പൊലിസ് ജനങ്ങളിലേക്ക്
കണ്ണൂർ • വിദ്യാർഥി നേതാവ്, രാഷ്ട്രീയ നേതാവ്, വ്യക്തി, കുടുംബനാഥൻ എന്നീ നിലകളിലെല്ലാം സമ്പൂർണനായിരുന്ന കോടിയേരി ഭരണാധികാരിയെന്ന നിലയിലും സമ്പൂർണനായിരുന്നു.
എം.എൽ.എയായിരിക്കുമ്പോൾ മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങളിലേക്കു ശ്രദ്ധതിരിക്കുന്ന ചോദ്യങ്ങളുമായി നിയമസഭയിൽ സജീവമായി അദ്ദേഹം. വി.എസ് മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണു ഭരണാധികാരിയെന്ന നിലയിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.
ജനമൈത്രി പൊലിസ് പദ്ധതി നടപ്പാക്കിയതും രാജ്യത്ത് ആദ്യമായി പൊലിസ് ആക്ട് പരിഷ്‌കരിച്ചതും ആഭ്യന്തര മന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണനായിരുന്നു. 2007ൽ ജസ്റ്റിസ് കെ.ടി തോമസിന്റെ കീഴിലുള പൊലിസ് അക്കൗണ്ടബിലിറ്റി കമ്മിഷൻ നൽകിയ റിപ്പോർട്ടിൽ കമ്യൂണിറ്റി പൊലിസിങ് പരീക്ഷണാടിസ്ഥാനത്തിൽ കേരളത്തിലെ പൊലിസ് സ്റ്റേഷനുകളിൽ നടപ്പാക്കണം എന്നൊരു നിർദേശം വന്നു. ഇക്കാര്യത്തെക്കുറിച്ച് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ വളരെ ഗൗരവതരമായ ചർച്ചകൾ നടത്തി. 2008 ജനുവരിയിൽ പദ്ധതിയെക്കുറിച്ചുള്ള ആദ്യ ചർച്ച തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസിൽ നടത്തുമ്പോൾ ചർച്ചയിൽ ആദ്യാവസാനക്കാരനായി ആഭ്യന്തരമന്ത്രി കോടിയേരി ഉണ്ടായിരുന്നു.
വാഹനാപകടങ്ങൾ കുറയ്ക്കാൻ കോടിയേരി നിരവധി പദ്ധതികൾ നടപ്പാക്കി. 'പപ്പു സീബ്ര' എന്ന ട്രാഫിക് മാസ്‌കോട്ട്, ട്രാഫിക് ലൈൻ പ്ലാൻ ഫണ്ട്, തുടങ്ങിയ പദ്ധതിയിലൂടെ ഈ രംഗങ്ങളിലൊക്കെ നേട്ടങ്ങൾ കൈവരിക്കാനായി.
2010ൽ ഗ്ലോബൽ കമ്യൂണിറ്റി പൊലിസിങ് കോൺക്ലേവ് കൊച്ചിയിൽ നടക്കുമ്പോൾ കോൺക്ലേവിലുടനീളം അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. രാജ്യത്ത് ആദ്യമായി പൊലിസ് ആക്ട് പരിഷ്‌കരിച്ച സംസ്ഥാനമെന്ന ബഹുമതി കേരളത്തിനു ലഭ്യമാകുന്നതു കോടിയേരി ആഭ്യന്തരമന്ത്രിയായ സമയത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."