HOME
DETAILS

സ്ത്രീധന ബോണ്ടും വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും

  
backup
July 18 2021 | 20:07 PM

962374524135

 


ഡോ. അബേഷ് രഘുവരന്‍


ബിരുദമെന്നത് കൂടുതല്‍ സ്ത്രീധനം വാങ്ങാനുള്ള ഉല്‍പന്നമായി മാറിയ കാലത്താണ് ഇത് വാങ്ങില്ലെന്ന് വിദ്യാര്‍ഥികള്‍ ബോണ്ട് ഒപ്പിടണമെന്നു നിര്‍ദേശിക്കാന്‍ സര്‍വകലാശാലകള്‍ക്ക് അവകാശമുണ്ടെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ വി.സിമാരുടെ സംയുക്തയോഗത്തിനുശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗവര്‍ണര്‍ ആരിഫ് ഖാന്‍ കഴിഞ്ഞ ദിവസം സ്ത്രീധനവിരുദ്ധ സത്യഗ്രഹം നടത്തിയത് വിവാദമായിരുന്നു. സര്‍ക്കാരിനെതിരേയാണ് അദ്ദേഹത്തിന്റെ സമരപ്രഖ്യാപനമെന്ന് ചില കോണുകളില്‍ നിന്ന് ശബ്ദം ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രിതന്നെ പിന്തുണ നല്‍കിയതോടെ അത് തണുത്തു. അതിലെ രാഷ്ട്രീയമല്ല പ്രധാനം. ലക്ഷ്യത്തിന്റെ സാധൂകരണമാണ്. അടുത്തദിനം തന്നെ അദ്ദേഹം സംസ്ഥാനത്തെ വി.സിമാരുടെ യോഗം വിളിക്കുകയും പ്രസ്തുതവിഷയം ചര്‍ച്ചചെയ്തത് തീര്‍ച്ചയായും ശുഭസൂചകമാണ്. ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളില്‍ പ്രവേശനം നേടാനും ബിരുദങ്ങള്‍ കരസ്ഥമാക്കാനും ഇനിമുതല്‍ സ്ത്രീധനവിരുദ്ധ ബോണ്ട് ഒപ്പിട്ടുനല്‍കുകയും അത് ലംഘിക്കുന്നപക്ഷം ബിരുദം റദ്ദാക്കുന്നതിനും വ്യവസ്ഥചെയ്യുന്ന നിര്‍ദേശം സ്വാഗതാര്‍ഹമെങ്കിലും നിലവിലെ സര്‍വകലാശാല നിയമങ്ങള്‍ എത്രമാത്രം അതിനു സഹായകമാകും എന്നതില്‍ ആശങ്കയുണ്ട്. അതിനായി നിയമത്തിന്റെ പൊളിച്ചെഴുത്തുതന്നെ ആവശ്യമാണ്. സര്‍വകലാശാലയ്ക്ക് ഒരാളുടെ ബിരുദം റദ്ദാക്കണമെങ്കില്‍ അതിന് കൃത്യമായ കാരണവും അതിനുമേല്‍ വി.സി, സിന്‍ഡിക്കേറ്റ്, അക്കാദമിക് കൗണ്‍സില്‍ എന്നിങ്ങനെ വിവിധ വിദ്യാഭ്യാസബോഡികളുടെ അംഗീകാരത്തിനായി കയറിയിറങ്ങേണ്ടതുണ്ട്. മാത്രമല്ല, ഓരോന്നിലും വിദ്യാര്‍ഥിയുടെ വാദവും കേള്‍ക്കേണ്ടതുമുണ്ട്. എന്നാല്‍, വിദ്യാഭ്യാസബിരുദം സ്ത്രീധനത്തിന്റെ സൂചികയായി മാറുന്ന അവസ്ഥയില്‍ അത്തരമൊരു മാറ്റത്തിനായി നിയമഭേദഗതിയെപ്പറ്റി ചിന്തിക്കുന്നതില്‍ തെറ്റില്ല. വിസ്മയയുടെ വിയോഗം തുടങ്ങിവച്ച സ്ത്രീധനനിരോധന ലക്ഷ്യത്തിലേക്കുള്ള പാതയില്‍ സര്‍വകലാശാലകളിലും കോളജുകളിലും നടപ്പാക്കാന്‍ പദ്ധതിയിടുന്ന സ്ത്രീധനവിരുദ്ധ ബോണ്ട് ഊര്‍ജമാകുമെന്നതില്‍ സംശയംവേണ്ട.


