ഇന്ത്യ - ശ്രീലങ്ക ആദ്യ ഏകദിനം ഇന്ന് യുവത്തിളക്കത്തില് ഇന്ത്യ
കൊളംബോ: കൊവിഡ് വരുത്തിയ ഇടവേളയ്ക്ക് ശേഷം ആദ്യ ഏകദിനത്തിനൊരുങ്ങി ടീം ഇന്ത്യ. ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയുടെ ആദ്യ മത്സരം ഇന്ന് കൊളംബോ പ്രേമദാസ ക്രിക്കറ്റ് സ്റ്റേഡിയത്ത് നടക്കും.
വരാനിരിക്കുന്ന ലോകകപ്പ് കൂടി മുന്നില്‍ കണ്ടാണ് ഇന്ത്യന്‍ രണ്ടാംനിര ടീം ഇന്നിറങ്ങുന്നത്. അനവധി യുവതാരങ്ങളുമായി കൊളംബോയിലേക്ക് വണ്ടി കയറിയ പരിശീലകന് രാഹുല്‍ ദ്രാവിഡിനും നായകന് ശിഖര്‍ ധവാനും ആദ്യ ഇലവനില്‍ ആരെ തിരഞ്ഞെടുക്കുമെന്ന തലവേദന മാത്രമാണ് നിലവിലുള്ളത്. ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ച വച്ച താരങ്ങളെ ഉള്‍പ്പെടുത്തിയാണ് നേരത്തേ ലങ്കയ്ക്കെതിരേയുള്ള പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. എന്നാല്‍ ആരെ തള്ളും ആരെ കൊള്ളും എന്ന് കാത്തിരിക്കേണ്ടി വരും. ഇതില്‍ ആറ് താരങ്ങളാണ് അരങ്ങേറ്റത്തിനൊരുങ്ങുന്നത്.
തുടക്കത്തില്‍ ധവാനൊപ്പം പൃഥ്വി ഷായെ ഓപ്പണറാക്കാനാണ് സാധ്യത. ആസ്ത്രേലിയക്കെതിരായ പരമ്പരയിലെ മോശം ഫോമിനു ശേഷം നാട്ടില്‍ നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് ഷാ വീണ്ടും അന്താരാഷ്ട്ര ശ്രദ്ധ നേടിയത്. ഏകദിനത്തില്‍ ഷാ തിളങ്ങിയാല്‍ ലോകകപ്പില്‍ ഇടം ഉറപ്പിക്കാം. സൂര്യകുമാര്‍ യാദവും മനീഷ് പാണ്ഡെയും മധ്യനിരയില്‍ കളിച്ചേക്കും. ഇന്ത്യക്കായി ഇറങ്ങിയ മൂന്ന് മത്സരങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചാണ് സൂര്യകുമാര്‍ പാഡഴിച്ചത്. ലങ്കയ്ക്കെതിരായ ആറു മത്സരങ്ങളിലും താരത്തെ ഇറക്കിയേക്കും.
പരാജയ വക്കില്‍ നിന്ന് ഇന്ത്യയെ എത്രയോ തവണ കൈപിടിച്ചുയര്‍ത്തിയ മനീഷ് പാണ്ഡെയുടെ സാന്നിധ്യം ടീമിന് ഗുണം നല്‍കും. പക്ഷേ, മധ്യനിരയില്‍ താരസമ്പത്തുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി അവസരം ലഭിക്കണമെങ്കില്‍ നന്നായി കളിക്കേണ്ടി വരും. ഒരു പക്ഷേ, താരത്തിന്റെ അവസാന അവസരമായിരിക്കും ഇത്. വിക്കറ്റ് കീപ്പറായി പരിചയ സമ്പത്തുള്ള സഞ്ജുവിനെ ഇറക്കാനാണ് സാധ്യത. സഹോദരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും ക്രുണാല്‍ പാണ്ഡ്യയും ഓള്‍റൗണ്ടര്‍മാരുടെ റോളിലെത്തും. ടി20 ലോകകപ്പ് സ്പോട്ട് ഏതാണ്ട് ഉറപ്പിച്ച ഹര്‍ദിക്കിന് ദ്രാവിഡ് എല്ലാ മത്സരത്തിലും അവസരം നല്‍കുമെന്നാണ് സൂചന. ഫാസ്റ്റ് ബൗളര്‍മാരായി വൈസ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാറും നവ്ദീപ് സൈനിയും ഇറങ്ങുമെന്നാണ് വിവരം. ഇരുവരും പരുക്കില്‍ നിന്ന് മോചിതരായതിനു ശേഷം ആദ്യം കളിക്കുന്ന പരമ്പരയാണിത്. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവിനെയും യുസ്വേന്ദ്ര ചഹലിനെയും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."