മുട്ടില്‍ മരംകൊള്ള ; എന്‍.ടി സാജനെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ
തിരുവനന്തപുരം: മുട്ടില്‍ മരംമുറി വിവാദത്തില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജനെ സസ്പെന്‍ഡ് ചെയ്യാനാണ് വനംവകുപ്പ് ചീഫ് സെക്രട്ടറിയ്ക്ക് ശുപാര്‍ശ കൈമാറിയത്. അന്വേഷണം വഴി തെറ്റിക്കാന്‍ സാജന് ശ്രമിച്ചതായും മുറിച്ച മരങ്ങള്‍ പിടിച്ചെടുത്ത ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കുടുക്കാന്‍ ശ്രമിച്ചതായുമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
സി.സി.എഫിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ സാജന് അടക്കമുള്ള ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നു നേരത്തേ കണ്ടെത്തിയിരുന്നു. വനം മാഫിയയ്ക്കായി വഴിവിട്ട സഹായങ്ങള്‍ ചെയ്യാനും കേസന്വേഷണം ശരിയായി നടത്തിയ ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കാനും ശ്രമിച്ചതായാണ് കണ്ടെത്തിയത്. ശുപാര്‍ശ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയ്ക്ക് കൈമാറി.
15 കോടി രൂപയുടെ മരംകൊള്ള കണ്ടുപിടിച്ച സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത് കുമാര്‍, മേപ്പാടി ഫോറസ്റ്റ് ഓഫിസര്‍ എം.കെ സമീര്‍, ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ കെ.പി അഭിലാഷ് എന്നിവരെ കള്ളക്കേസില്‍ കുരുക്കി പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചെന്നാണ് ഡി.എഫ്.ഒയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. അതിനുവേണ്ടി മേപ്പാടി റേഞ്ച് ഓഫിസറുടെ താല്‍ക്കാലിക ഡ്രൈവറെ ഭീഷണിപ്പെടുത്തി കള്ളമൊഴി കൊടുപ്പിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
സാജനു നേരെ സമാനമായ ആരോപണങ്ങള്‍ നേരത്തേയും ഉണ്ടായിരുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കാസര്‍കോട് റേഞ്ച് ഓഫിസറായിരിക്കെ നടന്ന അന്വേഷണത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചന്ദന ഫാക്ടറികള്‍ക്ക് വഴിവിട്ട സഹായം നല്‍കിയെന്ന് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."