കനത്ത മഴ: മുംബൈയില്‍ 33 മരണം
മുംബൈ: കനത്ത മഴയെത്തുടര്‍ന്നുണ്ടായ ദുരന്തങ്ങളില്‍ മുംബൈയില്‍ 33 പേര്‍ മരിച്ചു. മഴയില്‍ മതിലുകള്‍ തകര്‍ന്നുവീണും വീടുതകര്‍ന്നുമാണ് ഇത്രയും പേര്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. വ്യാപകമായ മണ്ണിടിച്ചിലും നാശനഷ്ടങ്ങളുമുണ്ടായി. ചെമ്പൂരിലെ ഭാരത് നഗറില്‍ മതില്‍ തകര്‍ന്നു വീണ് 21 പേരാണ് മരിച്ചത്. മണ്ണിനടിയില്‍ നിന്ന് 15 പേരെ രക്ഷിച്ചു.
വിക്‌റോലി ഈസ്റ്റിലെ സൂര്യനഗറില്‍ വീടുകള്‍ തകര്‍ന്ന് 10 പേരും മരിച്ചു. ബന്ദൂപില്‍ മതില്‍ തകര്‍ന്ന് ഒരാളും അന്ധേരിയിലെ ഫിര്‍ദൗസ് മിഠായിക്കടയില്‍ ഷോക്കേറ്റ് ഒരാളും മരിച്ചു. ചാന്ദിവാലിയില്‍ മണ്ണിടിച്ചിലില്‍ രണ്ടാള്‍ക്ക് പരുക്കേറ്റു.
ശനിയാഴ്ച രാത്രിയും ഞായറാഴ്ചയുമായി 11 ഇടത്ത് മണ്ണിടിഞ്ഞോ, വീടു തകര്‍ന്നോ അപകടമുണ്ടായതായിട്ടാണ് റിപ്പോര്‍ട്ട്. മരം വീണ ഒന്‍പത് സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
നഗരത്തില്‍ സബര്‍ബന്‍ റെയില്‍ സര്‍വിസുകള്‍ റദ്ദാക്കി. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍.ഡി.ആര്‍.എഫ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ചുലക്ഷം പ്രഖ്യാപിച്ചു.
ദുരന്തത്തിനിരയായവര്‍ക്ക് പൂര്‍ണമായും സൗജന്യ ചികിത്സ നല്‍കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ടുലക്ഷം രൂപ പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് അരലക്ഷം രൂപ വീതം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."