രാജ്യദ്രോഹക്കുറ്റം ചോദ്യം ചെയ്ത് സുപ്രിംകോടതിയിലുള്ളത് ഏഴ് ഹരജികള്‍
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന 124 എ വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രിംകോടതിയിലുള്ളത് ഏഴ് ഹരജികള്‍. 1962ലെ കേദാര്‍നാഥ് കേസില്‍ സുപ്രിംകോടതി 124 എ വകുപ്പ് ശരിവച്ചതിനുശേഷം രാജ്യദ്രോഹക്കുറ്റം ചോദ്യം ചെയ്തുവരുന്ന ഹരജികളെല്ലാം തള്ളുകയാണ് കോടതി ചെയ്യാറ്.
എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം രാഷ്ട്രീയ എതിരാളികള്‍ക്കും സമരക്കാര്‍ക്കും എതിരേ വ്യാപകമായി രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ തുടങ്ങിയതോടെയാണ് സുപ്രിംകോടതി ഇതുവീണ്ടും പരിഗണിക്കാന്‍ തീരുമാനിച്ചത്. മണിപ്പൂരില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍ചന്ദ്ര വാങ്‌ഗേച്ച്മ, ഛത്തീസ്ഗഡിലെ മാധ്യമപ്രവര്‍ത്തകന്‍ കനയ്യ ലാല്‍ ശുക്‌ള എന്നിവരാണ് കേസിലെ ആദ്യ ഹരജിക്കാര്‍. പിന്നാലെ പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ്, റിട്ട. മേജന്‍ ജനറല്‍ എസ്.ജി വോംബാത്‌കെരേ, എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, ഫൗണ്ടേഷന്‍ ഓഫ് മീഡിയ പ്രൊഫഷണല്‍സ്, മലയാളി മാധ്യമപ്രവര്‍ത്തകനും നടനുമായ ശശികുമാര്‍, കോമണ്‍കോസ് എന്ന സന്നദ്ധ സംഘടനക്കുവേണ്ടി അരുണ്‍ഷൂറി എന്നിവരാണ് ഹരജി നല്‍കിയിരിക്കുന്നത്.
ഇതില്‍ മാധ്യമപ്രവര്‍ത്തകരുടെ ഹരജിയില്‍ മറുപടി സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. റിട്ട. മേജന്‍ ജനറല്‍ എസ്.ജി വോംബാത്‌കെരേയുടെ ഹരജി പരിഗണിച്ച സുപ്രിംകോടതി ഈ നിയമത്തിനെതിരേ നിര്‍ണായക നിരീക്ഷണങ്ങള്‍ നടത്തി. അരുണ്‍ഷൂരിയുടെ ഹരജി ഇതുവരെ പരിഗണിച്ചിട്ടില്ല. ഹരജികളെല്ലാം ഈ മാസം 27ന് പരിഗണിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."