മുങ്ങിമരണം, വേണം ജലസുരക്ഷാ പദ്ധതി
കെ.ജംഷാദ്
കേരളത്തിൽ മുങ്ങിമരണം വർധിക്കുകയാണ്. കഴിഞ്ഞ ആറുവർഷത്തിൽ 11,947 മുങ്ങിമരണങ്ങളാണ് നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം നടന്നത്. ഇതിൽ 22 ശതമാനം ആത്മഹത്യകളാണെങ്കിൽ 78 ശതമാനവും അപകടങ്ങളാണ്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ മുങ്ങിമരണങ്ങളും നടക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയും മുങ്ങിമരണങ്ങൾ നടക്കുന്നുവെന്നതും അവ ചെറുക്കാനുള്ള നടപടികൾ എന്തല്ലാമാണെന്നും വളരെ ഗൗരവത്തോടെ പഠിക്കേണ്ടിയിരിക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങളായി മാത്രം കാണേണ്ടവയല്ല ഇത്തരം അപകടങ്ങൾ.
11,947 പേർ മരിച്ചതിൽ 2,687 പേർ ആത്മഹത്യ ചെയ്തവാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ മാത്രം 5,247 പേർ കേരളത്തിൽ മുങ്ങി മരിച്ചിട്ടുണ്ട്. ഈ കണക്കിൽ 1,272 പേർ ആത്മഹത്യ ചെയ്തവരാണ്. നദികളിലും തോടുകളിലും വീണുള്ള മരണങ്ങളാണ് ഏറെയും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വെള്ളത്തിൽ ചാടി ജീവനൊടുക്കുന്നവരിൽ കൂടുതൽ പത്തനംതിട്ട ജില്ലയിലാണ്. ആത്മഹത്യയുടെ കാരണം മാനസികവും സാമ്പത്തികവും സാമൂഹികവുമാണ്. ഇവയെ ആ രീതിയിൽ ബോധവൽക്കരണവും കൗൺസിലിങ്ങും നൽകി പരിഹരിക്കാനേ സാധിക്കൂ.
സാധാരണ മുങ്ങിമരണങ്ങൾക്ക് പ്രധാനകാരണം അശ്രദ്ധയാണെന്നാണ് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. ജലാശയങ്ങളിൽ വീണുള്ള അപകടങ്ങളിൽ ഇരകളാക്കപ്പെടുന്നവരിൽ കുട്ടികളും സ്ത്രീകളും മുതിർന്നവരുമുണ്ട്. ബന്ധുവീടുകളിലോ സുഹൃത്തുക്കളുടെ വീടുകളിലോ സന്ദർശിക്കുമ്പോഴോ വിനോദ യാത്രകളിലോ ആണ് കൂടുതൽ അപകടങ്ങളും ഉണ്ടാകുന്നത്. നീന്തലറിയാത്തവരാണ് കൂടുതലും മുങ്ങി മരിക്കുന്നത്. എന്നാൽ, നീന്തലറിയുന്നവരും മുങ്ങി മരിക്കുന്നുണ്ട്. നീന്തലറിയാമെങ്കിലും പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങുന്നത് അപകടകരമാണെന്നാണ് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന മുന്നറിയിപ്പ്.
കേരളത്തിൽ പ്രതിവർഷം ശരാശരി ആയിരത്തിലധികം പേർ മുങ്ങി മരിക്കുന്നുണ്ട്. 2018ലെ പ്രളയത്തിൽ കേരളത്തിൽ മരിച്ചത് 480 പേരാണ്. 2004 ലെ സുനാമിയിൽ മരിച്ചത് 174 പേരാണ്. ഒരോ നാലു മാസത്തിലും പ്രളയത്തിൽ മരിച്ചതിനേക്കാൾ കൂടുതൽ പേർ കേരളത്തിൽ മുങ്ങി മരിക്കുന്നുണ്ട്. കേസുകൾ ഒറ്റപ്പെട്ടതായതിനാൽ ആരും ശ്രദ്ധിക്കുന്നില്ലെന്നു മാത്രം. നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ ആക്‌സിഡന്റൽ ഡെത്ത്‌സ് ആൻഡ് സൂയിസൈഡ്‌സ് ഇൻ ഇന്ത്യ എന്നതിൽനിന്നാണ് മുങ്ങി മരണ കണക്കുകൾ ലഭിക്കുക.
