ഇനിയെല്ലാം വേഗത്തിലേക്ക്; 5 ജി സേവനത്തിന് പ്രധാനമന്ത്രി ഇന്ന് തുടക്കമിടും: കേരളത്തില്‍ അടുത്ത വര്‍ഷം
ന്യുഡല്‍ഹി : രാജ്യത്തെ 5 ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. തെരഞ്ഞെടുത്ത നഗരങ്ങളില്‍ 5 ജി സേവനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അവതരിപ്പിക്കും. ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2022 ന്റെ ആറാമത് പതിപ്പിലാണ് 5 ജി സേവനങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക.
തിരഞ്ഞെടുത്ത നഗരങ്ങളില്‍ അവതരിപ്പിക്കുന്ന 5 ജി സേവനങ്ങള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി. 2035 ഓടെ ഇന്ത്യയില്‍ 5ജി യുടെ സാമ്പത്തിക സ്വാധീനം 450 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ മാസമായിരുന്നു ഇന്ത്യയിലെ എക്കാലത്തെയും വലിയ സ്‌പെക്ട്രം ലേലം നടന്നത്. ഒരാഴ്ച്ച നീണ്ടു നിന്ന് ലേലത്തില്‍ 40 റൗണ്ടുകളിലായി 1.5 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ ലേലം വന്നു.
'5 ജി' ചുരുക്കം ചില കാര്യങ്ങള്‍
വയര്‍ലെസ് വിവരവിനിമയത്തിന്റെ അഞ്ചാം തലമുറ സാങ്കേതികവിദ്യകളെയാണ് 5ജി എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്നത്. ഇത്രയും നാള്‍ എംബിപിഎസ് വേഗമാണ് കണക്കിലെടുത്തിരുന്നത് എങ്കില്‍ 5ജിയിലേക്ക് എത്തുമ്പോള്‍ അത് ജിബിപിഎസിലേക്ക് മാറും. വിവര കൈമാറ്റത്തിന് വേഗം വര്‍ധിക്കും.
ആളുകള്‍ തമ്മിലും, യന്ത്രങ്ങള്‍ തമ്മിലും ആളുകളും യന്ത്രങ്ങളും തമ്മിലുമുള്ള വിവര കൈമാറ്റം 5ജി ഇന്നുള്ളതിനേക്കാള്‍ പത്ത് മടങ്ങ് വേഗത്തിലാക്കും. ഉത്സവപ്പറമ്പുകള്‍, സമ്മേളന നഗരികള്‍ പോലുള്ള ലക്ഷക്കണക്കിനാളുകള്‍ സംഗമിക്കുന്നയിടങ്ങളില്‍ നേരിടാറുള്ള നെറ്റ്‌വര്‍ക്ക് ഞെരുക്കം ഇല്ലാതാകുംവിധം ശക്തമായ വലിയ ബാന്‍ഡ് വിഡ്ത്തും നെറ്റ്‌വര്‍ക്ക് കപ്പാസിറ്റിയുമാണ് 5ജിയ്ക്കുള്ളത്.
ഇതോടൊപ്പം ഒരു വിവരം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തുന്നതിനുള്ള കാലതാമസം അഥവാ ലേറ്റന്‍സി 5ജിയില്‍ വളരെ കുറവാണ്. കൃത്യമായി പറഞ്ഞാല്‍ 4ജിയില്‍ അത് 200 മില്ലി സെക്കന്‍ഡ് ആയിരുന്നുവെങ്കില്‍ 5ജിയില്‍ അത് 1 മില്ലി സെക്കന്റ് നേരമായി ചുരുങ്ങും. ഒരു സെക്കന്റിന്റെ 1000 ല്‍ ഒന്നാണ് ഒരു മില്ലി സെക്കന്റ് എന്നാല്‍. അതായത് 'നിമിഷ നേരം കൊണ്ട്' എന്ന് പോലും പറയാന്‍ പറ്റാത്ത അത്രയും വേഗത്തിലാണ് 5ജിയിലൂടെയുള്ള വിവരകൈമാറ്റം സംഭവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."