കാസര്‍കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
കാസര്‍കോട്: കുമ്പളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങ്ങിന് ഇരയാക്കിയ പരാതിയില്‍ വിദ്യാഭ്യാസ മന്ത്രി വ ശിവന് കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂര്‍ ആര്.ഡി.ഡിയെ ചുമതലപ്പെടുത്തി. അംഗടിമുഗര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് റാഗിങ്ങിനിരയായതായി പരാതി നല്‍കിയത്.
ചൊവ്വാഴ്ച വൈകിട്ടോടെ സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങാന്‍ ബസ് സ്റ്റോപ്പില്‍ എത്തിയപ്പോഴാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തത്.
ബസ് സ്റ്റോപ്പില്‍ തടഞ്ഞുവെച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്യുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സാങ്കല്‍പ്പികമായി മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു റാഗിങ്. എന്നാല്‍ കുട്ടി വിസമ്മതിച്ചതോടെ മുഖത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തി.
സംഭവം കഴിഞ്ഞതിനു പിന്നാലെ വിദ്യാര്‍ത്ഥി പൊലിസ് പരാതി നല്‍കിയിരുന്നു. അന്വേഷണം ആരംഭിച്ച കുമ്പള പൊലിസ് ഇരു കൂട്ടരെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. റാഗ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്കൂളിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."