തിരുമേനിയുടെ പുണ്യമദീന വിളിക്കുന്നു
ശരീഫ് ഹുദവി ചെമ്മാട്
കാറ്റിനോട് ഞാൻ ചോദിച്ചു: നീയെന്തിനാ സുലൈമാനു ദാസ്യവേല ചെയ്യുന്നത്?
കാറ്റു പറഞ്ഞു: സുലൈമാന്റെ മുദ്രയിൽ അഹ്മദിന്റെ പേര് കൊത്തിവച്ചിരിക്കുന്നു, അതിനാൽ- സനാഈ
‘പലായനത്തിന്റെ ദേശം എനിക്കു കാണിച്ചു തന്നിരിക്കുന്നു. വെള്ളം നിറഞ്ഞ ഭൂമി, തഴച്ചുവളരുന്ന ഈന്തപ്പനകൾ. രണ്ടു കറുത്ത പാറമടകൾക്കിടയിലെ സമ്പന്നമായ ഇടം. അതു ഞാൻ കാണുന്നു’- ഹിജ്റ പുറപ്പെടേണ്ട ഇടത്തെപ്പറ്റി നബി തിരുമേനി (സ) അബൂബകറി (റ)നും അനുചരർക്കും നേരത്തെ വിവരം നൽകി. ഉമ്മുൽ ഖുറയിൽനിന്നു പറപ്പെട്ടുപോകേണ്ടത് അവിടേക്കാണ്. സഹചരർ ഒറ്റയായും പറ്റമായും അങ്ങോട്ടു യാത്ര തുടങ്ങി.
ഏതാനും പേർ മാത്രമേ ഇപ്പോൾ മക്കയിലുള്ളൂ. തിടുക്കം കാണിച്ച് അബൂബകർ (റ) നബി തിരുമേനി (സ)യോട് പുറപ്പാടിന്റെ സമയത്തെക്കുറിച്ചു ചോദിച്ചു. തിരുമേനിയുടെ ശാന്തമായ മറുപടി ഇങ്ങനെയായിരുന്നു: ‘കാത്തിരിക്കൂ, എല്ലാമറിയുന്ന നാഥൻ യാത്രയിൽ നിനക്കൊരു കൂട്ടാളിയെ തരും’. ആ വാക്കുകളുടെ പൊരുൾ നിഴലുപോലെ പറ്റിച്ചേർന്നു നടക്കുന്ന അബൂബകറിനു മനസിലായി. കൈവശമുണ്ടായിരുന്ന രണ്ട് ഒട്ടകങ്ങളെ തീറ്റിയും ജലപാനം നടത്തിച്ചും അദ്ദേഹം യാത്രയുടെ ഒരുക്കപ്പാടിലേക്കു നീങ്ങി.
ഇപ്പോൾ സഫർ മാസമായിരിക്കുന്നു. അവർ, നബി തിരുമേനിയും അബൂബകറും യസ്രിബിലേക്ക് പുറപ്പെട്ടു കഴിഞ്ഞിരുന്നു. തിരുമേനി ഖസ്വ എന്ന ഒട്ടകപ്പുറത്ത്. ലക്ഷ്യസ്ഥാനത്തെത്തിപ്പോൾ ആതിഥേയർ സൽക്കരിക്കാൻ തിരക്കുകൂട്ടിയപ്പോൾ ഈ ഒട്ടകത്തെക്കുറിച്ചാണ് തിരുമേനി പറഞ്ഞത്; ‘അതിനെ അതിന്റെ വഴിക്കുവിടൂ. അതിനു കൽപനകൾ കിട്ടുന്നുണ്ട് ’. യാത്ര തിരിക്കുംമുമ്പ് ആ ഒട്ടകത്തെ മക്കയുടെ നേരെനിർത്തി തിരുമേനി വികാരഭാരത്തോടെ ജന്മദേശത്തോട് ഇങ്ങനെ പറഞ്ഞു: ‘അല്ലാഹുവിന്റെ ഭൂമിയിലെ ഇടങ്ങളെല്ലാത്തിനും മീതെ എനിക്കിഷ്ടം നിന്നോടാണ്. എന്റെ ജനത ഇരിക്കപ്പൊറുതി തന്നിരുന്നെങ്കിൽ നിന്നെ കൈയൊഴിഞ്ഞു പോകുമായിരുന്നില്ല’.
