യെദ്യൂരപ്പ രാജിവച്ചേക്കും; നേതൃത്വത്തെ സന്നദ്ധത അറിയിച്ചു
ബംഗളൂരു: പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പ് നേരിടുന്ന കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വെള്ളിയാഴ്ച രാത്രി നടത്തിയ ചര്‍ച്ചയിലാണ് രാജിസന്നദ്ധത അറിയിച്ചത്. ഇന്നലെ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുമായുള്ള കൂടിക്കാഴ്ചയിലും രാജിസന്നദ്ധത ആവര്‍ത്തിച്ച അദ്ദേഹം താന്‍ രാജിവച്ചാല്‍ മക്കള്‍ക്ക് പാര്‍ട്ടിയിലും സര്‍ക്കാരിലും ഉചിതമായ സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ ആഭ്യന്തരമന്ത്രി അമിത്ഷായെയും യെദ്യൂരപ്പ കണ്ടു. വെള്ളിയാഴ്ചയാണ് യെദ്യൂരപ്പ മക്കളായ വിജയേന്ദ്രയെയും രാഘവേന്ദ്രയെയും കൂട്ടി ഡല്‍ഹിയിലെത്തിയത്.എന്നാല്‍, രാജിസന്നദ്ധത അറിയിച്ചുവെന്ന കാര്യം മാധ്യമങ്ങളോട് സംസാരിക്കവെ ജെ.പി നദ്ദയും യെദ്യൂരപ്പയും നിഷേധിച്ചു. അതെല്ലാം വെറും അഭ്യൂഹം മാത്രമാണെന്നാണ് നദ്ദയുടെ വാദം. രാജിയുമായി ബന്ധപ്പെട്ട ഒരക്ഷരം പോലും സംസാരിച്ചില്ലെന്നും നദ്ദ പറഞ്ഞു. നേരത്തെ യെദ്യൂരപ്പ ആവശ്യപ്പെട്ടതു പ്രകാരം കര്‍ണാടക എം.പിയായിരുന്ന ശോഭ കരന്തലജെയെ കേന്ദ്രമന്ത്രിയാക്കിയിരുന്നു. യെദ്യൂരപ്പക്ക് ഗവര്‍ണര്‍സ്ഥാനം വാഗ്ദാനം ചെയ്തതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."