വിചിന്തനത്തിന്റെ അറഫ
സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി
വീണ്ടും ഒരു അറഫാസംഗമം കൂടി... അറഫാത്തിലെ ചരിത്രസ്മൃതികളില്‍ പരലക്ഷം ഹാജിമാര്‍ ഒത്തുചേര്‍ന്നിരുന്നിടത്ത് ഇന്ന് കേവലം അറുപതിനായിരം പേര്‍ മാത്രം. കൊവിഡ് പശ്ചാത്തലത്തില്‍ കടുത്ത കാവലോടെയും കരുതലോടെയുമാണ് സഊദിയിലുള്ള ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അറഫാത്തില്‍ സംഗമിക്കുന്നത്. ഹജ്ജിന്റെ പരമപ്രധാനമായ കര്‍മമാണു അറഫാസംഗമം. മനുഷ്യന്റെ മാനവിക മൂല്യം ഉയര്‍ത്തുന്ന വികാരമാണ് അറഫ. എല്ലാവരുടെയും നാവില്‍നിന്ന് ഉയരുന്നത് ഒരേ മന്ത്രം. ഒരേ വേഷം. വലിയവനെന്നും ചെറിയവനെന്നും പണക്കാരനെന്നും പാവപ്പെട്ടവനെന്നുമെല്ലാമുള്ള വേര്‍തിരിവുകള്‍ മാറ്റിവച്ച് മാനവികതയുടെ മാതൃകയായി മാറുന്നു.
ഖലീലുല്ലാഹി ഇബ്‌റാഹീം നബിയുടെ വിളിക്കുത്തരം നല്‍കിയാണ് ലോക മുസ്‌ലിംകള്‍ വിശുദ്ധ അറഫയില്‍ സമ്മേളിക്കുന്നത്. ലോക ചരിത്രത്തിലെ ആദ്യത്തെ മനുഷ്യാവകാശ പ്രഖ്യാപനമെന്നാണ് തിരുനബി(സ്വ)യുടെ അറഫാ പ്രഭാഷണം അറിയപ്പെടുന്നത്. എ.ഡി 632ല്‍ ഹിജ്‌റ 10ാം വര്‍ഷമാണ് ആ ചരിത്ര പ്രഖ്യാപനം നടന്നത്. മനുഷ്യരിലോരോരുത്തരുടെയും ജീവനും സ്വത്തും അഭിമാനവും പവിത്രമാണെന്നും അവയെ കളങ്കപ്പെടുത്തരുതെന്നും നബി(സ്വ) ശക്തമായി താക്കീത് നല്‍കി. മനുഷ്യവധം, കൊള്ള, കവര്‍ച്ച, വ്യക്തിഹത്യകള്‍ തുടങ്ങിയവ ലോകം ഇന്നും അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളാണ്.
സ്ത്രീകളുടെ അവകാശത്തെ സംസ്ഥാപിക്കുന്നതായിരുന്നു നബി(സ്വ)യുടെ അറഫാ പ്രഭാഷണം. പുരുഷന് സ്ത്രീക്കുമേല്‍ അവകാശമുള്ളതുപോലെ സ്ത്രീക്ക് പുരുഷന്റെമേലും അവകാശമുണ്ട് എന്നതായിരുന്നു ആ പ്രഖ്യാപനം. സ്ത്രീകളെ അടിമകളായും ഭോഗവസ്തുവായും കണ്ടിരുന്ന കാലമായിരുന്നു അതെന്ന് ഓര്‍ക്കുമ്പോഴാണ് ഇതിന്റെ പ്രസക്തി.
അറഫാദിനം അല്ലാഹു ആദരിച്ച ദിനമാണ്. പിശാച് ഏറ്റവും കൂടുതല്‍ അസ്വസ്ഥനാകുന്ന ദിനം കൂടിയാണത്. നബി(സ്വ) പറയുന്നു: അറഫാദിവസത്തെക്കാള്‍ പിശാച് നീചനും നിസാരനും നിന്ദ്യനുമാകുന്ന മറ്റൊരു ദിനമില്ല. അറഫയില്‍ സംഗമിക്കുന്നവര്‍ക്കുള്ള പ്രപഞ്ചനാഥന്റെ അനുഗ്രഹ വര്‍ഷവും പാപമോക്ഷം നല്‍കിയുള്ള അവന്റെ കടാക്ഷവും കാണുമ്പോള്‍ സഹിക്കവയ്യാത്തതുകൊണ്ടാണത്'.