സൗർ ഗുഹയുടെ പടിക്കലോളം ശത്രുക്കൾ തിരഞ്ഞെത്തി. പരക്കംപായുകയായിരുന്ന അവർ പക്ഷേ, ആശയറ്റു തിരിച്ചുപോയി. ഭയപ്പാടിലായിരുന്ന അബൂബകറിനോട് തിരുമേനി പറഞ്ഞു: ‘പേടിക്കരുത്, അല്ലാഹു നമ്മുടെയൊപ്പമുണ്ട്. മൂന്നാമനായി അല്ലാഹുവുള്ള രണ്ടാളെക്കുറിച്ച് താങ്കൾ എന്തു കരുതുന്നു’. അബൂബകറിന്റെ മനസ് കുളിർത്തു. അല്ലാഹുവിന്റെയും അന്ത്യപ്രവാചകന്റെയും അയൽക്കാരനായ അബൂബകർ (റ).
സൗർ ഗുഹ വിട്ടിട്ട് ഇന്നേക്ക് പന്ത്രണ്ടു ദിവസമായിരിക്കുന്നു. ചെങ്കടൽ തീരത്തുകൂടെയാണ് ഇപ്പോൾ സഞ്ചാരം. റബീഉൽ അവ്വലിന്റെ പുതുപ്പിറ മാനത്തു കാണാം. മുന്നോട്ട് മുന്നോട്ടുപോയി ഖുബായും കടന്നു, ഇപ്പോളവർ യസ്രിബിന്റെ കുളിരിലേക്കണഞ്ഞിരിക്കുന്നു. പേടികളൊക്കെ തീർന്നിരിക്കുന്നു. നർത്തകിയുടെ പുടവയിലെ ഞൊറികൾ മാതിരി ഞൊറിയെടുക്കുന്ന ശാന്തയായ മരുഭൂമി. പരിവ്രാജകന്റെ കൈയിലെ തസ്ബീഹ് മാലയിലെ മുത്തുകൾപോലെ സമയം സമാധാനപ്പെട്ടു കടന്നുപോകുന്നു. ഖസ്വക്കും ആ പ്രശാന്തത അനുഭവപ്പെടുന്നുണ്ട്. അതിന്റെ നടത്തവും ഇപ്പോൾ പതിഞ്ഞ താളത്തിലാണ്. യാത്രാസംഘത്തെ കണ്ട് ആവേശമുൾക്കൊണ്ട ജനം ആമോദത്തോടെ പാടി.
സനിയ്യാത്തുൽ വദാഇൽ... പൂർണചന്ദ്രൻ ഉദിച്ചുയർന്നിരിക്കുന്നു. അല്ലാഹുവിനെ പ്രാർഥിക്കുന്നോരുള്ള കാലത്തോളം നന്ദിവാക്കുകളുരുവിടാൻ ഞങ്ങൾ കടപ്പെട്ടവരായിരിക്കുന്നു. ഞങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരേ, അംഗീകരിക്കപ്പെടേണ്ട സന്ദേശവുമായാണ് അങ്ങ് അവതരിച്ചിരിക്കുന്നത്.
നിലാവു പെയ്യുന്ന പൂർണചന്ദ്രനു വിരുന്നൊരുക്കാനുള്ള അവസരം അബൂഅയ്യൂബിൽ അൻസാരി (റ)ക്കായിരുന്നു. ആരും കൊതിച്ചുപോകുന്ന ആ വിരുന്നുകാരൻ അതിഥിസൽക്കാരത്തിന്റെ അത്യസാധാരണ മാതൃകയുണ്ടാക്കിയ അൻസാരികളുടെ പ്രതിനിധി അബൂഅയ്യൂബിന്റെ വിനയഭവനത്തിൽ ഏഴുമാസം അന്തിയുറങ്ങി.
