നഷ്ടത്തിലെ ലാഭങ്ങൾ
ഉൾക്കാഴ്ച
മുഹമ്മദ്
അബ്ദുൽ അസീസ് രാജാവുമായി എന്തോ പിണക്കമുണ്ടായതാണു സംഭവം. തഖിയ്യുദ്ദീൻ ഹിലാലി സഊദി അറേബ്യ വിട്ട് ഇന്ത്യയിലേക്കു പോന്നു. ഹിലാലി ചില്ലറക്കാരനാണെന്നു കരുതേണ്ട. അറബ് സാഹിത്യത്തിലെ മുടിചൂടാമന്നനാണ്. അദ്ദേഹം ഇന്ത്യയിൽ വന്ന് ലഖ്നോവിലെ ദാറുൽ ഉലൂമിൽ അധ്യാപകനായി ജോലിയേറ്റു. 1931ലെ അവസാന കാലം. അന്നൊരിക്കൽ ഹിലാലി ഒരു യാത്രയ്ക്കൊരുങ്ങി. ബനാറസ്, അഅ്സംഗഢ്, മുബാറക്പർ എന്നിവിടങ്ങളിലൂടെയുള്ള പര്യടനം. അവിടങ്ങളിലെ സുപ്രധാന വ്യക്തിത്വങ്ങളുമായി സമ്പർക്കം പുലർത്തലായിരുന്നു ഉദ്ദേശ്യം. സഹയാത്രികനായി അലീമിയാനുമുണ്ട്. ചറുപ്പക്കാരനാണ് അലീമിയാൻ. യാത്ര പല നേട്ടങ്ങൾക്കും വഴിയായി. അതിലൊന്നാണ് സിയാ എന്ന പേരിൽ ഒരു അറബ് മാഗസിൻ പ്രസിദ്ധീകരിക്കാനുള്ള ധാരണയുണ്ടായത്. തൊട്ടടുത്ത വർഷം തന്നെ ആ സ്വപ്നം യാഥാർഥ്യമായി. ഇന്ത്യാ ചരിത്രത്തിൽ പുതിയൊരു അധ്യായമായിരുന്നു അത്. പക്ഷേ, മൂന്നുവർഷം മാത്രമേ അതിന്റെ പ്രസിദ്ധീകരണം തുടർന്നുള്ളൂ. ചില കാരണങ്ങളാൽ പിന്നീട് അതു നിലച്ചു. ഈ സംഭവം വിവരിച്ച ശേഷം നദ്വി സാഹിബ് തന്റെ ആത്മകഥയിൽ എഴുതുന്നു: ‘എങ്കിലും ഇതായിരുന്നു പിന്നീട് ‘അൽ ബഅ്ഥുൽ ഇസ്ലാമീ’ എന്ന മാഗസിനെയും ‘അർറാഇദ് ’ പത്രത്തെയും മുളപ്പിച്ച വിത്ത് ’.
ഒന്നു മരിച്ചപ്പോൾ
ജനിച്ചത് രണ്ടെണ്ണം!
നമ്മൾ തീർന്നു എന്നു തീർപ്പു കൽപിച്ചതിൽനിന്നായിരിക്കും തീരാത്ത നാമ്പുകളുയരുന്നത്. നട്ടുനനച്ചുണ്ടാക്കിയ വൃക്ഷം ദുരന്തത്തിൽ കടപുഴകി വീണുവെന്നിരിക്കട്ടെ. അതിൽനിന്ന് പുതിയ തളിരിലകൾ മുളച്ചുവരുന്നതു കാണാറില്ലേ. ഈ കുറിപ്പെഴുതുന്നത് രാത്രി ഏഴു മണിക്കുശേഷമാണ്. ഇതെഴുതുന്ന ദിവസം രാവിലെ നിരത്തിൽവച്ചു കേട്ട ഒരു മുദ്രാവാക്യം ഇതായിരുന്നു:
‘ഇല്ലായില്ല മരിക്കുന്നില്ല
രക്തസാക്ഷി മരിക്കുന്നില്ല’.
രക്തസാക്ഷിയുടെ ഭൗതിക ശരീരം മണ്ണോടു ചേരുന്നുവെങ്കിലും അവന്റെ രക്തസാക്ഷിത്വം ഒരു വിത്താണ്. ആ വിത്ത് കിടക്കുന്നത് അനേകരുടെ ഹൃദയങ്ങളിലാണ്. അവരുടെ ഹൃദയങ്ങളിൽകിടന്ന് ആ വിത്ത് വളരുമ്പോൾ ജനിക്കുന്നത് ഒരായിരം ധീരയുവാക്കളായിരിക്കും.
നിർമാണത്തിലിരിക്കുന്ന വീട് തിമർത്തുപെയ്യുന്ന മഴയിൽ തകർന്നുവീണു. ലക്ഷങ്ങളുടെ നഷ്ടമാണു വന്നു ചേർന്നിരിക്കുന്നത്. സഹിക്കാൻ കഴിയാത്ത സങ്കടത്തിലാണ്ടിരിക്കുന്ന നേരത്താണ് സുഹൃത്ത് വന്നത്. അദ്ദേഹം പറഞ്ഞു: ‘നിന്റെ ഭാഗ്യം! താമസമാക്കിയ ശേഷമായിരുന്നു ഈ തകർച്ചയെങ്കിൽ എന്തായിരുന്നു സംഭവിക്കുക! തകർന്ന വീട് കൂടുതൽ ഭദ്രമാക്കി പുനർനിർമിക്കാം. നഷ്ടപ്പെട്ടുപോയ ജീവനുകളെ തിരിച്ചുകൊണ്ടുവരാൻ കഴിയില്ലല്ലോ. വീഴാനുള്ളത് കനത്ത നഷ്ടങ്ങൾ വരുത്തിവയ്ക്കുന്നതിനു മുമ്പേ വീണത് എത്ര നന്നായി!’
