എ.കെ.ജി സെന്റർ ആക്രമണം: സ്കൂട്ടർ കണ്ടെത്തി ഉടമ യൂത്ത് കോൺഗ്രസ് നേതാവിന്റെ മുൻ ഡ്രൈവർ
തിരുവനന്തപുരം • സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസായ എ.കെ.ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ പ്രതി ജിതിൻ ഉപയോഗിച്ച ഡിയോ സ്കൂട്ടർ കണ്ടെത്തി.
കേസിൽ പൊലിസ് തിരയുന്ന യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാന്റെ മുൻ ഡ്രൈവറുടേതാണ് സ്കൂട്ടർ എന്നാണ് വിവരം. സ്കൂട്ടറിന്റെ ഉടമ കഴക്കൂട്ടം സ്വദേശി സുധീഷ് ഇപ്പോൾ വിദേശത്താണ്. കഠിനംകുളത്ത് നിന്നാണ് സ്കൂട്ടർ കസ്റ്റഡിയിലെടുത്തത്.
ജിതിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. വ്യാഴാഴ്ച രാത്രി കഴക്കൂട്ടത്തെ രഹസ്യകേന്ദ്രത്തിൽ നിന്നാണ് സ്കൂട്ടർ പിടിച്ചെടുത്തതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ആരാണ് സ്കൂട്ടർ ജിതിന് കൈമാറിയത്, അക്രമത്തിനുശേഷം ആരാണ് സ്കൂട്ടർ കൊണ്ടുപോയത് തുടങ്ങിയ വിവരങ്ങൾ ഇനി കണ്ടെത്തേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.
ഒരു സുഹൃത്തിന്റെ സ്കൂട്ടർ അവരറിയാതെ ജിതിൻ എടുത്തുകൊണ്ടു പോയതാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ ഭാഷ്യം. ജൂൺ 30ന് രാത്രി 11.25നാണ് എ.കെ.ജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞത്.
ചുവന്ന ഡിയോ സ്കൂട്ടറിലെത്തിയ ആളാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."