ഗർഭഛിദ്രം: ഡോക്ടർമാരോട് സുപ്രിംകോടതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവരങ്ങൾ പൊലിസിന് നൽകേണ്ട
ന്യൂഡൽഹി • ഗർഭഛിദ്രത്തിനെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പേരോ തിരിച്ചറിയുന്ന വിവരങ്ങളോ ഡോക്ടർമാർ പൊലിസിന് കൈമാറേണ്ടതില്ലെന്ന് സുപ്രിംകോടതി. അവിവാഹിതകളുടെ ഗർഭഛിദ്രം സംബന്ധിച്ച കേസിലെ വിധിയിൽ ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എസ് ബൊപ്പണ്ണ, ജെ.പി പാർഡിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലൈംഗികാതിക്രമത്തിന് വിധേയരാകുന്നവരുടെ വിവരങ്ങൾ പോക്‌സോ നിയമത്തിലെ 19ാം വകുപ്പ് പ്രകാരം പൊലിസിന് കൈമാറാതിരിക്കൽ കുറ്റകരമാണ്. എന്നാൽ, ഇക്കാര്യത്തിൽ പോക്‌സോ നിയമത്തോടൊപ്പം മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമവും ചേർത്ത് വായിക്കാമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർമാരെ ഇരകളുടെ വിവരങ്ങൾ കൈമാറുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുറ്റകരമാണെങ്കിലും പ്രായപൂർത്തിയാകാത്തവരും ലൈംഗികബന്ധത്തിലേർപ്പെടുകയും ഗർഭിണിയാവുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ ഗർഭിണിയാകുന്നർ രക്ഷിതാക്കളെ അറിയിക്കാതെ അലസിപ്പിക്കാൻ ശ്രമിക്കും. രക്ഷിതാക്കൾ അറിഞ്ഞാലും പൊലിസിൽ റിപ്പോർട്ട് ചെയ്യുമെന്ന് പേടിച്ച് ഗർഭഛിദ്രത്തിന് രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർമാരെ സമീപിക്കാൻ മടിക്കും. പ്രായപൂർത്തിയാകാത്തവർക്ക് സുരക്ഷിതമായി ഗർഭഛിദ്രം നടത്താനുള്ള അവകാശം ഇത് തടയും.
രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർമാരെ ഇരകളുടെ വിവരങ്ങൾ കൈമാറുന്നതിൽ നിന്ന് ഒഴിവാക്കുന്നത് ഈ പ്രശ്‌നം ഇല്ലാതാക്കും. അപരിചിതരുടെയോ കുടുംബാംഗങ്ങളുടെയോ ലൈംഗിക പീഡനത്തിന് വിധേയരാകുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഗർഭിണിയായാൽ അക്കാര്യം രക്ഷിതാക്കളുടെ ശ്രദ്ധയിൽ വരാൻ ഏറെ വൈകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം കേസുകളിൽ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമത്തിലെ ചട്ടം ബി പ്രകാരമുള്ള ഇളവ് ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."