ഗോമൂത്രം കുടിച്ചാല്‍ കൊവിഡ് മാറുമെന്ന പ്രചാരണത്തെ വിമര്‍ശിച്ചതിന് ജയില്‍; 'അയാളെ ഒരുദിവസം പോലും തടവിലിടരുത് '
മണിപ്പൂരി ആക്ടിവിസ്റ്റിനെ ഉടന്‍ വിട്ടയക്കാന്‍ സുപ്രിംകോടതി ഉത്തരവ്
ന്യൂഡല്‍ഹി: ഗോമൂത്രവും ചാണകവും കൊവിഡ് തടയുമെന്ന ബി.ജെ.പി പ്രചാരണത്തെ പരിഹസിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെട്ട മണിപ്പൂരി ആക്ടിവിസ്റ്റ് എരന്‍ഡ്രോ ലയ്‌ചോംബാമിനെ ഉടന്‍ വിട്ടയക്കാന്‍ സുപ്രിംകോടതി ഉത്തരവ്.
ഇത്തരം കേസില്‍ ഒരാളെയും ഒരുദിവസം പോലും ജയിലില്‍ പാര്‍പ്പിക്കാന്‍ പാടില്ലെന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം.ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
ആക്ടിവിസ്റ്റിനെ തടവിലിട്ടതിലൂടെ അയാളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എരന്‍ഡ്രോയെ ഇന്നലെ അഞ്ചിന് മുമ്പ് ജയില്‍മോചിതനാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഇന്നലെ കേസ് പരിഗണിക്കവെ അടുത്തദിവസത്തേയ്ക്ക് നീട്ടിവയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത ആവശ്യപ്പെട്ടെങ്കിലും കോടതി സമ്മതിച്ചില്ല. കേസ് നീട്ടിവയ്ക്കുന്നതില്‍ പ്രശ്‌നമില്ല, എന്നാല്‍ ഇടക്കാല വിധി പുറപ്പെടുവിക്കുകയാണെന്ന് കോടതി പറഞ്ഞു. ഗോമൂത്രം കുടിച്ചാല്‍ കൊവിഡ് വരില്ലെന്ന് പ്രചരിപ്പിച്ചിരുന്ന മണിപ്പൂര്‍ ബി.ജെ.പി പ്രസിഡന്റ് പ്രൊഫ. ടിക്കേന്ദ്ര സിങ് കൊവിഡ് ബാധിച്ചു മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഗോമൂത്രമോ ചാണകമോ കൊവിഡ് ഭേദമാക്കില്ലെന്നും ശാസ്ത്രത്തിന് മാത്രമേ അതിന് കഴിയൂവെന്നും വ്യക്തമാക്കി എരന്‍ഡ്രോ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഇതിനെതിരേ ബി.ജെ.പി നേതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായത്. കഴിഞ്ഞ മെയ് 13നാണ് എരന്‍ഡ്രോയെ ആദ്യം അറസ്റ്റ് ചെയ്യുന്നത്. നാലു ദിവസത്തിന് ശേഷം ജില്ലാ കോടതി എരന്‍ഡ്രോക്ക് ജാമ്യം അനുവദിച്ചെങ്കിലും പിന്നാലെ ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനെതിരേ പിതാവ് എല്‍. രഘുമാനി സിങ്ങാണ് സുപ്രിംകോടതിയെ സമീപിച്ചത്. പ്രമുഖ മണിപ്പൂരി ആക്ടിവിസ്റ്റ് ഇറോം ശര്‍മിളയ്‌ക്കൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ചയാളാണ് എരന്‍ഡ്രോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."