ലേഖകന്‍ എം.എസ്.സി പഠിച്ച തമിഴ്‌നാട്ടിലെ സേലത്തെ ഒരു കോളജില്‍ ആന്ധ്രയില്‍ നിന്നു കുറെ സഹപാഠികളുണ്ടായിരുന്നു. സൗഹൃദസദസുകളില്‍ അവരോട് പഠനം കഴിഞ്ഞു എന്താണ് പ്ലാന്‍ എന്ന് അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി രസകരമായിരുന്നു. 'ഡിഗ്രി കഴിഞ്ഞു കല്യാണം കഴിക്കാനായിരുന്നു പ്ലാന്‍. പിതാവ് പറഞ്ഞു പി.ജി കൂടി എടുത്തിട്ട് കല്യാണം ആകാമെന്ന്' . പഠനവും കല്യാണവും തമ്മിലെന്ത് എന്ന ചോദ്യത്തിനും മറുപടി അതീവരസകരം, 'എം.എസ്.സി കൂടെയുണ്ടെങ്കില്‍ ഇപ്പോള്‍ കിട്ടാന്‍ സാധ്യതയുള്ളതില്‍നിന്ന് അഞ്ചുലക്ഷം കൂടി കൂടുതലായി സ്ത്രീധനം ലഭിക്കും'. ഇതേ ചോദ്യം തന്നെ സഹപാഠിയായ പെണ്‍കുട്ടിയോട് ചോദിച്ചപ്പോഴും സമാനമായ ഉത്തരം തന്നെ. 'എം.എസ്.സി കൂടെയുണ്ടെങ്കില്‍ സ്ത്രീധനം അത്രയും കുറച്ചു ഉണ്ടാക്കിയാല്‍ മതിയല്ലോ. അച്ഛന് അത്രയും ഭാരം കുറഞ്ഞുകിട്ടട്ടെ'. ഇത് അവിടുത്തെ മാത്രം അവസ്ഥയല്ല. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും അവസ്ഥ ഇതുതന്നെ. പഠനത്തിന്റെ ഒരു പ്രധാന ലക്ഷ്യം വിവാഹമാര്‍ക്കറ്റിലെ സ്റ്റാറ്റസ് ആകുമ്പോള്‍, സ്ത്രീധനനിരോധനനിയമം എന്നത് കേവലം കടലാസിലെ അക്ഷരങ്ങള്‍ മാത്രമാകുന്നതില്‍ അത്ഭുതമില്ല. കേരളത്തിലേക്ക് വരുമ്പോള്‍ ചെറിയമാറ്റമുള്ളത്, മറ്റുള്ളയിടങ്ങളില്‍ വിദ്യാഭ്യാസയോഗ്യത കണക്കാക്കി സ്ത്രീധനം നിശ്ചയിക്കുമ്പോള്‍ ഇവിടെ സ്ത്രീധനം എത്രയുണ്ടോ, അതിനനുസരിച്ചു വരനെ ഏര്‍പ്പാടാക്കിക്കൊടുക്കുകയാണ് വിവാഹദല്ലാളുമാര്‍ ചെയ്യുന്നത്.


