വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ ജില്ലാകമ്മിറ്റിയിലും ജി. സുധാകരന്‍; കമ്മിഷന്‍ 25ന് ആലപ്പുഴയില്‍
സ്വന്തം ലേഖകന്‍
ആലപ്പുഴ: തെരഞ്ഞെടുപ്പ് അവലോകനരേഖ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന സി.പി.എം ജില്ലാകമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ മുന്‍ മന്ത്രി ജി. സുധാകരന്‍. സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനരേഖയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത 40 പേരില്‍ അഞ്ചുപേര്‍ ഒഴികെ എല്ലാവരും കമ്മിഷനെ നിയോഗിച്ച സംസ്ഥാന കമ്മിറ്റി തീരുമാനത്തെ സ്വാഗതം ചെയ്തു. എന്നാല്‍ ആലപ്പുഴയിലെ പാര്‍ട്ടിയില്‍തന്നെ ചര്‍ച്ചചെയ്തു പരിഹരിക്കാവുന്ന കാര്യങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ചൂണ്ടികാട്ടി തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച സുധാകരന്‍ അനുകൂലികള്‍ ജയിച്ച മണ്ഡലങ്ങളുമായി ബന്ധപ്പെട്ടു അന്വേഷണ കമ്മിഷനെ നിയോഗിച്ച നടപടിയെ വിമര്‍ശിച്ചു.
അമ്പലമ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന പോരായ്മകള്‍ സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി നിയോഗിച്ചിരിക്കുന്ന രണ്ടംഗ കമ്മിഷന്‍ ഈ മാസം 25 ന് ജില്ലയിലെത്തും. കമ്മിഷന്‍ അംഗങ്ങളായ കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ കെ.ജെ തോമസും തെളിവെടുപ്പിനായി എത്തുന്നത് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.
എ.എം ആരിഫ് എം.പി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സുധാകരനെതിരേ പരോക്ഷ വിമര്‍ശനം നടത്തി. ജില്ലയില്‍ സി.പി.എം മത്സരിക്കുന്ന ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ തോല്‍ക്കുമെന്ന് മുതിര്‍ന്ന നേതാവ് തന്നെ പ്രചാരണം നടത്തിയെന്നും ഇത് പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്നുമായിരുന്നു ആരിഫിന്റെ വിമര്‍ശനം. എന്നാല്‍ വിമര്‍ശനങ്ങള്‍ കേട്ടിരുന്ന സംസ്ഥാന കമ്മിറ്റിയംഗമായ ജി. സുധാകരന്‍ പ്രതികരിച്ചില്ല. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതികളില്‍ ജില്ലാകമ്മിറ്റിയുടെ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ.രാഘവന്‍, രഘു, മനോഹരന്‍ എന്നീ നേതാക്കള്‍ക്കെതിരേ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാനും തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റി ഉള്‍പ്പെടെ പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് തെരഞ്ഞെടുപ്പിന് ശേഷം വിട്ടുനില്‍ക്കുന്ന സുധാകരന്‍ ശനിയാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും പങ്കെടുത്തിരുന്നെങ്കിലും പ്രതികരിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."