പോയതറിയാതെ
കവിത
റസീല ഫർസാന
നാട്ടുകഥകളിൽ മുങ്ങിയ
കോലായിമാത്രം ബാക്കിയാക്കി
വല്യുമ്മ പോയപ്പോൾ
വടക്കണിയും പുകതുപ്പി മടുത്തടുപ്പും
പരാതി കേൾക്കാതെ
തുരുമ്പെടുത്തിരിക്കുന്നു.
തെക്കേമൂലക്ക് വെട്ടാതെ നിർത്തിയ
അവസാന വരിക്കപ്ലാവും നിലംപൊത്തി,
തടയണക്ക് വല്യുമ്മാന്റെ എതിർപ്പുകൾ
പൊങ്ങുന്നില്ലല്ലോ...
കിണറ്റിൻകരയോട് ചേർന്ന് നാട്ടിയ
മൈലാഞ്ചി കൊമ്പിലൊന്നൊടിഞ്ഞിട്ടുണ്ട്,
നട്ടുനനച്ചതിൽ വല്യുമ്മാക്ക് കൂട്ടുപോയതാണ്.
ഓടുകളൊക്കെ സ്ഥാനം തെറ്റിയപോലെ,
കർക്കിടകപ്പെയ്ത്തും
ചിങ്ങച്ചീച്ചിലുമൊക്കെ
തെറ്റാതെ അകക്കോണുകൾ നനക്കുന്നു.
വല്യുമ്മ പോയതറിഞ്ഞ
കറിവേപ്പില തലതാഴ്ത്തി മൗനംപൂണ്ടു,
കാന്താരിയാണെങ്കിൽ രോഗശയ്യയിലും.
പറമ്പിലെ ചേമ്പും ചേനയും
തലപൊക്കിയതേയില്ല.
പുരയും പുരയിടവും
ഒരുപോലെ മൗനം തിന്നിരിപ്പാണ്.
ഏകാന്തത വല്ലാതെയവയെ
വല്യുമ്മാന്റെ സാമീപ്യം
കൊതിപ്പിക്കുംപോലെ മൂകരാക്കിയിരിക്കുന്നു.
വല്യുമ്മാന്റെ ചലനങ്ങളില്ലാത്തയിടം
പുതുനാമ്പുകൾ കൈയടക്കി
പിഴുതെറിയാതായപ്പോൾ കുറ്റിക്കാടായി മാറി,
ചെറിയ പൊന്തക്കാടിൽ
ഉയർന്നുകാണുന്നാ തറവാടുവീട്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."