ഐഐടി-ഡൽഹിയുടെ അബുദാബി കാമ്പസ് ജനുവരിയിൽ തുറക്കും
ഐഐടി-ഡൽഹിയുടെ അബുദാബി കാമ്പസ് ജനുവരിയിൽ തുറക്കും
അബുദാബി: ഇന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡൽഹിയുടെ (ഐഐടി-ഡൽഹി) ആദ്യ അന്താരാഷ്ട്ര കാമ്പസ് അബുദാബിയിൽ തുറക്കുന്നു. 2024 ജനുവരിയിൽ അബുദാബിയിൽ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വെളിപ്പെടുത്തി. ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി എമിറേറ്റ്‌സ് ന്യൂസ് ഏജൻസിയുടെ (WAM) ഐഐടി-ഡൽഹിയുടെ കാമ്പസ് സന്ദർശിച്ച സമയത്ത് ഐഐടി-ഡൽഹി ഡയറക്ടർ രംഗൻ ബാനർജിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ക്യാമ്പസ് തുറക്കുന്നതോടെ യുഎഇ - ഇന്ത്യ ബന്ധവും സംയുക്ത സഹകരണവും, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ഐഐടി-ഡൽഹി ഡയറക്ടർ രംഗൻ ബാനർജി പറഞ്ഞു. ജൂണിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശന വേളയിൽ ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രാലയം അബുദാബി വിദ്യാഭ്യാസ വകുപ്പുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചതായി ബാനർജി പറഞ്ഞു.
വിദ്യാഭ്യാസ മികവ്, നവീകരണം, വിജ്ഞാന വിനിമയം, മനുഷ്യ മൂലധനത്തിലെ നിക്ഷേപം എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ഇരു രാജ്യങ്ങളുടെയും പങ്കിട്ട കാഴ്ചപ്പാടാണ് ഐഐടി-ഡൽഹി അബുദാബിയിലെത്തിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പാഠ്യപദ്ധതികൾ, ലാബുകൾ, ഗവേഷണ സംരംഭങ്ങൾ എന്നിവയുൾപ്പെടെ എല്ലാ അക്കാദമിക് കാര്യങ്ങളും സ്ഥാപനം അതിന്റെ പുതിയ അബുദാബി ശാഖയിൽ കൈകാര്യം ചെയ്യുമെന്ന് ബാനർജി വിശദീകരിച്ചു. അഡെക്കിലെയും മറ്റ് പ്രസക്തമായ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയാകും അടിസ്ഥാന സൗകര്യ ആസൂത്രണവും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും ഒരുക്കുക.
ഗവേഷണ പരിപാടികൾക്ക് പുറമെ കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഊർജവും സുസ്ഥിരതയും, ആരോഗ്യ സംരക്ഷണം എന്നിവയും ആദ്യഘട്ടത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അബുദാബിയിലെ ബ്രാഞ്ച് ലക്ഷ്യമിടുന്ന മേഖലകളിൽ ഉൾപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."