യു.കെ മലയാളികള്‍ക്ക് സന്തോഷവാര്‍ത്ത; ഇനിമുതല്‍ വിദേശത്ത് നിന്ന് നേരിട്ട് നാട്ടിലെ ബില്ലുകളടയ്ക്കാം; പുതിയ സേവനമൊരുക്കി ഭാരത് ബില്‍ പേ
യു.കെ മലയാളികള്‍ക്ക് സന്തോഷവാര്‍ത്ത; ഇനിമുതല്‍ വിദേശത്ത് നിന്ന് നേരിട്ട് നാട്ടിലെ ബില്ലുകളടയ്ക്കാം; പുതിയ സേവനമൊരുക്കി ഭാരത് ബില്‍ പേ
യു.കെയില്‍ താമസമാക്കിയ പ്രവാസികള്‍ക്ക് ഇനിമുതല്‍ അവിടെ നിന്ന് നാട്ടിലെ യൂട്ടിലിറ്റി ബില്ലുകള്‍ അടക്കാന്‍ സൗകര്യമൊരുങ്ങുന്നു. ഇന്ത്യയില്‍ വെച്ച് നടന്ന ജി20 ഉച്ചക്കോടിയിലാണ് പുതിയ തീരുമാനം. പ്രവാസികള്‍ക്ക് വിദേശത്ത് നിന്നുകൊണ്ട് തന്നെ നാട്ടിലെ വൈദ്യുതി, ഫോണ്‍, ഗ്യാസ് ബില്ലുകള്‍, ഇന്‍ഷുറന്‍സ്, ഡി.ടി.എച്ച് സേവനങ്ങള്‍ എന്നീ യൂട്ടിലിറ്റി ബില്ലുകള്‍ രൂപയില്‍ തന്നെ അടക്കാന്‍ കഴിയുന്ന ഭാരത് ബില്‍ പേയ്മെന്റ് സിസ്റ്റം (ബി.ബി.പി.എസ്) യു.കെയിലും അനുവദിക്കാനാണ് പുതിയ തീരുമാനം. യു.കെയിലേക്ക് കുടിയേറിയ ലക്ഷക്കണക്കിന് മലയാളികള്‍ക്ക് കൂടി ആശ്വാസമാകുന്ന പദ്ധതിയാണിത്. നേരത്തെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ സേവനം പരീക്ഷിച്ച് വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുന്നത്.
പുതിയ സേവനത്തിലൂടെ യു.പി.ഐ, നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍.ഇ.ഇ.ടി), വാലറ്റുകള്‍, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് നേരിട്ട് ബില്ലുകള്‍ അടക്കാന്‍ സാധിക്കും. യു.കെയ്ക്ക് പിന്നാലെ കാനഡ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടി തങ്ങളുടെ സേവനം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് നാഷനല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) ഭാരത് പേ ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നുപൂര്‍ ചതുര്‍വേദി പറഞ്ഞു.
'ഞങ്ങളുടെ പ്രാരംഭ ശ്രദ്ധ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ആയിരുന്നു. കാരണം അവിടെ ധാരാളം ഇന്ത്യന്‍ പ്രവാസികള്‍ ഉണ്ടായിരുന്നു. ഒമാന്‍, കുവൈത്ത്, യുഎഇ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ഭാരത് ബില്‍ പേയ്മെന്റ് സിസ്റ്റം ഇതിനകം പ്രവര്‍ത്തനക്ഷമമാണ്. ഇപ്പോള്‍, അതിര്‍ത്തികടന്നുള്ള ബില്‍ പേയ്മെന്റുകള്‍ക്കായി യുകെയിലേക്ക് പോകുകയാണ്. കാനഡ, സിംഗപ്പൂര്‍ തുടങ്ങി എന്‍ആര്‍ഐ സാന്നിധ്യമുള്ള മറ്റു രാജ്യങ്ങളിലേക്കും ഈ സംവിധാനം എത്തിക്കും,- നുപൂര്‍ ചതുര്‍വേദി പറഞ്ഞു.
ജി20 ഉച്ചകോടിയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്നൊവേഷന്‍ പവലിയനില്‍ സംസാരിക്കുകയായിരുന്നു ചതുര്‍വേദി. ഭാരത് പേയുടെ ബില്‍ പേയ്‌മെന്റ് സേവനങ്ങള്‍ വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ആര്‍.ഐകളില്‍ നിന്ന് നിരവധി അഭ്യര്‍ഥനകള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."