റോഡപകടങ്ങൾക്കും മറ്റും റോഡ് സുരക്ഷാ സമിതികളും കമ്മിറ്റികളുമുണ്ട്. അപകടങ്ങൾ എങ്ങനെ കുറയ്ക്കാം എന്നതിനെ കുറിച്ച് പഠനങ്ങളും നടപടികളും സ്വീകരിക്കുന്നുണ്ട്. എ.ഐ കാമറ ഉൾപ്പെടെ രംഗത്തുവന്നത് ഈയിടെയാണ്. ഹെൽമറ്റ്, എ.ഐ കാമറ തുടങ്ങിയവ റോഡപകടങ്ങളിലെ മരണം കുറച്ചിട്ടുണ്ട്. എന്നാൽ, മുങ്ങി മരണങ്ങളെ കുറിച്ച് കേരളം വേണ്ടത്ര രീതിയിൽ ഗൗനിക്കുന്നില്ല. ഇതേകുറിച്ച് പഠിക്കാനോ പ്രതിരോധ മാർഗങ്ങളെ കുറിച്ച് ആലോചിക്കാനോ നടപ്പാക്കാനോ കമ്മിറ്റികളോ സമിതികളോ ഇല്ല. മുങ്ങിമരണം തടയേണ്ടത് ആരാണ്, ഫണ്ട് മുടക്കേണ്ടത് ആരാണ് എന്നിങ്ങനെയുള്ള വ്യവസ്ഥകളൊന്നും ഇല്ല.
വാഹനാപകടത്തിന്റെ കാര്യത്തിൽ കാര്യങ്ങൾ മറിച്ചാണ്. ഇൻഷുറൻസും ഉത്തരവാദിയും പണവും കേസും കോടതിയും നഷ്ടപരിഹാരവും എല്ലാം ഉണ്ട്.
സാധാരണ രീതിയിൽ മുങ്ങിമരിക്കുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കാൻ വകുപ്പുണ്ടോ? പ്രകൃതിക്ഷോഭത്തിലും മറ്റും മരിക്കുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കും. മുങ്ങിമരണം സംബന്ധിച്ച് പ്രത്യേക നിയമങ്ങൾ ഇല്ല, വകുപ്പില്ല, ഫണ്ടില്ല എന്നതാണ് സ്ഥിതി. ഈ അവസ്ഥ മാറിയേ തീരൂ. ഏറ്റവും ചുരുങ്ങിയത് മുങ്ങിമരണം തടയാൻ ബോധവൽക്കരണമെങ്കിലും നടത്തണം.
കാലാവസ്ഥ മോശമാകുമ്പോഴും മറ്റും കുത്തൊഴുക്കിലോ, മലവെള്ളപ്പാച്ചിലിലോ ഒഴുക്കിൽപ്പെടുന്നവരും ടൂറിസം കേന്ദ്രങ്ങളിൽ മുങ്ങിമരിക്കുന്നവരും ഉണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പോലും ശാസ്ത്രീയമായ മുന്നറിയിപ്പ് നൽകാൻ നമുക്ക് സംവിധാനമില്ല. വെള്ളച്ചാട്ടങ്ങളിൽ മലവെള്ളം ഒലിച്ചെത്തുന്നതുവരെ ടൂറിസം കേന്ദ്രങ്ങൾ തുറന്നിരിക്കുന്നു. ആളുകൾ അപകടത്തിൽപ്പെട്ട സാഹചര്യവുമുണ്ട്. ഇത് നേരത്തെ കണ്ടെത്തി നിയന്ത്രണം ഏർപ്പെടുത്താൻ സംവിധാനമില്ല. ഇതിനെല്ലാം മാറ്റം വരേണ്ടതുണ്ട്. കാലാവസ്ഥാ പ്രവചനവുമായി ബന്ധപ്പെട്ട് ഇത്തരം വിനോദസഞ്ചാര മേഖലകളിലേക്കുള്ള നിയന്ത്രണം പരിമിതപ്പെടുത്താനാകും.