സര്‍വമേഖലയിലും സമത്വം ഉദ്‌ഘോഷിക്കുന്ന നമ്മള്‍ വിവാഹസമയത്തു സ്ത്രീധനം പറഞ്ഞുറപ്പിക്കുന്നതോടെ അവിടെ പണത്തിന്റെ മൂല്യം ഉയരുകയും സ്ത്രീയുടെ മൂല്യം കുറയുകയുമാണ് ചെയ്യുന്നത്. സ്ത്രീധനം ആവശ്യപ്പെടുന്നവനെ എനിക്ക് വേണ്ടായെന്ന് പറയാന്‍ പെണ്‍കുട്ടിയും സ്ത്രീധനം ആവശ്യപ്പെടുന്നവന് തന്റെ മകളെ നല്‍കില്ലെന്ന് രക്ഷാകര്‍ത്താവും പറയുന്നിടത്താണ് സ്ത്രീയുടെ ആത്മാഭിമാനവും മൂല്യവും ഉയരുന്നത്. പണവും സ്വര്‍ണവും കണക്കുപറഞ്ഞുറപ്പിക്കുന്നിടത്തു അതിനൊപ്പം സൗജന്യമായി ലഭിക്കുന്ന എന്തോ ആണ് സ്ത്രീ എന്ന ധ്വനിയാണുള്ളത്. അങ്ങനെയൊരു സൗജന്യവസ്തുവായി താന്‍ മാറണോയെന്ന് പെണ്‍കുട്ടിയും പോറ്റിവളര്‍ത്തിയ മകളെ അത്തരമൊരു സൗജന്യവസ്തുവായി മാറ്റണോയെന്നു രക്ഷാകര്‍ത്താക്കളും തീരുമാനിക്കണം.


വിദ്യാഭ്യാസവും സ്ത്രീധനവും ബന്ധപ്പെട്ടുകിടക്കുന്നതുമാത്രമല്ല ഇവിടെ പ്രസക്തം. വിദ്യാഭ്യാസത്തിന്റെയും സാമൂഹികചിന്തകളുടെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും ഔന്നത്യമാണ് പ്രാധാന്യം കാംക്ഷിക്കുന്നത്. വിദ്യാഭ്യാസം കൊണ്ട് നാമാര്‍ജിക്കുന്ന സമൂഹത്തോടുള്ള കടമ എന്തായിരിക്കണമെന്ന് കൃത്യമായ ബോധം ഓരോ വിദ്യാര്‍ഥിക്കും ഉണ്ടായിരിക്കണം. പഠനമെന്നത് ഉന്നതമായ ജോലിനേടുവാന്‍ മാത്രമുള്ള ഉപാധിയായി കാണാതെ, അതിലൂടെ ഒരു സാമൂഹ്യജീവിയായിക്കൂടി ഉയര്‍ന്നുവരുവാനും ശ്രമിക്കേണ്ടതുണ്ട്. കലാലയങ്ങളില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും അത്രയേറെ സൗഹൃദാന്തരീക്ഷത്തില്‍ പഠനം നടത്തുമ്പോഴും പരസ്പരം പ്രശ്‌നങ്ങളില്‍ തുണയാകുമ്പോളും പഠനശേഷം വിവാഹമാര്‍ക്കറ്റിലേക്ക് ചെല്ലുമ്പോള്‍ അതിനെ വ്യവസായമായി കാണുന്നുണ്ടെങ്കില്‍ അവര്‍ പഠിച്ചതിന്റെ ആവശ്യം എന്താണ്? ഏറെയും രക്ഷാകര്‍ത്താക്കളുടെ കൂടി സമ്മര്‍ദം മൂലമായതിനാല്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം, അവരുടെകൂടി ഒപ്പ് ബോണ്ടില്‍ ഉള്‍ക്കൊള്ളിക്കേണ്ടത് ആവശ്യമാണ്. മക്കളുടെ പഠനം രക്ഷാകര്‍ത്താക്കളുടെ ആവശ്യമാണെങ്കില്‍, അവരുടെ സാമൂഹ്യബോധം കൂടി രക്ഷാകര്‍ത്താക്കളുടെ ഉത്തരവാദിത്വമാണ്.


