ഇരുട്ടുമുറി
കഥ
പ്രദോഷ് വാസു
കത്തിയെരിയുന്ന പകലിലേക്ക് മെല്ലെ ഇരുട്ടിന്റെ കരിനാഗങ്ങള്‍ പുളഞ്ഞുകയറാന്‍ തുടങ്ങിയതും ആട്ടിന്‍പറ്റങ്ങളെയും കൊണ്ട് അയാള്‍ കുന്നിറങ്ങി ഉസ്ബയിലെത്തി. നന്നേ ക്ഷീണിതനായിരുന്ന അയാള്‍ അല്‍പ്പം ഈന്തപ്പഴവും വെള്ളവും കുടിച്ചശേഷം മണല്‍ക്കാറ്റിനെ ചെറുക്കാനായി ചാക്കു കീറിയുണ്ടാക്കിയ ഉസ്ബയുടെ ജാലകവിരി ഉയര്‍ത്തി അലസമായി മിഴികള്‍ പുറത്തേക്കു പായിച്ചു. വിശാലമായ മരുഭൂമിയില്‍ ഇരുട്ടിന്റെ കരിമ്പടം അഴിഞ്ഞുവീഴുമ്പോള്‍ അയാളുടെ ഉള്ളിലും ഇരുട്ട് പരക്കുകയായിരുന്നു. ആ ഇരുട്ടില്‍ വെളുത്ത വസ്ത്രം ധരിച്ച് നിസ്‌ക്കരിക്കുന്ന ഉമ്മ.
'മോന്‍ ഊണു കഴിച്ചോ? എത്ര തിരക്കായാലും പട്ടിണി കിടക്കരുത്... '
ഇന്നലെ സ്വപ്‌നത്തിലെത്തി ഉമ്മ തിരക്കിയതാണ്.
ദൂരെനിന്ന് വേദനയോടെ ആരോ പാടുന്ന സൂഫി ഗസലുകള്‍ കേള്‍ക്കാം. ഒപ്പം ഒട്ടകങ്ങളുടെയും ആടുകളുടെയും കരച്ചിലുകളും. വിദൂരതയില്‍ പൊടിക്കാറ്റിനിടയിലൂടെ യജമാനനെയും കൊണ്ട് ഓടി വരുന്ന ഒട്ടകത്തിന്റെ കഴുത്തില്‍ തൂക്കിയ വെട്ടം. അയാളുടെ മനസ് നാട്ടിലെ തന്റെ ഒറ്റമുറി വീടിന്റെ പൂമുഖത്തേക്ക് നടന്നടുക്കുകയായിരുന്നു. രാത്രി വൈകിയും വീടിന്റെ ഉമ്മറത്തു തന്നെയും കാത്ത് എരിയുന്ന ഓട്ടുവിളക്കും മണ്‍കലത്തില്‍ അടച്ചുവച്ച കഞ്ഞിയും അതിനപ്പുറം ആധിയോടെ കാത്തിരിക്കുന്ന രണ്ട് കണ്ണുകളും.
ഉമ്മ!
കയ്പ്പു നിറഞ്ഞ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പകലന്തിയോളം തോണി തുഴഞ്ഞ ഉപ്പ ഒടുവില്‍ ആ പുഴയില്‍ തന്നെ...
രാത്രി വൈകിയിട്ടും ഉപ്പയുടെ കൈയിലെ മിഠായി പൊതിക്കായി കാത്തിരുന്ന തന്റെ മുന്നിലേക്കെത്തിയത് ഉപ്പയുടെ വെള്ളപുതച്ച ശരീരം. അന്ന് നാലു വയസ്. പിന്നെ എല്ലാം ഉമ്മയായിരുന്നു. ഉപ്പയുടെ ഓര്‍മകള്‍ നിറയുന്ന വീടിനോടും ഒറ്റമുറിയിലെ ഇരുട്ടിനോടും ഒരു ഭ്രാന്തിയെപ്പോലെ മിണ്ടിയും പറഞ്ഞും ഇത്രയും കാലം തനിക്കായി ജീവിച്ച തന്റെ പ്രിയപ്പെട്ട ഉമ്മ. പാവം!
ഇപ്പോഴും തന്റെയും ഉപ്പയുടെയും സ്മരണകളുമായി ആ വീടിന്റെ മൂലയിലെവിടെയെങ്കിലും ചുരുണ്ടുകൂടിയിരിക്കുന്നുണ്ടാവും.