പുഴയിലും നദിയിലും നീന്തലറിയാത്തവർ ഇറങ്ങുന്നത് പ്രോത്സാഹിപ്പിക്കരുത്. തോട്ടിലും പാടങ്ങളിലും പോലും മുങ്ങിമരണം സംഭവിക്കുന്നു. മുങ്ങിമരണത്തിന് കൂടുതൽ ആഴമോ വെള്ളമോ വേണമെന്നില്ല. ശ്വാസകോശത്തിൽ വെള്ളംകയറിയാൽ മരണം സംഭവിക്കാം. കുഞ്ഞുങ്ങൾ ബക്കറ്റിൽ വീണുള്ള മരണങ്ങളും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരം അപകടങ്ങൾ മിക്കതും അശ്രദ്ധമൂലമാണ് സംഭവിക്കുന്നത്.
വെള്ളത്തിലിറങ്ങുന്നവർ ലൈഫ് ജാക്കറ്റ് ഉപയോഗിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നീന്തൽപഠനം സ്‌കൂളുകളിൽ നിർബന്ധമാക്കണം. സ്‌കൂളുകളിൽ റെസ്‌ക്യു ടെക്‌നിക്കുകളും പാഠ്യപദ്ധതിയുടെ ഭാഗമായി പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും വേണം. പുഴയുടെ സ്വഭാവം മനസിലാക്കാതെ നീന്താൻ പോകുന്നവർ, വേണ്ടത്ര ശാരീരിക ക്ഷമതയില്ലാതെ നീന്താനിറങ്ങുന്നതും അപസ്മാരമുള്ളവർ വെള്ളത്തിലിറങ്ങുന്നതും സുരക്ഷിതമല്ല.
വെള്ളത്തിൽ വീണുള്ള മരണം തടയാൻ നിയമവും വകുപ്പും ഫണ്ടും വേണം. അല്ലെങ്കിൽ ഇത്തരത്തിൽ മരണപ്പെടുന്നവർക്ക് നഷ്ടപരിഹാര തുക നൽകാൻ കോടതികൾ വിധിക്കണം. പൗരന്റെ ജീവന് വലിയ വിലയുണ്ടെന്ന് സർക്കാരിന് ബോധ്യപ്പെടാത്തിടത്തോളം കാലം ഇത്തരം നിയമങ്ങൾ വരുമെന്ന് തോന്നുന്നില്ല.
സാഹസികത പ്രോത്സാഹിപ്പിക്കുമ്പോൾ നാം സുരക്ഷയ്ക്ക് മുൻതൂക്കം നൽകണം. ബോട്ട് യാത്രക്കാർക്കും വള്ളത്തിൽ പോകുന്നവർക്കും ലൈഫ് ജാക്കറ്റ് ഉറപ്പുവരുത്തണം.
കേരളത്തിന് ജലസുരക്ഷാ പദ്ധതിയില്ല. അത് കൂടുതൽ സമഗ്രമായി വേണം. ജനങ്ങളിൽ ജലസുരക്ഷാ ബോധവും കുറവാണ്. ജനങ്ങളോട് ജലസുരക്ഷയെ കുറിച്ചോ അതില്ലാതാകുമ്പോഴുള്ള ഭവിഷ്യത്തുക്കളെ കുറിച്ചോ ആരും ബോധവൽക്കരണം നടത്തിയിട്ടില്ല. അത്തരമൊരു സുരക്ഷാബോധം വേഗത്തിൽ പരിശീലിപ്പിക്കാനാകുക കുട്ടികളിലാണ്. സുരക്ഷിതരായിരിക്കാൻ മുതിർന്നവർക്കും ബോധവൽക്കരണം നൽകണം. അധികാരികൾ മടിച്ചു നിൽക്കാതെ മുന്നിട്ടിറങ്ങണം. എന്നാൽ, എൻ.സി.ആർ.ബിയിലെ കണക്കുകളിൽ അടുത്ത വർഷങ്ങളിൽ കുറവുവരുന്നത് കാണാം.
Content Highlights: Today's Article About Water saftey
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."