എ.ഐ.സി.സി പ്രസിഡന്റ്: മത്സരിക്കാനില്ലെന്ന് ദിഗ് വിജയ് സിങ്; ഖാര്‍ഗെയെ പിന്തുണക്കും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായുള്ള മത്സരത്തിന്റെ ഏകദേശ ചിത്രം തെളിയുന്നു.മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ മത്സര രംഗത്തുണ്ടെങ്കില്‍ താന്‍ പിന്മാറുകയാണെന്ന് ദിഗ് വിജയ് സിങ് അറിയിച്ചു. ഖാര്‍ഗെയെ പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഖാര്‍ഗെ എന്റെ നേതാവാണ്. ഇന്നലെ ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നു. മാധ്യമങ്ങള്‍ വഴി അദ്ദേഹം മത്സരിക്കുന്ന കാര്യവും അറിഞ്ഞു. ഇന്ന് രാവിലെ വീണ്ടും അദ്ദേഹത്തെ കണ്ടു. അദ്ദേഹത്തിന് എല്ലാ പിന്തുണയും അറിയിച്ചു' ദിഗ് വിജയ് പറഞ്ഞു.
തന്റെ ജീവിതകാലം മുഴുവന്‍ ഈ നിമിഷം വരെ കോണ്‍ഗ്രസിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും ഇനിയും അങ്ങിനെ തന്നെ ആയിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
'മൂന്നു കാര്യങ്ങളില്‍ ഞാന്‍ ഒരിക്കലും വിട്ടു വീഴ്ച ചെയ്യില്ല. ദലിതര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും പാവങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നതില്‍. സാമൂഹിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരായ പോരാട്ടത്തില്‍. പിന്നെ കോണ്‍ഗ്രസിനോടും നെഹ്രു കുടുംബത്തോടുമുള്ള എന്റെ പ്രതിജ്ഞാബദ്ധതയില്‍' - അദ്ദേഹം പറഞ്ഞു.
സ്ഥാനത്തേക്ക് ആര് മത്സരിക്കുമെന്നതില്‍ ഇനിയും തീരുമാനമായില്ല. ദാഗ് വിജയ് സിങ്ങും ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് ഇപ്പോള്‍ ലിസ്റ്റിലുള്ളത്. ഇനിയും ആളുകള്‍ രംഗത്തു വന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഖാര്‍ഗെക്കാണ് ഹൈക്കമാന്‍ഡിന്റെ പിന്തുണ. അദ്ദേഹം ഇന്ന് 12 മണിക്ക് പത്രിക നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അശോഗ് ഗെഹ് ലോട്ടും മുകുള്‍ വാസ്‌നിക്കും ഖാര്‍ഗെക്കുള്ള പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഖാര്‍ഗെയുടെ പത്രികയില്‍ താനാണ് ഒപ്പു വെക്കുന്നതെന്ന് മുകുള്‍ വാസ്‌നിക് പ്രതികരിച്ചിരുന്നു.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെയാണ് സോണിയാ ഗാന്ധി ആദ്യം അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന ഗെഹ്‌ലോട്ടിന്റെ നിലപാടും രാജസ്ഥാനില്‍ എം.എല്‍.എമാരെ വെച്ച് നടത്തിയ നാടകീയ നീക്കങ്ങളും കോണ്‍ഗ്രസ് അധ്യക്ഷയെ ചൊടിപ്പിച്ചു. പിന്നാലെ കഴിഞ്ഞ ദിവസം ഗെഹ്‌ലോട്ട് സോണിയയെ കണ്ടിരുന്നു. തന്റെ പ്രവൃത്തിയില്‍ മാപ്പു പറയുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."