയായി ആരംഭിച്ചു. 1988ല്‍ തലശ്ശേരില്‍ നിന്ന് ഇസ്ഹാഖ് ഫഖീര്‍ സാഹിബ് 'നാര്‍ജിലിസ്താന്‍' പുനരാരംഭിച്ചു. 1993ല്‍ ചേന്ദമംഗലൂരില്‍ നിന്ന് കെ.ടി.സി. ബീരാന്റെ നേതൃത്വത്തില്‍ 'മലബാരി ആവാസ്' എന്ന പേരില്‍ ദ്വൈവാരിക ആരംഭിച്ചു. 2014 മുതല്‍ കോഴിക്കോട് ഇസ്‌ലാമിക് എജ്യുക്കേഷന്‍ ബോര്‍ഡിന് കീഴില്‍ 'താലീമി ദുനിയ' യും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് 2018 മുതല്‍ 'പയാമെ ഹുദ' ത്രൈമാസികയും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു.


1938ല്‍ തലശ്ശേരിയില്‍ നിന്നാരംഭിച്ച 'നാര്‍ജിലിസ്താന്‍' കേരളക്കരയിലെ ഉര്‍ദു വളര്‍ച്ചക്ക് വലിയ പ്രചോദനമാണ് നല്‍കിയത്. അതു പകര്‍ന്ന ഗതിവേഗത്തിലാണ് കേരളത്തില്‍ നിന്ന് ഇന്നും ഉര്‍ദു ആനുകാലികങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  16 minutes ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  an hour ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  an hour ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  an hour ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 hours ago