മദീനയ്ക്കു സഹജമായിരുന്ന ജ്വരം ഇതിനകം നാടുനീങ്ങിയിരുന്നു. യസ്രിബ് തിരുമേനിയുടെ മദീനയായി. പട്ടണങ്ങളുടെ പട്ടണമായി. പുതിയ നാഗരികതയുടെ കൊടിയടയാളമായി. സുലൈമാനു കാറ്റ് കീഴടങ്ങിയത് അഹ്മദിന്റെ തിരുനാമം കാരണമാണല്ലോ. അഹ്മദിന്റെ തിരുസാന്നിധ്യം ഒന്നുതന്നെ മദീനയെ ചരിത്രത്തിന്റെ തിരുവരങ്ങാക്കി. പിന്നീട് നടന്നതൊക്കെ ചരിത്രമാണല്ലോ. ‘അറേബ്യയാണ് മതത്തിന്റെയും സംസ്കാരത്തിന്റെയും യഥാർഥ ജന്മഭൂമി’ എന്ന് ശാ വലിയുല്ലാഹിദ്ദഹ്ലവി പറയുന്നത് ഈ ചരിത്രത്തെക്കുറിച്ചാണ്.
പ്രതീക്ഷകൾ തീരുന്നിടത്ത് മദീന ആരംഭിക്കുന്നു. തിരസ്കാരങ്ങളുടെയെല്ലാം ഒടുവിൽ മറുപടിയായി മദീന വരുന്നു. നിരാശരായിരിക്കാനും തിരസ്കൃതരായിരിക്കാനും വിശ്വാസികൾക്കു പറ്റില്ല. അവിടെ പുതിയ മദീനയും മേച്ചിൽപ്പുറവും അവരെ കാത്തിരിക്കുന്നുണ്ട്.
ഈജിപ്ഷ്യൻ മിസ്റ്റിക് കവി ജാമിഅത് ഇപ്രകാരം വിശദമാക്കുന്നു:
‘വേദനയുടെ കാഠിന്യം ആത്മാവിനെ കീഴടക്കുന്ന വേളയിൽ ഹിജാസിലെ മരുന്നുചെടികളുടെ സുഗന്ധമാണ് എന്റെ ശമനലേപനം’......
‘എന്നാൽ മദീനയിലെത്താനുള്ള വികാരതീവ്രമായ ആഗ്രഹം അയാളിൽനിന്നു വിട്ടുപോവുക അസാധ്യം. ദൈവിക സിംഹാസനത്തിന്റെ ഉച്ചസ്ഥാനത്ത് തലയുയർത്തി നിൽക്കുന്ന തൂബാമരത്തിന്റെ ശാഖയാണ് മദീനയിലെ പുന്തോട്ടങ്ങളെ അലങ്കരിക്കുന്ന ഈന്തപ്പനവൃക്ഷം. ഈന്തപ്പഴങ്ങൾ ഭുജിക്കുമ്പോൾ അവയുടെ കുരുവെടുത്ത് അവയിൽ ഉമ്മവയ്ക്കുക കാരണം മദീനയിലെ ഈന്തപ്പഴങ്ങളുടെ കുരു മാലാഖമാരുടെ ജപമാലയിലെ മണികളാണ് ’- ജാമിഅത്.