സ്ത്രീധനവിഷയത്തോടൊപ്പം ഇവിടെ പരാമര്‍ശിക്കേണ്ട സമാനമായ മറ്റൊരു പ്രധാനവിഷയമാണ് ഗവേഷണബിരുദങ്ങളില്‍ നിര്‍ബന്ധമാക്കേണ്ട സാമൂഹ്യപ്രതിബദ്ധതയുടെ കൂടി ബോണ്ട് സിസ്റ്റം. പിഎച്ച്.ഡി ബിരുദങ്ങളുടെ ഭാഗമായി അവരവരുടെ ഗവേഷണനേട്ടങ്ങള്‍ കൂടി സമൂഹത്തിന്റെ ഉന്നമനത്തിനായി സംഭവനചെയ്യുകയും അതിന്റെ പ്രയോജനം സമൂഹത്തിന്റെ താഴേക്കിടയിലുള്ളവര്‍ക്ക് പ്രയോജനമാകുന്നതരത്തില്‍ ഒരുവര്‍ഷമെങ്കിലും അവരുടെ സേവനം നിര്‍ബന്ധമായും ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ട്. സര്‍വകലാശാലകളിലെ ഗവേഷണബിരുദങ്ങള്‍ എണ്ണിച്ചുട്ട അപ്പംപോലെ പുറത്തിറങ്ങുമ്പോള്‍ എത്രയെണ്ണം സമൂഹത്തിന്റെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ട്. അവരുടെ ഗവേഷണപദ്ധതിയില്‍ ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ അവര്‍ ഗവേഷണത്തിന്റെ പ്രായോഗികത ജനങ്ങളില്‍ എത്തിക്കാനായി സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കട്ടെ. സമൂഹത്തെ മനസിലാക്കട്ടെ, അതിനുശേഷമുള്ള അവരുടെ ഗവേഷണങ്ങളും പഠനങ്ങളും അതിനനുസരിച്ചു ക്രമീകരിക്കട്ടെ. അത് കൃത്യമായി പാഠ്യപദ്ധതിയില്‍ രേഖപ്പെടുത്താന്‍ സര്‍വകലാശാലകള്‍ തീരുമാനമെടുക്കണം. അങ്ങനെവരുമ്പോള്‍, സമൂഹത്തിന്റെ പ്രശ്‌നങ്ങളെ ഒരു പരിധിവരെ സര്‍വകലാശാലകള്‍ക്ക് അഭിസംബോധനചെയ്യാനും പരിഹാരം കാണാനും കഴിയും.


ഇന്ന് രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്ന് ആയിരക്കണക്കിന് ഡോക്ടറല്‍ പ്രബന്ധങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ അവയില്‍ ഭൂരിഭാഗവും ലൈബ്രറികളിലെ ഷെല്‍ഫുകളില്‍ ഉറങ്ങുകയാണ്. എന്നാല്‍, അവരുടെ സേവനം സമൂഹത്തില്‍ കൂടി ലഭ്യമാക്കുകവഴി ഓരോ വിദ്യാര്‍ഥിക്കുകൂടി അവരുടെ ഗവേഷണത്തെക്കുറിച്ചു അഭിമാനനിര്‍വൃതി നല്‍കാനും കൃത്യമായ ദിശാബോധമേകാനും സഹായിക്കും. അതിനായി സര്‍വകലാശാലകളിലെ നിയമങ്ങള്‍ പരിഷ്‌കരിക്കണം. അംഗീകൃത ഗൈഡുകള്‍ അവരുടെ വിദ്യാര്‍ഥികളുടെ ഗവേഷണവിഷയം നിശ്ചയിക്കുമ്പോള്‍ സമൂഹത്തിന് ഗുണം ലഭിക്കുന്നതരത്തില്‍ രൂപകല്‍പ്പന ചെയ്യണം. സര്‍വകലാശാലകളില്‍ പ്രബന്ധം സമര്‍പ്പിക്കുന്നതിനും അത് വിദഗ്ധര്‍ വിലയിരുത്തിയതിനും ബിരുദം ലഭിക്കുന്നതിനും ഇടയിലുള്ള ആറുമാസമെങ്കിലും അവര്‍ സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കണം. അത് വിജയകരമായി പൂര്‍ത്തിയാക്കിയതിനുശേഷമേ ബിരുദം നല്‍കാന്‍ പാടുള്ളൂ എന്ന തീരുമാനം ഉണ്ടായാല്‍ ഓരോ ഗവേഷണവും അതിന്റെ യഥാര്‍ഥ ലക്ഷ്യത്തെ പുല്‍കും എന്നകാര്യത്തില്‍ സംശയമില്ല.


