മൊറോക്കന്‍ ദുരിത ബാധിതര്‍ക്ക് തണലൊരുക്കി ക്രിസ്റ്റിയാനോ; ആഡംബര ഹോട്ടല്‍ വിട്ടുനല്‍കി
മൊറോക്കന്‍ ദുരിത ബാധിതര്‍ക്ക് തണലൊരുക്കി ക്രിസ്റ്റിയാനോ; ആഡംബര ഹോട്ടല്‍ വിട്ടുനല്‍കി
ഭൂകമ്പം നാശം വിതച്ച മൊറോക്കോയിലെ ദുരന്തബാധിതര്‍ക്ക് കൈത്താങ്ങുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇതിനു വേണ്ടി താരത്തിന്റെ ആഡംബര ഹോട്ടല്‍ വിട്ടുനല്‍കിയിരിക്കുകയാണ്. മാരാക്കേച്ചിലെ പ്രശസ്തമായ 'പെസ്റ്റാന CR7'എന്ന ഹോട്ടലാണ് ഇതിനു വേണ്ടി താരം തുറന്ന് കൊടുത്തിരിക്കുന്നത്.
സ്പാനിഷ് ദേശീയ വനിതാ ഫുട്‌ബോള്‍ ടീമില്‍ അംഗമായ ഐറിന്‍ സീക്‌സാസ് ആണ് ക്രിസ്റ്റ്യാനോയുടെ ഹോട്ടല്‍ ദുരന്തബാധിതര്‍ക്കായി തുറന്നുനല്‍കി വിവരം പുറത്തുവിട്ടത്. മണിക്കൂറുകളോളം തെരുവില്‍ കഴിഞ്ഞ ശേഷമാണ് ക്രിസ്റ്റ്യാനോയുടെ ഹോട്ടലിലെ സൗകര്യം ലഭിച്ചതെന്ന് അവര്‍ വെളിപ്പെടുത്തി.
പെസ്താന സി.ആര്‍7 മറാക്കിഷ് എന്ന പേരിലുള്ള ഫോര്‍സ്റ്റാര്‍ ഹോട്ടലാണ് അഭയാര്‍ത്ഥി ക്യാംപായി മാറിയിരിക്കുന്നത്. ഔട്ട്‌ഡോര്‍ സ്വിമ്മിങ് പൂള്‍, ഫിറ്റ്‌നെസ് സെന്റര്‍, റെസ്റ്ററന്റ് ഉള്‍പ്പെടെയുള്ള ആഡംബര ഹോട്ടലാണിത്. കെട്ടിടത്തില്‍ 174 മുറികളുണ്ട്. യൂറോപ്പ്, മധ്യേഷ്യ, ആഫ്രിക്ക ഉള്‍പ്പെടെ നിരവധി ഹോട്ടല്‍ ശൃംഖലകള്‍ ക്രിസ്റ്റ്യാനോയുടെ ഉടമസ്ഥതയിലുണ്ട്.
ഭൂകമ്പത്തില്‍ ക്രിസ്റ്റ്യാനോ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മൊറോക്കോയിലെ ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും അനുശോചനം രേഖപ്പെടുത്തുകയാണ്. ഈ ദുരിതകാലത്ത് മൊറോക്കോയിലുള്ള എല്ലാവര്‍ക്കും എന്റെ സ്‌നേഹവും പ്രാര്‍ത്ഥനകളും അറിയിക്കുന്നുവെന്നും താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ അല്‍ഹൗസ് പ്രവിശ്യയിലാണ് പകുതിയിലധികം ആളുകളും മരിച്ചത്. ദുരന്തത്തെ തുടര്‍ന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വിവിധ അറബ് രാജ്യങ്ങള്‍ മൊറോക്കോയ്ക്ക് അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."