തിരക്കുകളും തിടുക്കങ്ങളും ഒതുക്കിത്തീർത്ത് മദീനയിലേക്ക് ഒരു ഒളിച്ചോട്ടം ആഗ്രഹിക്കാത്ത വിശ്വാസിയുണ്ടോ? നബി തിരുമേനിയും അബൂബകറും നടത്തിയ പലായനംപോലെ ഒന്ന്. പതിനാലാം നൂറ്റാണ്ടിൽ മൊറോക്കോയിലെ ടാഞ്ചിയറിൽനിന്നു ഹിജാസിലേക്ക് പുറപ്പെട്ട ഇബ്നു ബത്തൂത്ത മദീനയിലൂടെയാണ് മക്കയിലേക്കെത്തുന്നത്. ഇരുപത്തിയൊന്നാം വയസിൽ യാത്ര തുടങ്ങുമ്പോൾ മക്കയിലൊന്നു പോയി മടങ്ങിവരിക എന്നേ ഉണ്ടായിരുന്നുള്ളൂ. സുൽത്താനു കീഴിൽ മടങ്ങിവന്നതിനു ശേഷം ചേരാനുള്ള ജോലിയൊക്കെ പറഞ്ഞുവച്ചാണ് അദ്ദേഹം പുറപ്പെട്ടത്. പക്ഷേ, മറ്റൊരു ഇരുപതു വർഷം, കിഴക്കോട്ട്, കിഴക്കോട്ട് സഞ്ചരിക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി. പുറപ്പാടിന്റെ ആ പുസ്തകം പൂട്ടിവയ്ക്കാനാവുന്നതല്ല. ചരിത്രത്തിൽ നാമതു കാണുന്നു. മുഹമ്മദ് അസദും മാൽകം എക്സും മൈക്കൽവൂൾഫും ഏറ്റവുമൊടുവിൽ കാൽനടക്കാരനായി നമ്മുടെ നാട്ടിൽനിന്നു പുറപ്പെട്ട ഒരു ചെറുപ്പക്കാരനും.
മക്കയെയും മദീനയെയും എല്ലായ്പ്പോഴും മക്കമദീന എന്ന് ഒരുമിച്ചു പരാമർശിക്കുന്നതുകൊണ്ട് രണ്ടും ഒരു ദേശമാണെന്നു മുതിർന്നുവരുന്നത് വരെ വിശ്വസിച്ചിരുന്നതായി അലിമിയാൻ മദീനയിലേക്കുള്ള പാത എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ‘മക്കാമദീനത്തിൽ എത്തുവാനല്ലാതെ തുച്ഛമീ ജന്മത്തിൻ അർഥമെന്തോ’ എന്നാണ് മലയാളത്തിലെ പ്രസിദ്ധമായ ഒരു സിനിമാഗാനം ആരംഭിക്കുന്നത്. തീർച്ചയായും ഹിജാസ് അഥവാ മക്കയും മദീനയും വിശ്വാസികൾ എത്തിച്ചേരാൻ അഭിലഷിക്കുന്ന പുണ്യകേന്ദ്രങ്ങളാണ്. ഇസ്ലാമിന്റെ കർമകാണ്ഡം പൂർണമാകുന്നത് ഹജ്ജ് നിർവഹിക്കുന്നതോടെയുമാണ്.
എങ്കിലും, മദീന അനുരാഗിയെ പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കും. അവിടുത്തെ മണ്ണെടുത്ത് മാറോടു ചേർക്കാൻ തോന്നും. കാരക്കയുടെ കുരുവെടുത്ത് ചുംബിക്കാൻ മുതിരും. നഗ്നപാദനായി ആ മണലിലൂടെ നടക്കാൻ സാഹസപ്പെടും. ദീസലമും കാളിമയും ഇളമും നിനവിൽ വരുമ്പോഴേക്ക് കണ്ണിൽ രക്തബാഷ്പം പൊഴിയുന്നതായി ഇമാം ബൂസൂരി വേപഥുപൂണ്ട് പാടുന്നുണ്ട്.
‘മദീനയുടെ നാഥാ, എന്റെ വിളികേൾക്കൂ
എന്റെ പ്രതീക്ഷകളത്രയും അങ്ങയുടെ നേരെ
മറ്റൊരു സഹായിയെപ്പറ്റി എനിക്കാലോചിക്കാനേയില്ല’-
എന്ന് സിന്ധി കവി അബ്ദുൽ ലത്തീഫ് വികാരം കൊള്ളുന്നു.
