ഭാരത് ജോഡോ യാത്ര ഇന്ന് കേരളം വിടും; പിന്നിട്ടത് 466 കിലോമീറ്റർ
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം •ആവേശത്തിമിർപ്പിൽ ഭാരത് ജോഡോ യാത്ര ഇന്ന് കേരളം വിടും. ഇന്നലെ യാത്ര രാഹുൽ ഗാന്ധിയുടെ വയനാട് മണ്ഡലത്തിൽ ഉൾപ്പെടുന്ന മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് കാക്കത്തോട് പാലത്തിങ്ങൽ എത്തിയിരുന്നു.
പിന്നീട് വണ്ടൂർ വരെയും വൈകിട്ട് നിലമ്പൂർ വരെയുമായിരുന്നു യാത്ര. ഇന്നുരാവിലെ നിലമ്പൂർ ചുങ്കത്തറിയിൽനിന്ന് ആരംഭിച്ച് മണിമുളിയിൽ അവസാനിക്കുന്നതോടെ പദയാത്രയുടെ കേരള പര്യടനം പൂർത്തിയാവും. പിന്നീട് നാടുകാണി വഴി ഗൂഡല്ലൂരിലൂടെ കർണാടകയിലേക്ക് കടക്കും.
11നാണ് ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചത്. ദിനേന ശരാശരി 22 കിലോമീറ്ററുകൾ നടന്ന് ഇതുവരെ 466 കിലോമീറ്റർ പിന്നിട്ടാണ് യാത്ര നിലമ്പൂരിലെത്തിയതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം ജയ്റാം രമേശ് പറഞ്ഞു. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്രക്ക് തുടക്കം മുതൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജോഡോ യാത്രകൾ പുരോഗമിച്ചുവരികയാണ്. കാശ്മിരിലെത്തുന്നതോടെ പദയാത്ര ഇന്ത്യയിൽ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നരേന്ദ്ര മോദിയുടെ മൻകി ബാത്തല്ല. ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിൽ കണ്ടും കേട്ടും നടത്തുന്ന ജനമൈത്രീ യാത്രയാണിത്. മോഡിയുടെ ബി.ജെ.പി യൂണിഫോമിറ്റിയാണ് ആവശ്യപ്പെടുന്നത്. എന്നാൽ കോൺഗ്രസ് ആഗ്രഹിക്കുന്നത് യൂണിറ്റിയാണെന്നും ജയ്റാം രമേശ് പറഞ്ഞു.
കേരളത്തിൽ യു.ഡി.എഫ് ഘടകകക്ഷികളായ മുസ്‌ലിം ലീഗ്, സി.എം.പി, ആർ.എസ്.പി സംഘടനകളും, മത്സ്യത്തൊഴിലാളികൾ, വിമുക്തഭടന്മാർ, തൊഴിലുറപ്പ് തൊഴിലാളികൾ, കശുവണ്ടി തൊഴിലാളികൾ, സംരംഭകർ, ബിസിനസുകാർ, കർഷകർ, അസംഘടിത തൊഴിലാളികൾ, തൊഴിലാളി യൂനിയനുകൾ, ആദിവാസികൾ, ദലിതർ തുടങ്ങി വിവിധ മേഖലകളിലുള്ളവരുമായും രാഹുൽ ഗാന്ധി യാത്രക്കിടെ സംവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."