പൂയംകുട്ടി നടപ്പാക്കാന്‍ തന്ത്രപരമായി കെ.എസ്.ഇ.ബി ആദ്യം തുടങ്ങുക അവസാനഘട്ടമായ മാങ്കുളം പദ്ധതി
ബാസിത് ഹസന്‍
തൊടുപുഴ: പ്രകൃതി സ്‌നേഹികളുടേയും പരിസ്ഥിതി പ്രവര്‍ത്തകരുടേയും എതിര്‍പ്പുമൂലം ഉപേക്ഷിച്ച പൂയംകുട്ടി ഘട്ടംഘട്ടമായി നടപ്പാക്കാന്‍ വൈദ്യുതി ബോര്‍ഡ്. പൂയംകുട്ടി പദ്ധതിയുടെ അവസാനഘട്ടമായ 40 മെഗാവാട്ടിന്റെ മാങ്കുളം പദ്ധതിയാണ് ആദ്യം നടപ്പാക്കുന്നത്.
ടെന്‍ഡര്‍ നടപടി ആരംഭിക്കാന്‍ കഴിഞ്ഞ 12ന് ചേര്‍ന്ന കെ.എസ്.ഇ.ബി ഫുള്‍ ബോര്‍ഡ് യോഗം ചീഫ് എന്‍ജിനിയര്‍ക്ക് (സിവില്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ സെന്‍ട്രല്‍) നിര്‍ദേശം നല്‍കി. പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 310 കോടിയാണ്. പദ്ധതിക്കാവശ്യമായ 80.013 ഹെക്ടര്‍ ഭൂമിയില്‍ 72.79 ഹെക്ടറും ഏറ്റെടുത്തു കഴിഞ്ഞു. മേലേച്ചെറിയാറില്‍ ഡാം നിര്‍മിച്ച് മൂന്നുകിലോമീറ്റര്‍ അകലെ കുറത്തിക്കുടിയില്‍ പവര്‍ഹൗസ് നിര്‍മിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുക. അണക്കെട്ടില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ ടണലും ഒരുകിലോമീറ്റര്‍ പെന്‍സ്റ്റോക്ക് പൈപ്പും സ്ഥാപിച്ചാണ് വെള്ളം എത്തിക്കുന്നത്. കടലാര്‍, രാജമല ഡൈവേര്‍ഷന്‍ ഡാമുകളും പദ്ധതിയുടെ ഭാഗമാണ്.
കേരളത്തിലെ ജലസമ്പത്തിനേക്കുറിച്ച് 1958ല്‍ വൈദ്യനാഥയ്യര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് പൂയംകുട്ടി പദ്ധതി എന്ന നിര്‍ദേശം ഉയരുന്നത്. 1960 ല്‍ സര്‍വേ നടന്നു. 1981 ഓടെ ബോര്‍ഡ് റിപ്പോര്‍ട്ട് തയാറാക്കി. അഞ്ച് പദ്ധതികളായാണ് പൂയംകുട്ടി വിഭാവനം ചെയ്തത്. പൂയംകുട്ടി ഒന്നാംഘട്ടം, പൂയംകുട്ടി രണ്ടാംഘട്ടം, അപ്പര്‍ ഇടമലയാര്‍, ആനമലയാര്‍, മാങ്കുളം എന്നിങ്ങനെ. ഇതില്‍ 11 അണക്കെട്ടുകളും നാല് വൈദ്യുതി നിലയങ്ങളും സ്ഥാപിച്ച് 760 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനായിരുന്നു പദ്ധതി. ഒന്നാംഘട്ടത്തില്‍ പൂയംകുട്ടിയാറില്‍ ഡാം നിര്‍മിച്ച് 120 മെഗാവാട്ട് ഉത്പാദിപ്പിക്കാനായിരുന്നു ലക്ഷ്യം. രണ്ടാംഘട്ടത്തില്‍ ശേഷി 480 മെഗാവാട്ടായി വര്‍ധിപ്പിക്കും. ആനമല, മണലി ഡാമുകള്‍ നിര്‍മിച്ച് 50 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകള്‍ സ്ഥാപിക്കലായിരുന്നു മൂന്നാംഘട്ടം. നാലാംഘട്ടത്തില്‍ അപ്പര്‍ ഇടമലയാര്‍, കടലാര്‍ ഡാമുകള്‍ നിര്‍മിച്ച് 45 മെഗാവാട്ടിന്റെ രണ്ടു ജനറേറ്ററുകള്‍ സ്ഥാപിക്കലായിരുന്നു ലക്ഷ്യം. അഞ്ചാം ഘട്ടത്തില്‍ മാങ്കുളത്ത് അണക്കെട്ട് നിര്‍മിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനായിരുന്നു പദ്ധതി. 1981 ല്‍ ഒന്നാംഘട്ടത്തിന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുമതി നിഷേധിച്ചു. കെ.എഫ്.ആര്‍.ഐയുടെ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 1994 ല്‍ പൂയംകുട്ടിക്ക് അന്തിമമായി അനുമതി നിഷേധിച്ചു. കോയമ്പത്തൂര്‍ സലീം അലി സെന്റര്‍ ഫോര്‍ ഓണത്തോളജിയെ വീണ്ടും സംസ്ഥാന സര്‍ക്കാര്‍ പഠനത്തിന് ചുമതലപ്പെടുത്തി. പൂയംകുട്ടി വനമേഖല ബയോസ്ഫിയര്‍ റിസര്‍വായി സംരക്ഷിക്കണമെന്നായിരുന്നു ഇവരുടെ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."