തിരിച്ചറിവിന്റെ ദിനം കൂടിയാണത്. 'അറഫ' എന്നതിന്റെ അര്‍ഥം തിരിച്ചറിവ് എന്നാണ്. അറഫയില്‍ നിന്ന് കിട്ടുന്നത് അതാണ്. തിരുത്താനും നന്നാവാനും മനുഷ്യനെ പ്രാപ്തനാക്കുന്ന തിരിച്ചറിവ്. അറഫാദിനം പരലോകത്തെ മഹ്ശറിലെ വിചാരണാദിനത്തെയാണ് ഓര്‍മിപ്പിക്കുന്നത്. അറഫാത്തില്‍ ജനങ്ങള്‍ പൊരിവെയിലത്ത് ഏതാനും മണിക്കൂറുകളേ നില്‍ക്കുന്നുള്ളൂ. പരലോകത്ത് മാനവകുലത്തിന്റെ ആദ്യം മുതല്‍ അന്ത്യംവരെയുള്ള സകല മനുഷ്യരും അതിതീക്ഷ്ണമായ അന്തരീക്ഷത്തില്‍ യുഗങ്ങളോളം നില്‍ക്കണം. ഇവിടെ സ്വയം വിചാരണയാണെങ്കില്‍ നാളെ പരലോകത്ത് തീക്ഷ്ണമായി വിചാരണ ചെയ്യപ്പെടുകയാണ്. ഇന്നത്തെ സ്വയംവിചാരണ എത്ര കണ്ട് ഫലപ്രദമാകുന്നുവോ അത്ര കണ്ട് പരലോകത്ത് ആശ്വാസം കിട്ടും. ഉമര്‍ ബിന്‍ ഖത്താബ്(റ) പറയുന്നു: 'വിചാരണ ചെയ്യപ്പെടും മുമ്പ് നിങ്ങള്‍ സ്വന്തത്തെ വിചാരണ ചെയ്യുക. നിങ്ങളുടെ കര്‍മങ്ങള്‍ അളക്കപ്പെടുന്നതിന് മുമ്പ് നിങ്ങളത് അളക്കുക. മറ്റുള്ളവരിലേക്ക് ചോദ്യം ഉയര്‍ത്തുന്നതിന് മുമ്പ് സ്വന്തത്തോട് ചോദിക്കുക'. നബി(സ്വ) പറഞ്ഞു; നിങ്ങള്‍ പ്രവര്‍ത്തിച്ചതിനെക്കുറിച്ച്, പ്രത്യേകിച്ചും നാല് ചോദ്യങ്ങള്‍ അന്ത്യദിനത്തില്‍ ചോദിക്കപ്പെടും. നിന്റെ ആയുസ്, യുവത്വം, വിജ്ഞാനം, സമ്പത്ത് എന്നിവയെ കുറിച്ചായിരിക്കുമത് '. അതിനെല്ലാം ഉത്തരം നല്‍കേണ്ടതുണ്ട്. അറഫാത്തില്‍ സംഗമിക്കുന്നവര്‍ക്ക് മാത്രമല്ലത് വേണ്ടത്. ലോകത്തുള്ള എല്ലാവര്‍ക്കും വേണം, ഈ ബോധം. അതിനാല്‍ അവരവരുടെ നാടുകളിലെ ദുല്‍ഹിജ്ജ ഒന്‍പതിന് ലോക മുസ്‌ലിംകള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു, നോമ്പനുഷ്ഠിക്കുന്നു. ഹജ്ജ് കര്‍മം നിര്‍വഹിക്കാത്തവര്‍ക്കാണ് അറഫാ ദിനത്തില്‍ ദുല്‍ഹിജ്ജ ഒമ്പതിന് നോമ്പനുഷ്ഠിക്കല്‍ പ്രബലമായ സുന്നത്തുള്ളത്. കഴിഞ്ഞുപോയ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരുവര്‍ഷത്തെയും ചെറിയ ദോഷങ്ങള്‍ പൊറുപ്പിക്കുന്നതാണ് ഈ സുന്നത്ത് നോമ്പ്. അബൂ ഖതാദ (റ) യില്‍ നിന്നു നിവേദനം. നബി (സ്വ) പറഞ്ഞു: അറഫാ ദിനത്തിലെ നോമ്പ് കഴിഞ്ഞ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും ചെറിയ ദോഷങ്ങള്‍ പൊറുപ്പിക്കും(മുസ്‌ലിം).
