പുതുപ്പള്ളിയില്‍ ജയിച്ചത് ടീം യു.ഡി.എഫ്; എം.വി ഗോവിന്ദന്‍ 'മലക്കം മറിയല്‍' വിദഗ്ധനെന്നും വി.ഡി സതീശന്‍
പുതുപ്പള്ളിയില്‍ ജയിച്ചത് ടീം യു.ഡി.എഫ്; എം.വി ഗോവിന്ദന്‍ 'മലക്കം മറിയല്‍' വിദഗ്ധനെന്നും വി.ഡി സതീശന്‍
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ മുഖത്തേറ്റ കനത്ത പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സി.പി.എമ്മിന്റെ തകര്‍ച്ചയുടെ തുടക്കമാണ് ഈ വിജയം. ആത്മാര്‍ത്ഥതയോടെ ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ഇതായിരിക്കും വിജയമന്ത്രം. കേരളത്തിന്റെ മുഴുവന്‍ പിന്തുണ ചാണ്ടി ഉമ്മന് കിട്ടി. പുതിയ സംസ്‌കാരത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഇന്ധനമാണ് ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി നല്‍കിയത്. വിനയത്തോടെ ജനവിധിയെ സ്വീകരിക്കുന്നു.
പ്രചരണ സമയത്ത് മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? ഉത്തമരായ കമ്യൂണിസ്റ്റുകാരുടെ പിന്തുണയും പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന് കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.
എം വി ഗോവിന്ദന്‍ പിണറായിയുടെ കുഴലൂത്ത്കാരനായി മാറിയെന്നും വി.ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിന്റെ വിലയിരുത്തലാകും ഈ തിരഞ്ഞെടുപ്പെന്നാണ് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ നേരത്തെ പറഞ്ഞത്. ഇന്നലെ അതു മാറ്റി പറഞ്ഞു. മലക്കം മറിയാന്‍ വിദഗ്ധനാണ് എം.വി. ഗോവിന്ദന്‍.
മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്യുന്നു. മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനെ മാറ്റി അറിയപ്പെടന്ന ഒരു സിപിഎം നേതാവിനെ നിയമിച്ചു. ഗണേഷ് കുമാര്‍ പരാതിപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി അറിഞ്ഞില്ലെന്നാണു പറഞ്ഞത്. പൊതുഭരണ വകുപ്പ് മുഖ്യമന്ത്രിയുടെ കയ്യിലാണ്. സ്വന്തം വകുപ്പില്‍ ഇങ്ങനെയൊരുകാര്യം നടന്നത് അറിഞ്ഞില്ലെങ്കില്‍ അദ്ദേഹം എന്തിനാണ് ഈ സ്ഥാനത്ത് ഇരിക്കുന്നതെന്നും വി.ഡി. സതീശന്‍ ചോദിച്ചു.
ഗ്രോ വാസുവിനെതിരായ പൊലീസ് നടപടിയേയും വി ഡി സതീശന്‍ വിമര്‍ശിച്ചു. ഗ്രോ വാസുവിന്റെ പ്രതിഷേധം മൂടിവയ്ക്കാന്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നു. മുദ്രാവാക്യം വിളിയ്ക്കുന്നതിന് പൊലീസ് മുഖം പൊത്തിപിടിയ്ക്കുന്നു. ചെറിയ പ്രതിഷേധങ്ങളെ പോലും സര്‍ക്കാര്‍ ഭയപ്പെടുന്നു. തീവ്രവലതുപക്ഷ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും ഇത് കേരളത്തെ മുഴുവന്‍ നാണിപ്പിക്കുന്നതാണെന്നും വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. പ്രത്യയശാസ്ത്രത്തോട് വിയോജിപ്പുണ്ടാകാം. എന്നാല്‍ മൃദുവായ ശബ്ദത്തെപോലും സര്‍ക്കാര്‍ ഭയപ്പെടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."