കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: കെ.എ ത്രിപാഠിയുടെ പത്രിക തള്ളി; മത്സരം ഖാര്‍ഗെയും തരൂരും തമ്മില്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച കെ.എ ത്രിപാഠിയുടെ പത്രിക തള്ളി. 10 പേരുടെ പിന്തുണയോടെ ഒറ്റ സെറ്റ് പത്രികയാണ് ത്രിപാഠി നല്‍കിയിരുന്നത്. സൂക്ഷ്മപരിശോധനയില്‍ ത്രിപാഠിയുടെ പത്രിക തള്ളിയതോടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിലാണെന്ന് വ്യക്തമായി.
മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലും ഒപ്പുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉള്ളതിനാലുമാണ് ത്രിപാഠിയുടെ പത്രിക തള്ളിയതെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍ മധുസൂദനന്‍ മിസ്ത്രി വ്യക്തമാക്കി.
ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ മല്ലിഗാര്‍ജുന്‍ ഖാര്‍ഗെയുടെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവച്ചവരില്‍ ജി23യുടെ പ്രമുഖ നേതാക്കളുമുണ്ട്. ആനന്ദ് ശര്‍മ, മനീഷ് തിവാരി എന്നീ ജി23 നേതാക്കളാണ് ഖാര്‍ഗെയെ പിന്തുണച്ചത്. എ.കെ ആന്റണി, അശോക് ഗെലോട്ട്, അംബിക സോണി, മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍, ഭൂപീന്ദര്‍ സിങ് ഹൂഡ, ദ്വിഗ്‌വിജയ് സിങ്, താരിഖ് അന്‍വര്‍ എന്നിവരാണ് ഒപ്പുവച്ച ജി23ക്ക് പുറത്തുള്ള മറ്റ് നേതാക്കള്‍.
ആരുടെയും പക്ഷം പിടിക്കില്ലെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ടെന്ന് ശശി തരൂര്‍ പറയുന്നുണ്ടെങ്കിലും ഹൈക്കമാന്റിന്റെ പിന്തുണയോടെ ഖാര്‍ഗെ രംഗത്തെത്തുമ്പോള്‍ ശശി തരൂരിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് വ്യക്തം. കോണ്‍ഗ്രസ് കേരള ഘടകത്തിന്റെയും കാര്യമായ പിന്തുണ തരൂരിനില്ല. ഏതാനും ചില നേതാക്കള്‍ വ്യക്തിപരമായി പിന്തുണയ്ക്കുന്നുവെന്നത് മാറ്റിനിര്‍ത്തിയാല്‍ എ, ഐ ഗ്രൂപ്പുകളുടെയും കെ.പി.സി.സി പ്രസിഡന്റ്, നിയമസഭാ കക്ഷി നേതാവ് വി.ഡി സതീശന്‍ തുടങ്ങിയ നേതാക്കളുടെയും പിന്തുണ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കാണ്.
ഖാര്‍ഗെയും തരൂരും പത്രിക പിന്‍വലിക്കാതിരുന്നാല്‍ 17ന് വോട്ടെടുപ്പ് നടക്കും. പി.സി.സി ആസ്ഥാനങ്ങളിലെത്തി വോട്ട് ചെയ്യാം. ഒമ്പതിനായിരത്തിലധികം വോട്ടര്‍മാരാണുള്ളത്. 19ന് ഡല്‍ഹിയില്‍ വെച്ചാകും വോട്ടെണ്ണല്‍. അന്നു തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."