1961 ലെ സ്ത്രീധനനിരോധനനിയമം പാസാക്കിയിട്ട് അറുപതുവര്‍ഷം പിന്നിടുമ്പോഴും സ്ത്രീധനം എന്ന സത്യം മാറ്റമില്ലാതെ തുടരുന്നു. നിയമങ്ങളെക്കാള്‍ ഏറെ മനുഷ്യരുടെ മാനുഷികമൂല്യങ്ങളും ചിന്താഗതികളുമാണ് ഇവിടെ ഏറെ പ്രധാനമെന്നതിനാല്‍ അത് മാറാത്തപക്ഷം അറുപതല്ല, അറുന്നൂറുവര്‍ഷങ്ങള്‍ കഴിഞ്ഞാലും ഈ വിഷയത്തില്‍ മാറ്റമൊന്നും ഉണ്ടാകാന്‍ വഴിയില്ല. അതുകൊണ്ടുതന്നെ, നിയമനിര്‍മാണത്തിലൂടെ അത് തിരുത്താനുള്ള ശ്രമങ്ങള്‍ എത്രയും വേഗം ഉണ്ടാവേണ്ടതുണ്ട്. മകള്‍ക്ക് ഒരച്ഛന്‍ അവളുടെ വിവാഹത്തിന് എന്താണ് നല്‍കുന്നതെന്നത് അവരുടെ മാത്രം സ്വകാര്യമായ കാര്യമായിരിക്കണം. അതില്‍ വരനോ, വരന്റെ വീട്ടുകാര്‍ക്കോ യാതൊരു കാര്യവുമില്ല. അവളുടെ സമ്മതമില്ലാതെയോ, നിര്‍ബന്ധിച്ചോ അത് നേടാന്‍ ശ്രമിക്കുന്നതുപോലും കുറ്റകരമായി പരിഗണിക്കണം. അങ്ങനെയൊരു പരാതി പെണ്‍കുട്ടിയുടെ ഭാഗത്തുനിന്നുണ്ടായാല്‍ ഉടനടി പരിഹാരവും തേടണം.


വിദ്യാഭ്യാസബിരുദങ്ങളുടെയും ഉന്നതവിദ്യാഭ്യാസത്തിന്റെയും ഉത്തരവാദിത്വവും കടമയും ചര്‍ച്ചകളില്‍ മാത്രമായി ഒതുങ്ങിപ്പോകരുത്. ഗവര്‍ണറുടെ ഈ നീക്കം അഭിനന്ദനാര്‍ഹം തന്നെയാണ്. നടപ്പിലാക്കാന്‍ അല്‍പ്പം പ്രയാസമേറിയ കാര്യമാണെങ്കിലും, നല്ലൊരു കാര്യത്തിനായി നമ്മുടെ സര്‍ക്കാരും സര്‍വകലാശാലകളും പൊതുസമൂഹവും മുന്‍കൈയെടുക്കണം.
(കൊച്ചി സര്‍വകലാശാല സെന്റര്‍ ഫോര്‍
സയന്‍സ് ഇന്‍ സൊസൈറ്റി അസിസ്റ്റന്റ്
പ്രൊഫസറാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago