അമേരിക്കക്കു മുന്നില്‍ തുറമുഖങ്ങള്‍ തുറന്നിടാന്‍ ഇന്ത്യ; യുദ്ധക്കപ്പലുകള്‍ക്കും വിമാനവാഹിനികള്‍ക്കും താവളമനുവദിക്കുന്ന കരാര്‍ ഒപ്പുവെച്ചു
അമേരിക്കക്കു മുന്നില്‍ തുറമുഖങ്ങള്‍ തുറന്നിടാന്‍ ഇന്ത്യ; യുദ്ധക്കപ്പലുകള്‍ക്കും വിമാനവാഹിനികള്‍ക്കും താവളമനുവദിക്കുന്ന കരാര്‍ ഒപ്പുവെച്ചു
ന്യൂഡല്‍ഹി: മുംബൈയില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് താവളമടിച്ച് അറ്റകുറ്റപ്പണി നടത്താന്‍ സഹായിക്കുന്ന രണ്ടാം മാസ്റ്റര്‍ ഷിപ്പ് റിപ്പയര്‍ കരാര്‍ (എം.എസ്.ആര്‍.എ) ഒപ്പുവെച്ച് ഇന്ത്യ. അമേരിക്കന്‍ നാവികസേനയും കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മുംബൈ ആസ്ഥാനമായ മാസഗോണ്‍ ഡോക്ക്ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡുമാണ് (എം.ഡി.എല്‍) വ്യാഴാഴ്ച കരാറില്‍ ഒപ്പുവച്ചത്.
ഇതോടെ അമേരിക്കന്‍ പടക്കപ്പലുകള്‍ക്കും വിമാനവാഹിനികള്‍ക്കും ഇന്ത്യന്‍ തീരത്ത് നങ്കൂരമിടാം. വൈറ്റ് ഹൗസ് പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലാണ് രാജ്യത്തിന്റെ പരമാധികാരത്തെ മുള്‍മുനയിലാക്കുന്ന കരാര്‍ വിവരങ്ങള്‍ പുറത്തുവന്നത്.
ഇന്തോ- പസഫിക് മേഖലയില്‍ ചൈനയ്ക്കുള്ള സ്വാധീനം അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിഘാതമായതോടെയാണ് ഇന്ത്യയെ കൂട്ടുപിടിച്ച് 'തന്ത്രപരമായ സൈനിക സഹകരണം' വര്‍ധിപ്പിക്കുന്നത്. ഫലത്തില്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് ഇന്ത്യന്‍ തീരത്ത് തമ്പടിക്കാനാവും.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന ഇരു രാഷ്ട്രങ്ങളുടെയും വിദേശ, പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ ഇന്ത്യ മുന്നോട്ടുവച്ച ആശയത്തിന്റെ ഭാഗമായുള്ള ആദ്യ എംഎസ്ആര്‍എ കരാര്‍ ജൂലൈയില്‍ നടപ്പാക്കിയിരുന്നു. അഞ്ചുവര്‍ഷത്തേക്കുള്ള ആദ്യ കരാര്‍ പ്രകാരം ചെന്നൈ കട്ടുപ്പള്ളിയിലെ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ലിമിറ്റഡ് (എല്‍ ആന്‍ഡ് ടി) ഷിപ്പ്‌യാര്‍ഡിലാണ് അമേരിക്കന്‍ പടക്കപ്പലുകളും മറ്റും അറ്റകുറ്റപ്പണി നടത്തുക. മോദി ഈ വര്‍ഷം ജൂണില്‍ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഒപ്പിട്ട ഇന്ത്യ- യുഎസ് ഡിഫന്‍സ് ആക്‌സിലറേഷന്‍ ഇക്കോസിസ്റ്റം (ഇന്‍ഡക്‌സ് എക്‌സ്) കരാര്‍ പ്രകാരമാണ് രാജ്യത്തെ തന്ത്രപ്രധാന നാവികകേന്ദ്രങ്ങളില്‍ അമേരിക്കയ്ക്ക് കടന്നുകയറാന്‍ സഹായകമാകുന്ന കരാറിനും വഴിതുറന്നത്.
സംയുക്ത പ്രസ്താവന ഇന്ത്യന്‍ മണ്ണില്‍ അമേരിക്കന്‍ സൈനികത്താവളം നിര്‍മിക്കുന്നതിന്റെ മുന്നോടിയാണോ എന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ചോദിച്ചു. കഴിഞ്ഞ ജൂണിലും സമാനമായ പ്രസ്താവന ഉണ്ടായിരുന്നു. തന്ത്രപ്രധാനമായ നാവികകേന്ദ്രങ്ങളില്‍ അമേരിക്കന്‍ കപ്പലുകള്‍ നങ്കൂരമിടുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ ആശങ്കയിലാക്കുമെന്നും ആരോപണമുണ്ട്.0
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."