മടക്കം, മൂന്നാമൂഴം പൂർത്തിയാക്കാതെ
എം.പി മുജീബ് റഹ്മാൻ
കണ്ണൂർ • മൂന്നാമൂഴവും സി.പി.എം സംസ്ഥാന സെക്രട്ടറിയായി കാലാവധി പൂർത്തിയാക്കാതെയാണ് കണ്ണൂർ കളരിയിൽ വളർന്ന കോടിയേരി ബാലകൃഷ്ണന്റെ മടക്കം. മൂന്നാമതും പാർട്ടി സെക്രട്ടറിയായ ശേഷം ആരോഗ്യ കാരണങ്ങളാൽ കോടിയേരിക്ക് അധികകാലം ആ സ്ഥാനത്ത് പ്രവർത്തിക്കാൻ കഴിഞ്ഞില്ല. രോഗം പിടിമുറുക്കിയപ്പോൾ കണ്ണൂരുകാരൻ തന്നെയായ എം.വി ഗോവിന്ദനിൽ a കൈമാറിയാണ് കോടിയേരി ചെന്നൈയിലെ ആശുപത്രിയിലേക്ക് ചികിത്സയ്ക്കു പോയത്.
പാർട്ടി സെക്രട്ടറി പദത്തിൽ ഏഴുവർഷം മാത്രം പൂർത്തിയാക്കിയാണ് കണ്ണൂരിൽനിന്നുള്ള ഈ കരുത്തനായ നേതാവ് കാലയവനികയ്ക്കുള്ളിൽ മറയുന്നത്. മുൻഗാമിയായ പിണറായി വിജയന്റെ 17 വർഷം പാർട്ടി സെക്രട്ടറിയെന്ന വലിയ കാലയളവ് നോക്കിയാൽ താരതമ്യേന ചെറിയ കാലം മാത്രമേ പാർട്ടിയെ നയിക്കാൻ ഏതു പ്രതിസന്ധിയെയും പുഞ്ചിരിയോടെ മാത്രം നേരിട്ട കോടിയേരിക്കു കഴിഞ്ഞുള്ളൂ. കണ്ണൂരിലെ രാഷ്ട്രീയക്കളരിയിൽനിന്ന് ആർജിച്ച ഊർജവുമായാണ് പാർട്ടിയുടെ പരമോന്നത സമിതിയായ പൊളിറ്റ് ബ്യൂറോയോളം കോടിയേരി വളർന്നത്.
കോടിയേരി ഓണിയൻ ഹൈസ്‌കൂളിൽ ഒൻപതാംക്ലാസ് വിദ്യാർഥിയായിരിക്കെ കെ.എസ്.എഫിന്റെ യൂനിറ്റ് സെക്രട്ടറിയായാണു രാഷ്ട്രീയ ജീവിതത്തിലെ തുടക്കം. പ്രീഡിഗ്രി വിദ്യാർഥിയായിരിക്കെ പാർട്ടി ബ്രാഞ്ച് സെക്രട്ടറിയായി. തലശേരി കലാപത്തിൽ വർഗീയ ശക്തികൾക്കെതിരായ ചെറുത്തുനിൽപ്പിന്റെ മുന്നണി പോരാളിയായി. പിൽകാലത്ത് രാഷ്ട്രീയകേരളം അതിശയത്തോടെ വീക്ഷിച്ച നേതൃപാടവത്തിന്റെ വിളിപ്പേര് കൂടിയാണ് കോടിയേരി.
സ്ഥലനാമത്തിനപ്പുറം പാർട്ടി അണികൾ ചെങ്കൊടിക്കൊപ്പം മനസിൽ ചേർത്ത വികാരം കൂടിയാണു കോടിയേരി.
കമ്യൂണിസ്റ്റുകാരന്റെ പതിവു കാർക്കശ്യങ്ങളൊന്നുമില്ലാതെചിരിക്കുന്ന മുഖമാണ് എന്നും കോടിയേരിലൂടെ കേരളം കണ്ടത്. പാർട്ടിയുടെ കലുഷിത കാലത്തും പ്രസന്നനായാണ് അദ്ദേഹം മാധ്യമങ്ങളോടു പോലും ഇടപഴകിയിരുന്നത്.
പത്താംക്ലാസ് കഴിഞ്ഞപ്പോൾ തുടർന്നു പഠിപ്പിക്കാതെ വീട്ടുകാർ ചെന്നൈയിലെ ചിട്ടിക്കമ്പനിയിൽ അയച്ചിരുന്നു. എന്നാൽ കാലാവസ്ഥ പ്രതികൂലമായതോടെ നാട്ടിലേക്കു മടങ്ങിയ ബാലകൃഷ്ണൻ മാഹി മഹാത്മാഗാന്ധി കോളജിൽ പ്രീഡിഗ്രിക്കു ചേർന്നു. ഇവിടെ കോളജ് യൂനിയൻ ചെയർമാൻ സ്ഥാനത്തേക്കു മത്സരിക്കാൻ നാമനിർദേശ പത്രിക നൽകുമ്പോൾ സുഹൃത്ത് മൂഴിക്കര ബാലകൃഷ്ണനാണ് പേരിനൊപ്പം കോടിയേരി എന്ന സ്ഥലനാമം ചാർത്തി നൽകിയത്. അതു പിന്നീട് രാജ്യമറിയുന്ന കമ്യൂണിസ്റ്റ് നേതാവിന്റെ പേരായി വളർന്നു.
18 ആണ് പാർട്ടി അംഗമാകാനുള്ള പ്രായമെങ്കിലും 16 കഴിഞ്ഞപ്പോൾ കോടിയേരി പാർട്ടി അംഗമായി. 1973 മുതൽ 79 വരെ കോടിയേരി ലോക്കൽ സെക്രട്ടറിയായിരുന്നു. ആ വർഷം എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയായി. അടിയന്തരാവസ്ഥയിൽ 16 മാസം മിസാ തടവുകാരനായി കണ്ണൂർ സെൻട്രൽ ജയിലിൽ. 1980 മുതൽ 82 വരെ ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ്, മുപ്പത്തിയാറാം വയസിൽ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ കോടിയേരിയെ തേടിയെത്തി.
കോടിയേരി മടങ്ങുമ്പോൾ കേരളത്തിനും രാജ്യത്തിനും നഷ്ടമാകുന്നതു പാർട്ടിയിലും മുന്നണിയിലുമപ്പുറത്ത് സ്‌നേഹ ബന്ധങ്ങൾ കാത്തുസൂക്ഷിച്ച നേതാവിനെ കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."