രാഹുലിന്റെ ഫോണും ചോര്‍ത്തി
ന്യൂഡല്‍ഹി: ഇസ്‌റാഈലിന്റെ പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നിരീക്ഷണത്തിനു വിധേയമാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും.
രാഹുല്‍ ഉപയോഗിക്കുന്ന രണ്ടു ഫോണുകളും പെഗാസസിന്റെ നിരീക്ഷണത്തിലുണ്ട്. 300 ഇന്ത്യക്കാരുടെ പട്ടികയില്‍ രാഹുലിന്റെ അഞ്ചുസുഹൃത്തുക്കളും പരിചയക്കാരുമുണ്ട്.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ പെരുമാറ്റച്ചട്ടത്തിന് മോദിക്കും അമിത്ഷാക്കുമെതിരേ നടപടിയെടുക്കണമെന്ന് വാദിച്ച മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസ, ബി.ജെ.പി നേതാക്കളും മോദിസര്‍ക്കാറില്‍ കേന്ദ്രമന്ത്രിമാരുമായ അശ്വനി വൈഷ്ണവ്, പ്രഹ്‌ളാദ് സിങ് പട്ടേല്‍, തൃണമൂല്‍ നേതാവും മമത ബാനര്‍ജിയുടെ ബന്ധുവുമായ അഭിഷേക് ബാനര്‍ജി, 2019ല്‍ ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയിക്കെതിരേ ലൈംഗികാതിക്രമം സംബന്ധിച്ച് പരാതി നല്‍കിയ സുപ്രിംകോടതി ജീവനക്കാരിയും അവരുടെ മുഴുവന്‍ കുടുംബാംഗങ്ങളും നിരീക്ഷണത്തിന് വിധേയമാക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്.
രാജ്യത്തെ രണ്ടു മന്ത്രിമാര്‍, മൂന്ന് പ്രതിപക്ഷ നേതാക്കള്‍, സുപ്രിംകോടതി ജഡ്ജി തുടങ്ങിയവര്‍ പെഗാസസിന്റെ നിരീക്ഷണത്തിലുണ്ടെന്ന് പുറത്തുവിട്ടതിനു പിന്നാലെ ' ദ വയര്‍' ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ട കൂടുതല്‍ വിവരങ്ങളിലാണ് രാഹുല്‍ അടക്കമുള്ളവരുടെ പേരുകള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
രഞ്ജന്‍ ഗൊഗോയിക്കെതിരേ ആരോപണമുന്നയിച്ച യുവതിയുടെ മൂന്നു ഫോണുകളാണ് നിരീക്ഷണത്തിലുള്ളത്. അവരുടെ ഭര്‍ത്താവടക്കം എട്ടുകുടുംബാംഗങ്ങളാണ് പട്ടികയിലുള്ളത്.
പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ പ്രചാരണത്തിനു നേതൃത്വം നല്‍കിത്തുടങ്ങിയതു മുതലാണ് പ്രശാന്ത് കിഷോറിനെ നിരീക്ഷിക്കാന്‍ ആരംഭിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.
അശ്വനി വൈഷ്ണവിനെയും പ്രഹ്‌ളാദ് പട്ടേലിനെയും പുതിയ മന്ത്രിസഭാ പുനഃസംഘടനയിലാണ് മന്ത്രിമാരാക്കിയത്.
രാജ്യത്തെ തെരഞ്ഞെടുപ്പു നിരീക്ഷിക്കുന്ന സന്നദ്ധ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ ജഗ്ദീപ് ചോക്കര്‍, യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ് ഫൗണ്ടേഷന്റെ ഇന്ത്യന്‍ മേധാവി ഹരി മേനോന്‍, വസുന്ധരാ രാജെ രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരിക്കെ അവരുടെ പേഴ്‌സണല്‍ സെക്രട്ടറിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഒ.എസ്.ഡിയുമായിരുന്ന സഞ്ജയ് കച്ച്‌റൂ, മോദിയുമായി പിണങ്ങിയ വിശ്വഹിന്ദു പരിഷത്ത് മുന്‍ നേതാവ് പ്രവീണ്‍ തൊഗാഡിയ എന്നിവരും പെഗാസസ് നിരീക്ഷണലിസ്റ്റിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."