കോണ്‍ഗ്രസ് പ്രസിഡന്റ്: അരങ്ങൊരുങ്ങുന്നത് ത്രികോണ മല്‍സരത്തിനോ? ഇന്ന് ചിത്രം തെളിയും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മല്ലിഗാര്‍ജുന്‍ ഗാര്‍ഗെ കൂടി രംഗത്തെത്തിയതോടെ പതിറ്റാണ്ടുകള്‍ക്ക് ശേഷം കടുത്ത മല്‍സരം ഉറപ്പായി. ദ്വിഗ്‌വിജയ് സിങ്, ശശി തരൂര്‍ എന്നിവര്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചതിനാല്‍ ശക്തമായ ത്രികോണ മല്‍സരത്തിനാണ് കളമൊരുങ്ങുന്നത്.
ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണിക്കാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന സമയം. വരും മണിക്കൂറുകളില്‍ ആരൊക്കെ പത്രിക സമര്‍പ്പിക്കുമെന്ന് വ്യക്തമാവും. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും മാറിനിന്നതോടെ 25 വര്‍ഷങ്ങള്‍ക്കു ശേഷം ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ പാര്‍ട്ടിയുടെ തലപ്പത്ത് എത്തുമെന്ന് ഉറപ്പായി.
അവസാന മണിക്കൂറുകളില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളും ചര്‍ച്ചകളുമാണ് നടന്നുവരുന്നത്. നാമനിര്‍ദേശ പത്രിക വാങ്ങിയെന്നല്ലാതെ ആരും ഇതുവരെ പത്രിക സമര്‍പ്പിച്ചിട്ടില്ല. ഹൈക്കമാന്‍ഡിന്റെ പിന്തുണയോടെയാണ് മുതിര്‍ന്ന നേതാവ് മല്ലിഗാര്‍ജുന്‍ ഗാര്‍ഗെ മല്‍സരരംഗത്തെത്തിയത്. ഗാര്‍ഗെക്ക് ഗാന്ധി കുടുംബത്തിന്റെ പിന്തുണയുമുണ്ട്. ഇത് ദ്വിഗ്‌വിജയ് സിങിന് കനത്ത തിരിച്ചടിയായേക്കും. രാജ്യസഭ എം.പി പ്രമോദ് തിവാരിയാണ് ഗാര്‍ഗെയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് മല്‍സരിക്കാനില്ലെന്ന് അറിയിച്ചതോടെയാണ് ദ്വിഗ്‌വിജയ് സിങ് രംഗത്തെത്തിയത്.
ഹൈക്കമാന്‍ഡിന്റെ സ്ഥാനാര്‍ത്ഥിയായി ഒരാള്‍ രംഗത്തെത്തുന്ന പക്ഷം ദ്വിഗ്‌വിജയ് സിങ് പിന്മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മുകുള്‍ വാസ്‌നിക്, കുമാരി സെല്‍ജ എന്നിവരേയും ഹൈക്കമാന്റ് പരിഗണിച്ചിരുന്നു. അതേസമയം, അവസാന നിമിഷം പ്രിയങ്ക തന്നെ മല്‍സരിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
പാര്‍ട്ടിയിലെ തിരുത്തല്‍ വിഭാഗമായി രംഗത്തുള്ള ജി-23 യുടെ പിന്തുണയില്ലാതെയാണ് ശശി തരൂര്‍ മല്‍സരിക്കുന്നതെന്ന് കരുതപ്പെടുന്നു. വ്യാഴാഴ്ച ആനന്ദ് ശര്‍മയുടെ വസതിയില്‍ ഏതാനും ജി-23 നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. മുന്‍ കേന്ദ്ര മന്ത്രി മനീഷ് തിവാരി, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി പ്രൃഥിരാജ് ചവാന്‍, മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ എന്നിവര്‍ പങ്കെടുത്തു.
തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ മുന്‍നിര്‍ത്തി പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ രാഹുലിന്റെ നേതൃത്വത്തിനെതിരേ വിമര്‍ശനം ഉയര്‍ന്നതോടെയാണ് അധ്യക്ഷ സ്ഥാനമേറ്റെടുക്കാനില്ലെന്ന നിലപാടിലേക്ക് അദ്ദേഹം എത്താന്‍ കാരണം. 19 വര്‍ഷം പാര്‍ട്ടിയെ നയിച്ച സോണിയയില്‍ നിന്ന് 2017ലാണ് രാഹുല്‍ അധ്യക്ഷ സ്ഥാനമേറ്റെടുത്തത്. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തുടര്‍ച്ചയായ രണ്ടാം തിരിച്ചടി നേരിട്ടപ്പോള്‍ സ്ഥാനമൊഴിയുകയായിരുന്നു. തുടര്‍ന്ന് സോണിയ താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേറ്റെടുത്തു. സീതാറാം കേസരിയായിരുന്നു ഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ള അവസാനത്തെ കോണ്‍ഗ്രസ് പ്രസിഡന്റ്.
അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്ന പ്രധാന വെല്ലുവിളിയാണ് പുതിയ പ്രസിഡന്റിനെ കാത്തിരിക്കുന്നത്. ഒക്ടോബര്‍ 17നാണ് തെരഞ്ഞെടുപ്പ്. 19ന് ഫലം പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."