നിപ സംശയം: പരിശോധനാ ഫലം ഇന്ന് ലഭിക്കും; ചികിത്സയില്‍ കഴിയുന്നവരില്‍ ഒരു കുട്ടിയുടെ നില ഗുരുതരം
നിപ സംശയം: പരിശോധനാ ഫലം ഇന്ന് ലഭിക്കും; ചികിത്സയില്‍ കഴിയുന്നവരില്‍ ഒരു കുട്ടിയുടെ നില ഗുരുതരം
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പനി ബാധിച്ച് മരിച്ചയാളുടെ ശരീര സ്രവ സാമ്പിള്‍ പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിക്കും. ഫലം കിട്ടിയാലേ നിപയാണോ എന്ന് സ്ഥിരീകരിക്കാനാവൂ.
മരിച്ച വ്യക്തികളുടെ കൂടുതൽ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. അതിനിടെ, നിപ സംശയത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ബന്ധുക്കളിൽ ഒരാളുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്. മരിച്ച ആദ്യത്തെയാളുടെ (മരുതോങ്കര സ്വദേശി) ഒമ്പത് വയസുകാരനായ മകൻ ഉൾപ്പെടെ രണ്ട് മക്കൾക്കും സഹോദരി ഭർത്താവിനും മകനുമാണ് സമാനമായ രോഗലക്ഷണങ്ങളുള്ളത്. 9വയസുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഈ കുട്ടി വെന്റിലേറ്ററിന്റെ സഹായത്താലാണ് ആശുപത്രിയിൽ കഴിയുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 4വയസുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും അതീവ ഗുരുതരമല്ല. ബന്ധുവായ 25വയസു കാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം. 9 വയസുകാരന്റെ സാമ്പിൾ ചൊവ്വാഴ്ച പുണെയിലേ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും.
രോഗികളുമായി ഇടപഴകിയ ആരോഗ്യപ്രവർത്തകരും ബന്ധുക്കളും നിരീക്ഷണത്തിലാണ്. മരിച്ചയാളുടെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അതിനായി ഫീൽഡ് സർവ്വെ തുടങ്ങിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും. അതേസമയം, പ്രാദേശിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതായാണ് വിവരം. പരിശോധന ഫലത്തിൽ രോഗം സ്ഥിരീകരിച്ചാൽ, നിപ പ്രോട്ടോകോൾ നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കും.
പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ആളും, ഇയാൾ ചികിത്സയിലിരിക്കെ അച്ഛനുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് സമാന ലക്ഷണങ്ങളോടെ മരണത്തിന് കീഴടങ്ങിയത്. ആദ്യ മരണം ഓഗസ്റ്റ് 30 ന് ആയിരുന്നു. എന്നാൽ, നിപ ആണെന്ന സംശയങ്ങൾ ഒന്നും ആ സമയം ഉണ്ടായിരുന്നില്ല. ന്യൂമോണിയ ആണ് മരണ കാരണമെന്നാണ് കരുതിയത്. വിശദമായ പരിശോധന നടത്തിയെങ്കിലും സംശയിക്കാവുന്ന തരത്തിൽ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
എന്നാൽ, ഇതിന് പിന്നാലെയാണ് ഇതേ ആശുപത്രിയിൽ പിതാവിന് കൂട്ടിരിക്കാൻ എത്തിയ ആൾക്ക് സമാനമായ രോഗലക്ഷണം കണ്ടെത്തിയത്. ഏറെ വൈകാതെ ഈ രോഗിയും മരിച്ചതോടെയാണ് ആരോഗ്യ വിഭാഗത്തിന് സംശയങ്ങൾ തോന്നിയത്. അപ്പോഴേക്കും ആദ്യം മരിച്ചയാളുടെ മക്കളും ബന്ധുക്കളുമടക്കം നാല് പേർക്ക് കൂടി രോഗലക്ഷണങ്ങൾ തുടങ്ങിയിരുന്നു. ഇതോടെയാണ് നിപയായിരിക്കാമെന്ന സംശയം ബലപ്പെട്ടത്.
എന്നാൽ, അപ്പോഴേക്കും ആദ്യത്തെയാളുടെ മൃതദേഹം സംസ്‌കരിച്ചു കഴിഞ്ഞിരുന്നു. മരിച്ച രണ്ടാമത്തെയാളുടെ മൃതദേഹത്തിൽ നിന്ന് സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ ഫലത്തിനായാണ് ഇപ്പോൾ ആരോഗ്യ വകുപ്പ് കാത്തിരിക്കുന്നത്. മരിച്ച ആദ്യത്തെയാളുടെ മക്കളും സഹോദരി ഭർത്താവും മകനുമടക്കം നാല് പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. ഈ കുട്ടിയുടെ സ്രവ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."