പാസ്‌പോര്‍ട്ട് സേവ വെബ്സൈറ്റ് പണിമുടക്കിയിട്ട് ദിവസങ്ങൾ; വിദേശ യാത്രകള്‍ക്ക് പ്രതിസന്ധി
പി.വി.എസ് ഷിഹാബ്
പാലക്കാട് • പാസ്‌പോര്‍ട്ട് അപേക്ഷകള്‍ക്കും പുതുക്കുന്നതിനുമുള്ള പാസ്‌പോര്‍ട്ട് സേവ വെബ്സൈറ്റ് പണിമുടക്കിയിട്ട് ദിവസങ്ങളായി. അപേക്ഷകരും ട്രാവല്‍ ഏജന്‍സികളും പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് ആശ്രയിക്കുന്ന www.passportindia.gov.in എന്ന വെബ്‌സൈറ്റിന്റെ പ്രവർത്തനമാണ് അഞ്ച് ദിവസമായി തടസ്സപ്പെട്ടത്. ഹോം പേജും നിര്‍ദേശങ്ങളും ചിത്രങ്ങളും ഉള്‍പ്പെട്ട മറ്റു പേജുകളും പ്രവര്‍ത്തനക്ഷമമാണെങ്കിലും സേവനങ്ങളുടെ ലിങ്കുകളിലേക്ക് പ്രവേശിക്കുമ്പോള്‍ സാങ്കേതിക തകരാര്‍ സൂചിപ്പിക്കുന്ന സന്ദേശമാണ് വരുന്നത്.
അടുത്ത ദിവസങ്ങളിലായി വിദേശയാത്രക്കായി തയാറെടുത്തവരില്‍ പലരേയും ഇത് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പാസ്‌പോര്‍ട്ട് പുതുക്കാനും പേര്, വിലാസം എന്നിവയിലെ തെറ്റുകള്‍ തിരുത്താനും സാധിക്കാത്തതിനാൽ ജോലി തന്നെ നഷ്ടമാകുന്ന അവസ്ഥയിലായ പ്രവാസികളും ഏറെയാണ്. വിസ കാലാവധിയുണ്ടെങ്കിലും കാലാവധി അവസാനിക്കാറായ പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്യാനാവില്ല. ഇവരെ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയക്കുകയാണ് ചെയ്യുന്നത്.
പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലൂടെയും പോസ്റ്റ് ഓഫിസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലൂടെയും സേവനങ്ങള്‍ പുനരാരംഭിച്ചതായി വെബ്‌സൈറ്റില്‍ സന്ദേശമുണ്ട്. എന്നാല്‍ ഈ സംവിധാനങ്ങള്‍ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ക്ക് അപേക്ഷിച്ചാല്‍ ഏറെ കാലതാമസമെടുക്കുമെന്നത് പ്രതിസന്ധിക്ക് കാരണമാകുന്നു.
സംസ്ഥാനത്തെ പല ഉംറ സര്‍വിസുകള്‍ക്കും പാസ്‌പോര്‍ട്ട് സേവ വെബ്‌സൈറ്റ് തകരാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിക്കുന്നുണ്ട്.
ഉംറക്കായി ബുക്ക് ചെയ്തവരുടെ പാസ്‌പോര്‍ട്ടുകള്‍ പലതും പുതുക്കേണ്ടവയോ പേര്, വിലാസം തിരുത്തേണ്ടവയോ ആണ്. ഇത് സാധ്യമാകാത്തതിനാല്‍ യാത്ര മുടങ്ങുകയും വിമാന ടിക്കറ്റ് റദ്ദ് ചെയ്ത ഇനത്തില്‍ വലിയ നഷ്ടം സംഭവിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."