നോമ്പനുഷ്ഠിക്കേണ്ട ദിനം സംബന്ധിച്ച് ചിലര്‍ ജനങ്ങളെ സംശയിപ്പിക്കുന്നുണ്ട്. എന്നാല്‍ ആ ദിനം ദുല്‍ഹിജ്ജ ഒന്‍പതിനാണെന്നാണ് മറുപടി. ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്നത് അവരുടെ ദുല്‍ഹിജ്ജ ഒന്‍പതിന്. നാം നമ്മുടെ ദുല്‍ഹിജ്ജ ഒന്‍പതാണ് പരിഗണിക്കേണ്ടത്. ഹാജിമാര്‍ അറഫാത്തില്‍ സംഗമിക്കുമ്പോള്‍ നോമ്പ് നോല്‍ക്കണമെന്ന് പറയുന്നത് യുക്തിസഹമല്ല. അറഫയില്‍ വിശ്വാസികള്‍ സമ്മേളിക്കുമ്പോള്‍ ചില നാടുകളില്‍ രാത്രിയായിരിക്കും. അതിനനുസരിച്ച് വളയമില്ലാതെ ചാടാന്‍ നിന്നാല്‍ മുന്‍ഗാമികളുടെ ചര്യക്കും തിരുനബി(സ്വ)യുടെ അധ്യാപനത്തിനും എതിരാണത്. അത്തരം യുക്തിസഹമല്ലാത്ത വാദഗതികള്‍ ഉയര്‍ത്തുന്നതിനാലാണ് ചിലര്‍ക്ക് അറഫാദിനം പ്രഖ്യാപിച്ച് ഒരുദിവസം ലീവ് കഴിഞ്ഞ് പെരുന്നാള്‍ ആഘോഷിക്കേണ്ടി വരുന്നത്. മുന്‍ഗാമികള്‍ കാണിച്ച പാത പരിപൂര്‍ണമായും പിന്തുടര്‍ന്നാല്‍ ഈ അബദ്ധം വരില്ല.
ദുല്‍ഹിജ്ജയിലെ ആദ്യപത്ത് ദിനങ്ങള്‍ പ്രാര്‍ഥനയ്ക്ക് വളരെ പുണ്യമുള്ളതാണ്. തര്‍വിയതിന്റെ ദിനമായ ദുല്‍ഹിജ്ജ എട്ടും അറഫാദിനമായ ഒന്‍പതും പെരുന്നാള്‍ദിനവും അതില്‍ അതിശ്രേഷ്ഠമാണ്. അതിനാല്‍ ഇനിയുള്ള ദിനങ്ങളിലെ പുണ്യം നാം നഷ്ടപ്പെടുത്തരുത്. നബി(സ്വ) പറയുന്നു: പ്രാര്‍ഥനകളില്‍ ഏറ്റവും നല്ലത് അറഫാദിനത്തിലെ പ്രാര്‍ഥനയാണ്. ഞാനും മുന്‍കാല പ്രവാചകന്മാരും പറഞ്ഞതില്‍ ഏറ്റവും നല്ലത് അല്ലാഹു ഏകനാണ്, അവനു പങ്കുകാരനില്ല, അവനാണ് സ്തുതി, അവന്‍ സര്‍വശക്തനാണ് ' എന്നതാണ്. ഓര്‍ക്കുക, ഇത് പ്രാര്‍ഥന കൊണ്ടു കൂടുതല്‍ ജാഗ്രത കാണിക്കേണ്ട കാലമാണിത്. കൊവിഡ് മഹാമാരിയുടെ വിവിധ ഘട്ടങ്ങളിലൂടെ വിഷണ്ണരായി മനുഷ്യരാശി നീങ്ങുമ്പോള്‍, നാഥനിലേക്ക് മടങ്ങുക...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."