റബീഹിന്റെ സന്ദേശവുമായി ആദ്യ വെള്ളി
വെള്ളിയാഴ്ച ജുമുഅ നിസ്‌കരിക്കാന്‍ പള്ളി കണ്ടെത്തുകയായിരുന്നു ഇന്നലത്തെ ആദ്യചിന്ത. പള്ളി അന്വേഷിച്ചപ്പോള്‍ ആര്‍ക്കും അത്ര പിടിയില്ല. ഒടുവില്‍ ഗൂഗിളിനോട് ചോദിച്ചു. ഗൂഗിള്‍ അഹമ്മദാബാദിലുള്ള പള്ളികളുടെ പട്ടിക നിരത്തി. എന്നാല്‍ പലതും ദൂരത്തായിരുന്നു. ഏഴ് കിലോമീറ്റര്‍ അകലെയുള്ള സെക്ടര്‍ 21 പള്ളി ഗൂഗിള്‍ കാട്ടിത്തന്നു. ഓട്ടോക്കാരനെ വിളിച്ച് നേരേ അങ്ങോട്ടു വണ്ടികയറി. പള്ളിയിലെത്തുമ്പോള്‍ സമയം 12.15. ഇമാം യു.പിക്കാരനായ ദാവൂദ് കൗസര്‍ റോഡരികില്‍ നില്‍പ്പുണ്ട്. പള്ളി സെക്രട്ടറി വരിസംഖ്യ പിരിക്കാനായി പള്ളിയുടെ മുന്നിലും. പിന്നീടാണ് മനസിലായത് പിരിവ് കൊണ്ടുമാത്രം നടന്നുപോകുന്ന വലിയൊരു പള്ളിയാണതെന്ന്. വുളു ചെയ്ത് അകത്ത് കയറിയപ്പോള്‍ മൂന്നുപേര്‍ മാത്രം. സമയമായിട്ടും ആളുകളെ കാണാത്തതെന്തെന്ന് ചോദിച്ചു. ഒരു മണിക്ക് ബാങ്ക് കൊടുക്കും. രണ്ട് മണിക്ക് നിസ്‌കാരം തുടങ്ങും. ഇതായിരുന്നു മറുപടി. അതെന്താ അങ്ങനെയെന്ന് ചോദിച്ചപ്പോള്‍ ആളുകള്‍ ഓഫിസില്‍ നിന്ന് ഉച്ചഭക്ഷണത്തിന് ഇറങ്ങുമ്പോഴാണ് ജുമുഅക്കെത്തുകയെന്നായിരുന്നു മറുപടി.
ഇതിനിടെ അവിചാരിതമായി മറ്റൊരു മലയാളി അവിടെ എത്തി. 30 വര്‍ഷം ഇന്ത്യന്‍ ആര്‍മിയില്‍ പരിശീലകനും അടുത്ത സുഹൃത്തുമായ മുഹമ്മദ് കുഞ്ഞി സര്‍. രണ്ട് മണിക്കാണ് നിസ്‌കാരം എന്ന് കേട്ടപ്പോള്‍ അദ്ദേഹം ആദ്യം ശങ്കിച്ചു. എന്നാല്‍ പിന്നീട് നിസ്‌കരിച്ചിട്ട് പോകാമെന്നായി. അഹമ്മദാബാദിലെ മെഹന്തിപ്പട്ടണത്തില്‍ ആളുകളുടെ സൗകര്യത്തിന് വിവിധ പള്ളികളില്‍ മൂന്നുവരെ ജുമുഅ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പുറത്ത് മലയാളത്തിലുള്ള സംസാരം കേട്ടപ്പോള്‍ ഒരു പള്ളിക്കമ്മിറ്റിക്കാരന്‍ അടുത്തുവന്നു പരിചയപ്പെട്ടു. എന്റെ അടുത്ത ബന്ധു ദാറുല്‍ ഹുദായില്‍ പത്തുവര്‍ഷമായി പഠിക്കുന്നുണ്ടെന്ന് സന്തോഷം പങ്കുവച്ചു.
ഒടുവില്‍ ഒരു മണിക്ക് ബാങ്ക് വിളിച്ചു. അതോടെ ആളുകള്‍ എത്തിത്തുടങ്ങി. പള്ളിയുടെ രണ്ടാം നിലയിലാണ് മിഹ്‌റാബും മിമ്പറും. താഴെ ഇരുന്ന് നിസ്‌കരിക്കേണ്ടവര്‍ക്കുള്ള പത്തിരുപത് കസേരകള്‍. ശീതീകരിച്ചിട്ടുണ്ട്. ഇരുന്നു വുളു ചെയ്യാനുള്ള പഴയ രീതിയിലുള്ള ഹൗള്, കുറച്ച് പൈപ്പുകള്‍, വുളു ചെയ്താല്‍ ശരീരത്തിലുള്ള വെള്ളം
തുടക്കാന്‍ നാലു ടര്‍ക്കികള്‍; എല്ലാമുണ്ട്. ഖുതുബയെല്ലാം മുകളിലെ നിലയിലാണ്. താഴെ കാരണവന്‍മാര്‍ മാത്രം. മുകളില്‍ കൂടുതലും യുവാക്കള്‍. എല്ലാവരും തലമറച്ചത് നല്ല അനുഭവമായി. നിസ്‌കാരത്തിന് മുന്‍പ് ഇമാമിന്റെ കിടിലന്‍ പ്രസംഗം. റബീഉല്‍ അവ്വല്‍ ആയതിനാല്‍ നബി (സ) യാണ് വിഷയം. ഇതിനിടെ പള്ളി നിറഞ്ഞു. പ്രസംഗം കഴിഞ്ഞയുടന്‍ എല്ലാവരും സുന്നത്ത് നിസ്‌കരിച്ചു. ഒടുവില്‍ രണ്ടാം ബാങ്ക് മുഴങ്ങി. ഉടന്‍ ഖുതുബ; അറബിയില്‍. പിന്നീട് നിസ്‌കാരം. റബീഉല്‍ അവ്വലില്‍ നാട്ടില്‍ മൗലിദിന് കൂടാന്‍ കഴിയില്ലെങ്കിലും നബിസദസില്‍ പങ്കെുടത്തതിന്റെ നിര്‍വൃതിയിലാണ് അവിടെ നിന്ന് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."