അനസിന് രണ്ടാമൂഴം
യു.എച്ച് സിദ്ദീഖ്
400 മീറ്ററില്‍ ഏഷ്യന്‍ അത്‌ലറ്റിക് ട്രാക്കിലെ തിളക്കമുള്ള താരമാണ് മുഹമ്മദ് അനസ് യഹിയ. കൊല്ലം ജില്ലയിലെ നിലമേല്‍ എന്ന ഗ്രാമത്തില്‍ നിന്നും തുടങ്ങിയ അനസിന്റെ കുതിപ്പ് 2016 റിയോ പിന്നിട്ടു ടോക്കിയോ ഒളിംപിക്‌സ് ട്രാക്കിലേക്ക് എത്തിനില്‍ക്കുന്നു. കരിയറിലെ രണ്ടാം ഒളിംപിക്‌സില്‍ 4-400 മീറ്റര്‍ മിക്‌സഡ് റിലേയിലും 4-400 റിലേയിലും ''നിലമേല്‍ എക്‌സ്പ്രസ്'' ബാറ്റണേന്തും.
രാജ്യത്തെ ഏറ്റവും മികച്ച 400 മീറ്റര്‍ ഓട്ടക്കാരനാണ് അനസ്. അത്‌ലറ്റിക്‌സിലെ ഇന്ത്യന്‍ ഇതിഹാസം മില്‍ഖ സിങിനും കെ.എം ബിനുവിനും ശേഷം ഒളിംപിക് ട്രാക്കിലെത്തിയ 400 മീറ്ററിലെ ഏകതാരം. റിയോയില്‍ 400 മീറ്ററിലും 4-400 മീറ്റര്‍ റിലേയിലും അനസ് ട്രാക്കിലിറങ്ങി. ഇത്തവണ ഒറ്റലാപ്പിലെ രണ്ടു റിലേകളാണ് ലക്ഷ്യം. നിലമേല്‍ എം.എം.എസ് സ്‌കൂളിലെ പഠനത്തിനിടെയാണ് അനസ് അത്‌ലറ്റിക്‌സിന്റെ ട്രാക്കിലേക്ക് വരുന്നത്. 400 മീറ്ററിലും ലോങ്ജംപിലും മാറ്റുരച്ചു. നിലമേല്‍ ''സ്‌റ്റൈല്‍'' സ്‌പോര്‍ട്‌സ് അക്കാദമിയിലെ അന്‍സര്‍ ആയിരുന്നു കായിക രംഗത്തെ വഴികാട്ടിയും പരിശീലകനും. കോതമംഗലം മാര്‍ബേസിലില്‍ എത്തിയതോടെ 400 മീറ്ററില്‍ മാത്രമായി പരിശീലനവും പോരാട്ടവും. സ്‌കൂള്‍ കായിക ചാംപ്യന്‍ഷിപ്പുകളില്‍ മെഡല്‍ നേട്ടങ്ങളുമായി അനസ് കുതിപ്പ് തുടര്‍ന്നു. ഒരാഴ്ചയുടെ ഇടവേളയില്‍ 400 മീറ്ററിലെ ദേശീയ റെക്കോര്‍ഡ് രണ്ടു തവണ തിരുത്തി. റിയോ ഒളിംപിക്‌സ് 400 മീറ്റര്‍ ഹീറ്റ്‌സില്‍ 45.95 സെക്കന്‍ഡില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ആദ്യ ഒളിംപിക്‌സ് സമ്മര്‍ദ്ദങ്ങളുടേതായിരുന്നു. രാജ്യാന്തര ട്രാക്കുകളില്‍ നിന്ന് നേടിയ പരിചയ സമ്പത്തിന്റെ കരുത്തുമായാണ് ടോക്കിയോയിലേക്ക് പറക്കുന്നത്. കൂടെ ബാറ്റണേന്തുന്നവരെല്ലാം മികച്ച ഫോമില്‍ തന്നെ. മിന്നുന്ന പ്രകടനം പുറത്തെടുക്കാനാവുമെന്ന ആത്മവിശ്വാസം അനസിനുണ്ട്. 2017ലെ ഭുവനേശ്വര്‍ ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ 400 മീറ്ററില്‍ ഏഷ്യന്‍ ചാംപ്യനായി. 2018 ജക്കര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 4-400 റിലേയിലും മിക്‌സഡ് റിലേയിലും സ്വര്‍ണവും 400 മീറ്ററില്‍ വെള്ളിയും. 2019ലെ ദോഹ ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ 4-400 മിക്‌സസ് റിലേ, 4- 400 റിലേ ടീമുകളില്‍ ബാറ്റണേന്തി. അനസ്, നോഹ നിര്‍മല്‍ ടോം, ജിസ്‌ന മാത്യു, വി.കെ വിസ്മയ ഉള്‍പ്പെട്ട മലയാളി നാല്‍വര്‍ സംഘം ഫൈനലില്‍ 3:15.77 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. വിസ്മയയും ജിസ്‌നയുമില്ലാതെയാണ് മിക്‌സഡ് റിലേ ടീമിന്റെ ടോക്കിയോ യാത്ര.
സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തിരുവനന്തപുരം എലൈറ്റ് അക്കാദമി താരമായ മുഹമ്മദ് അനസിന്റെ വേഗതയ്ക്ക് മൂര്‍ച്ച കൂട്ടിയത് പരിശീലകനായ പി.ബി ജയകുമാറാണ്. റിയോയില്‍ ഇന്ത്യന്‍ അത്‌ലറ്റിക് പരിശീലകനായിരുന്ന സുബേദാര്‍ മേജര്‍ (റിട്ടയേര്‍ഡ്) മുഹമ്മദ് കുഞ്ഞിയുടെ കീഴിലായിരുന്നു പരിശീലനം. വിദേശ പരിശീലക ഗലീന ബുഖാറിനയുടെയും ദേശീയ പരിശീലകന്‍ രാജ്‌മോഹനും കീഴിലാണ് ഒളിംപിക്‌സ് തയാറെടുപ്പുകള്‍ നടത്തുന്നത്. 2013ല്‍ ഇന്ത്യന്‍ നേവിയില്‍ ഉദ്യോഗസ്ഥനായി. നിലമേല്‍ വളയം പരേതനായ യഹിയയുടെയും സീനയുടെയും പുത്രനാണ്. ലോക യൂനിവേഴ്‌സിറ്റി ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഇന്ത്യന്‍ ലോങ് ജംപ് താരം മുഹമ്മദ് അനീസ് സഹോദരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."