ഞായറാഴ്ച്ചത്തെ ലഹരിവിരുദ്ധ പരിപാടി; എതിര്‍പ്പറിയിച്ച് ക്രൈസ്തവ സംഘടനകള്‍; മാറ്റമില്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: ലഹരിവിരുദ്ധ ക്യാംപെയ്ന് നാളെ തുടങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധമറിയിച്ച് ക്രൈസ്തവ സംഘടനകള്‍. പരിപാടിക്ക് പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഓണ്‍ലൈന്‍ യോഗത്തിലാണ് ക്രൈസ്തവ സഭാ നേതാക്കള്‍ എതിര്‍പ്പ് അറിയിച്ചത്. മറ്റൊരു ദിവസം പരിപാടി നടത്തണമെന്ന് ക്രൈസ്തവ സഭ നേതാക്കള്‍ ആവശ്യപ്പെട്ടു.
ഗാന്ധി ജയന്തി ദിനത്തില്‍ നിന്ന് ലഹരിവിരുദ്ധ ദിനം മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇത്തരം പരിപാടി തുടങ്ങേണ്ടത് ഒക്ടോബര്‍ രണ്ടിനാണ്. ഒക്ടോബര്‍ രണ്ടിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരിക്കെതിരായ ക്യാംപെയ്ന് പൊതു വികാരമായി കണക്കാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ തീരുമാനത്തില്‍ കെസിബിസി വിയോജിപ്പ് രേഖപ്പെടുത്തി. നാളെ സ്കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന മുന്‍ തീരുമാനത്തില്‍ ഉറച്ചു നില്ക്കുന്നതായി കെസിബിസി പ്രതിനിധി യോഗത്തെ അറിയിച്ചു. ഇക്കാര്യത്തില്‍ ആരെയും വെല്ലുവിളിക്കാനില്ല. മതപരമായ പരീക്ഷകളും ചടങ്ങുകളും ഒഴിവാക്കാനാകില്ലെന്നും കെസിബിസി വ്യക്തമാക്കി. ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കേണ്ടതുണ്ട്. കത്തോലിക്കാ രൂപതകളില്‍ വിശ്വാസത്തിന്റെ ഭാഗമായുള്ള പരിക്ഷകളും ഉണ്ട്. ഞായറാഴ്ച വിശ്വാസപരമായ കാര്യങ്ങള്‍ക്ക് നീക്കിവയ്ക്കണം. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി മറ്റൊരു ദിവസം ആചരിക്കണമെന്നും കെസിബിസി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."