കിട്ടാതെ പോയത് അനുഗ്രഹമായി എന്നു ബോധ്യപ്പെടുന്ന സന്ദർഭങ്ങൾ ജീവിതത്തിലുണ്ടാകാറില്ലേ. വൈകല്യങ്ങൾ കാരണം വിജയത്തിലേക്കുള്ള വഴി സുഗമമായി കിട്ടിയവർ എത്രയാണുള്ളത്. മാരകമായ രോഗങ്ങൾ അതിലും മാരകമായ പാപങ്ങളിൽനിന്ന് എത്ര പേരെയാണു തടയിടാറുള്ളത്!
നേരിയൊരു ലാഭമെങ്കിലും ബാക്കിവയ്ക്കാതെ ഒരു നഷ്ടവും സംഭവിക്കുന്നില്ല. ഏറ്റവും ചുരുങ്ങിയത് ഈ വഴിക്കുപോയാൽ പരാജയപ്പെടുമെന്ന പാഠമെങ്കിലും ലഭിക്കും. പരീക്ഷയിൽ പരാജയപ്പെട്ടുവെന്നു കരുതുക. പ്രത്യക്ഷത്തിൽ അതൊരു നഷ്ടം തന്നെയാണ്. ഒരു വർഷമാണ് അതുവഴി നഷ്ടമാകുന്നത്. എന്നാൽ അതു നഷ്ടങ്ങളല്ലാതെ മറ്റൊന്നും ഉൾചേരാത്ത നഷ്ടമല്ല, ലാഭവും അതിലുണ്ട്. അതുവരെ തുടർന്ന വഴി വിജയത്തിലെത്തിക്കുന്ന വഴിയല്ലെന്ന വലിയ പാഠം ആ പരാജയമാണ് പകർന്നുതരുന്നത്. ഇനി ആ പരാജയത്തെ വിജയത്തിനുള്ള ഊർജമായി കാണുന്നുവെങ്കിൽ ആ പരാജയത്തിൽനിന്ന് ജനിക്കുന്നത് ഒരു വിജയമല്ല, അനേകം വിജയങ്ങളായിരിക്കും. കാര്യങ്ങൾ കൂടുതൽ ബുദ്ധിപരമായി പുനരാരംഭിക്കാനുള്ള ഏക മാർഗം പരാജയപ്പെടുക മാത്രമാണെന്ന് ഹെൻറി ഫോർഡ്. പരാജയം വിജയത്തിന്റെ വിപരീതമല്ല, ഭാഗമാണെന്നറിയണം.
പിടക്കോഴിയുടെ ശരീരത്തിനുതാഴെ നിർജീവമായി കിടക്കുന്ന കോഴിമുട്ട ഒരുനാൾ പൊട്ടും. മുട്ട പൊട്ടുന്നത് നഷ്ടം തന്നെയാണ്. എന്നാൽ ആ പൊട്ടലിൽ ജീവൻ പുറത്തേക്കു വരുന്നുണ്ട്. ആ ജീവന്റെ തലമുറകൾ ഒരുപക്ഷേ, ലോകാവസാനംവരെ നിലനിന്നേക്കാം. അപ്പോൾ എത്രായിരം മുട്ടകളുടെ ജന്മത്തിനായിരിക്കും ആ മുട്ടയുടെ പൊട്ടൽ നിമിത്തമായിട്ടുണ്ടാവുക..!
ഏതു പൊട്ടലും തകരലും നിലയ്ക്കലുമെല്ലാം മുട്ട പൊട്ടുന്നപോലെ മനസിലാക്കിയാൽ മതി. പൊട്ടൽ മാത്രം കാണരുത്, അതിനു പിന്നാലെ ഉയർന്നുവരുന്ന പുതുജീവനുകളെ കൂടി കാണണം. നഷ്ടം മാത്രം കണ്ടാൽ നഷ്ടം മാത്രമേയുണ്ടാകൂ. നഷ്ടങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ലാഭങ്ങൾകൂടി ചികയണം. ആ ലാഭങ്ങൾ കാണാൻ ശ്രമിക്കുന്നത് വന്നുപെട്ട നഷ്ടങ്ങളെ അനുഗ്രഹമായി കാണാൻ സഹായിക്കും.
നഷ്ടം പുറത്താണുണ്ടാവുക. അതിനകത്തെ ലാഭം അകത്തുമിരിക്കും. അകത്തിരിക്കുന്ന ലാഭത്തെ കാണാതെ പുറത്തിരിക്കുന്ന നഷ്ടത്തെ മാത്രം കാണ്ടാൽ നഷ്ടം സങ്കടജനകമായി മാറും. നമ്മുടെ നഷ്ടങ്ങളെല്ലാം നമുക്ക് അനുഗ്രഹങ്ങളായി മാറണം. നഷ്ടങ്ങളെ ഇരട്ടി ലാഭമാക്കാൻ കഴിയണം. അതിനു നഷ്ടങ്ങളെ വിത്തുകളാക്കി മാറ്റുക. വിത്താക്കിയാൽ അതിൽനിന്ന് ലാഭം മുളച്ചുവരും.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."