മദീന വിശ്വാസിയുടെ വികാരത്തിന്റെ നീക്കിയിരിപ്പാണ്. പതച്ചുപൊങ്ങുന്ന സ്നേഹത്തിന്റെ ലാവ ഉമർ ഖാസിയുടെ സ്വല്ലൽ ഇലാഹു ബൈത്തിൽ നാം കാണുന്നു. സ്നേഹോന്മാദത്തിന്റെയും ആനന്ദാതിരേകത്തിന്റെയും ആ മുഹൂർത്തത്തിൽ തിരുമേനിയുടെ വിശുദ്ധകരം മുത്താൻ അദ്ദേഹത്തിനു പറ്റുന്നത് അനുരാഗിക്കു മാത്രം കൈവരുന്ന അനുഗ്രഹസാഫല്യമാണ്.
മദീനയെയും നബി തിരുമേനിയെയും കുറിച്ച് സജലങ്ങളായ കണ്ണുകളോടെ മാത്രം സംസാരിച്ചിരുന്ന അല്ലാമാ ഇഖ്ബാലിന്റെ ഒരു ചെറിയ കവിതയുണ്ട്. ‘ഏക് ഹാജി മദീനേകേ രാസ്തേ മേ’. പേരുതന്നെ കൗതുകകരമാണ്.
മദീനയിലേക്കുള്ള വഴിയിൽ ഒരു ഹാജി. ഖാഫിലയെ മരുഭൂമിയിൽവച്ച് കൊള്ളക്കാർ ആക്രമിക്കുന്നു. കുറച്ചധികം പേർ മരിക്കുന്നു. ബുഖാറക്കാരനായ യുവാവിനെക്കുറിച്ചു കവി വിവരിക്കുന്നു, മരണത്തിന്റെ വിഷജലത്തിൽ അയാൾ ജീവിതം കണ്ടെത്തി. ജീവൻ കവർന്ന ഉടവാളിനെ അയാൾ പെരുന്നാളമ്പിളിയായി കണ്ടു. യസ്രിബിലേക്ക്, യസ്രിബിലേക്ക് എന്നതായിരുന്നു അയാളുടെ മരണമൊഴി. ഖാഫിലയിലെ അംഗമായ കവിക്ക് ആശയക്കുഴപ്പമുണ്ടാകുന്നു. പേടി പറയുന്നു, ഇനി യസ്രിബിലേക്ക് പോകുന്നത് അപകടകരമാണ്. അനുരാഗം പറയുന്നു, നീ മുസ്ലിമാണ്, പുറപ്പെടൂ. ഹിജാസിനെ കാംക്ഷിക്കുന്നവർക്കു പേടിയില്ല എന്നതാണ് റൗളയിൽ അന്തിയുറങ്ങുന്നോരുടെ ഹിജ്റയുടെ സന്ദേശം.
ശാമിലെ ഖാഫിലയോടൊപ്പം പുറപ്പെടുന്നതിന് നീയാരെ പേടിക്കണം. പ്രിയനെ കണ്ടുമുട്ടുന്നതിന് ആത്മത്യാഗം ചെയ്യുന്നതാണ് അനുരാഗിക്കു പ്രിയം. സ്വന്തത്തെ ബലികൊടുത്തും പ്രണയി എത്തിച്ചേരേണ്ട പ്രണയനാഥന്റെ മുറ്റമാണ് മദീനയെന്നാണ് ഇഖ്ബാൽ പറയുന്നത്. സൗർ ഗുഹയുടെ ഏകാന്തതയിൽ നബി തിരുമേനി അബൂബകറിനു നൽകിയ നിർഭയത്വം പരമ്പരകളിലൂടെ തുടരാനുള്ളതാണ്. മദീനയുടെ വിളിപ്പാടുകേട്ട് പുറപ്പെടുന്ന യാത്രികനെ ഒന്നും പിന്തിരിപ്പിക്കുന്നില്ല. യാത്രികാ, നീ ഒറ്റക്കല്ല. രണ്ടുപേർ നിന്റെ കൂടെയുണ്ട്; അല്ലാഹുവും അവന്റെ തിരുദൂതരും.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."