ആ നെഞ്ചിലെ നെടുവീര്‍പ്പ് തൊട്ടുമുന്നില്‍ നിന്ന് ഉയരുംപോലെ തോന്നിയ അയാള്‍ ചിന്തകളില്‍നിന്ന് പിന്‍വാങ്ങി, മെല്ലെ നിറമിഴികള്‍ തുടച്ചു. കറന്റും ഫോണുമില്ലാത്ത മരുഭൂമിയില്‍ മനസിനെ മഥിക്കാന്‍ പടികടന്നെത്തുന്ന ഓരോ ഓര്‍മകള്‍... വേദന സ്വയം നെഞ്ചേറ്റി നീറിപ്പുകയുന്നവനാണ് ഓരോ ഉസ്ബയിലെയും കാവല്‍ക്കാരന്‍.
പുറത്ത് ആടുകള്‍ ബഹളം വയ്ക്കുകയാണ്. അയാള്‍ നിലാവില്‍ നടന്ന് ആടുകള്‍ക്കടുത്തെത്തി. ദുഃഖിക്കുമ്പോള്‍ കിലോമീറ്ററുകള്‍ അകലെ കഴിയുന്ന ഉസ്ബകളിലെ ജീവനുകള്‍ക്ക് ആശ്വാസമാണ് ഒട്ടകങ്ങളും ആടുകളും. അവക്ക് മനുഷ്യന്റെ നൊമ്പരങ്ങളെ തിരിച്ചറിയാനാകുമെന്ന് അയാള്‍ക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. അന്നു പതിവിനു വിപരീതമായി ആടുകള്‍ അയാളോട് കൂടുതല്‍ ചേര്‍ന്നുനിന്നു. തൊട്ടുരുമി തങ്ങളുടെ സ്‌നേഹം പ്രകടിപ്പിച്ചു.
നാട്ടിലെത്തിയാലുടന്‍ ഒറ്റമുറിവീട് പൊളിച്ച് പുതിയൊരു വീടുപണിയണം. നടക്കാതെ പോയ ഉപ്പയുടെ ആഗ്രഹമാണത്. ഒപ്പം നാട്ടുക്കാരെ വിളിച്ചുകൂട്ടി ഉമ്മ കൊതിച്ചതുപോലെ തന്നെ തന്റെ നികാഹും. പെട്ടന്നാണ് ഇരുട്ടില്‍നിന്ന് മൈലുകള്‍ അപ്പുറത്തുള്ള ഉസ്ബയിലെ ഹൈദറിന്റെ ശബ്ദമെത്തിയത്. 'മജീദേ ...''
അയാള്‍ മെല്ലെ തിരിഞ്ഞു. ഇരുളില്‍ തന്റെ അരികിലേക്ക് കുലുങ്ങി വിറതുള്ളിയെത്തുന്ന ഒരു റാന്തല്‍ വെട്ടം. മജീദിന്റെ ഉള്ളില്‍ നടുക്കമുണ്ടായി. അത് പതിവില്ല. എന്തെങ്കിലും അത്യാഹിതമുണ്ടെങ്കില്‍ മാത്രമേ ഒരു ഉസ്ബയിലെ ആള്‍ കിലോമീറ്ററുകള്‍ നടന്ന് മറ്റൊരു ഇസ്ബയില്‍ എത്തുകയുള്ളൂ. ഹൈദര്‍ സ്‌നേഹത്തോടെ മജീദിനെ കമ്പുകള്‍ കെട്ടിയുണ്ടാക്കിയ കട്ടിലില്‍ ഇരുത്തി. പിന്നെ മെല്ലെ മെല്ലെ പറഞ്ഞൊപ്പിച്ചു.
'ഉമ്മ നമ്മളെ വിട്ട്... നാഥന്റെ വിളിക്കുത്തരം നല്‍കി...'
അയാള്‍ക്ക് ഭൂമി കീഴ്‌മേല്‍മറിയുംപോലെ തോന്നി. കണ്ണുകളില്‍ ഇരുട്ടുകയറുന്നു. ആ അന്ധകാരത്തിലൂടെ വെളുത്ത വസ്ത്രം ധരിച്ച് പള്ളിക്കാട്ടിലെ ഉപ്പയുടെ ഖബറിനരികിലേക്ക് ഓടുന്ന ഉമ്മയെ അയാള്‍ തേങ്ങലോടെ കണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."