ജി20 ഉച്ചകോടിക്ക് സമാപനം; അടുത്തത് ബ്രസീലില്‍,നവംബറില്‍ വിര്‍ച്വല്‍ ഉച്ചകോടിക്ക് ശുപാര്‍ശ
ജി20 ഉച്ചകോടിക്ക് സമാപനം; അടുത്തത് ബ്രസീലില്‍,നവംബറില്‍ വിര്‍ച്വല്‍ ഉച്ചകോടിക്ക് ശുപാര്‍ശ
ന്യൂഡല്‍ഹി: നിര്‍ണായക ചര്‍ച്ചകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കുമൊപ്പം വിവാദങ്ങള്‍ക്കും വേദിയായ ജി 20 ഉച്ചകോടിക്ക് സമാപനം. അധ്യക്ഷ പദം ബ്രസീലിന് കൈമാറി ഉച്ചകോടി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. നവംബറില്‍ ജി20 വിര്‍ച്വല്‍ ഉച്ചകോടി നടത്തണമെന്ന് മോദി ശുപാര്‍ശ ചെയ്തു. ജി20യിലെ തീരുമാനങ്ങള്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് വിര്‍ച്വല്‍ ഉച്ചകോടി.
സ്ത്രീ ശാക്തീകരണത്തിനും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പ്രചാരത്തിനും അടക്കം സുപ്രധാന തീരുമാനങ്ങള്‍ ഉച്ചകോടിയില്‍ ഉണ്ടായി. ജി 20 സംയുക്ത പ്രഖ്യാപനം ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മെച്ചപ്പെട്ട ഭാവിക്കായി ഒരുമിച്ചുള്ള പ്രതിജ്ഞ എന്നും പ്രധാനമന്ത്രി പറഞ്ഞു. ജി 20 അംഗങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
ഞായറാഴ്ച രാവിലെ ജി20 ഉച്ചകോടിക്കെത്തിയ ലോക നേതാക്കള്‍ രാജ്ഘട്ടിലെത്തി മഹാത്മഗാന്ധിക്ക് ആദരമര്‍പ്പിച്ചിരുന്നു. രാജ്ഘട്ടിലെത്തിയ ലോകനേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഇതിന് ശേഷമാണ് മോദിയുള്‍പ്പടെ എല്ലാ ലോകനേതാക്കളും ചേര്‍ന്ന് മഹാത്മഗാന്ധിക്ക് ആദരമര്‍പ്പിച്ചത്. എല്ലാ നേതാക്കളും ഒന്നിച്ച് പുഷ്പചക്രം അര്‍പ്പിച്ച ശേഷം ഒരു മിനിറ്റ് മൗനം ആചരിച്ചു. ഇതാദ്യമായാണ് രാജ്ഘട്ടില്‍ ഇത്രയും ലോകനേതാക്കള്‍ ഒത്തുചേര്‍ന്ന് ആദരമര്‍പ്പിക്കുന്നത്.
പിന്നീട് ഭാരത് മണ്ഡപത്തില്‍ അവസാന സെഷന്‍ തുടങ്ങും മുമ്പ് ഇന്തോനേഷ്യയുടെയും ബ്രസീലിന്റെയും പ്രസിഡന്റുമാര്‍ പ്രധാനമന്ത്രിക്ക് വൃക്ഷതൈകള്‍ സമ്മാനിച്ചു.
യുക്രെയിന്‍ സംഘര്‍ഷം കൂടി ഉള്‍പ്പെടുത്തിയുള്ള സംയുക്തപ്രഖ്യാപനം ജി20 ഉച്ചകോടി അംഗീകരിച്ചു. റഷ്യയെ ശക്തമായി അപലപിക്കാതെ കടന്നുകയറ്റങ്ങള്‍ക്കെതിരെ താക്കീത് നല്‍കിയാണ് പ്രഖ്യാപനത്തില്‍ സമവായം സാധ്യമാക്കിയത്. ഇന്ത്യ ഗള്‍ഫ് യൂറോപ്പ് സാമ്പത്തിക ഇടനാഴി ഉച്ചകോടിക്കിടെ പ്രഖ്യാപിക്കാനായതും നേട്ടമായി. കാലാവസ്ഥാമാറ്റം, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കല്‍, സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ത്വരിതഗതിയിലുള്ള പ്രയോഗവത്കരണം, ക്രിപ്‌റ്റോ കറന്‍സിക്ക് പൊതു ചട്ടക്കൂട് ഉണ്ടാക്കല്‍, അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെ പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങളിലെല്ലാം ജി20 ഉച്ചകോടിയില്‍ ക്രിയാത്മക ചര്‍ച്ചകള്‍ നടന്നിരുന്നു.
അതേസമയം, യുക്രെയിന്‍ സംഘര്‍ഷം കൂടി ഉള്‍പ്പെടുത്തിയുള്ള സംയുക്തപ്രഖ്യാപനത്തില്‍ റഷ്യയോട് വിട്ടുവീഴ്ച ചെയ്‌തെന്ന വിമര്‍ശനം അമേരിക്കന്‍ മാധ്യമങ്ങള്‍ ഉയര്‍ത്തി. അഭിമാനിക്കാന്‍ ഒന്നുമില്ലെന്നായിരുന്നു യുക്രെയിന്റെ പ്രതികരണം.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെയും അഭാവം ശോഭകെടുത്തിയെങ്കിലും യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെ ലോകനേതാക്കളുടെ സാന്നിധ്യം ഉച്ചകോടിയെ ഫലപ്രാപ്തിയിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് ആതിഥേയരായ ഇന്ത്യ.
അതിനിടെ ജി20 സംയുക്ത പ്രഖ്യാപനം രാഷ്ട്രീയ പ്രചാരണത്തിന് ആയുധമാക്കാനുള്ള തന്ത്രം മെനയുകയാണ് ബിജെപി. ജി20 അദ്ധ്യക്ഷ പദവിയില്‍ ഏറ്റവും വിജയിച്ച നേതാവ് നരേന്ദ്ര മോദിയെന്നാണ് ബിജെപി പ്രചാരണം. ജി20യുടെ വിജയം നാളെ മുതല്‍ ജനങ്ങളിലെത്തിക്കാന്‍ ബിജെപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."