വിഭാഗീയ പിരിമുറുക്കവുമായി സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് കൊടി ഉയർന്നു
തിരുവനന്തപുരം • വിഭാഗീയ പിരിമുറുക്കവുമായി സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് കൊടി ഉയർന്നു. ഇന്നും നാളെയും ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്കും ആഭ്യന്തര സംഘർഷങ്ങൾക്കും സമ്മേളനം നടക്കുന്ന ടാഗോർ തയേറ്റർ വേദിയാകും. പ്രായപരിധി, പദവി തർക്കങ്ങൾ നിലനിൽക്കെ, പതാക ഉയർത്താൻ വൈകിയെത്തിയാണ് സി.ദിവാകരൻ ഇന്നലെ പ്രതിഷേധമറിയിച്ചത്. സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കമിട്ട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ദീപശിഖ തെളിയിച്ചതിന് പിന്നാലെ നേതാക്കളെല്ലാം കൊടിമരച്ചുവട്ടിലേക്ക് നീങ്ങി. എന്നാൽ പലവട്ടം വിളിച്ചിട്ടും പതാക ഉയർത്തേണ്ട സി.ദിവാകരനെത്തിയില്ല. ജനറൽ സെക്രട്ടറി അടക്കം നേതാക്കൾ എത്തി കാത്ത് നിന്നിട്ടും ദിവാകരൻ സമ്മേളന ഹാളിൽ തന്നെ ഇരുന്നു. തുടർന്ന് ദിവാകരനെ പ്രകാശ് ബാബുവും പന്ന്യൻ രവീന്ദ്രനും ചേർന്നാണ് കൊടിമരച്ചുവട്ടിലേക്ക് ആനയിച്ചത്. അസാധാരണമായ ഈ കാഴ്ചയോടെയാണ് സി.പി.ഐ സമ്മേളനം തിരുവനന്തപുരത്ത് ആരംഭിച്ചത്. രാഷ്ട്രീയ ചരിത്രത്തിലെ അസാധാരണ സമ്മേളനമെന്ന സി.ദിവാകരന്റെ ആമുഖത്തോടെയാണ് പ്രതിനിധി സമ്മേളനത്തിൽ പതാക ഉയർന്നതും. വിമത സ്വരമടക്കാൻ പാർട്ടി എക്‌സിക്യൂട്ടിവ് പണിപ്പെട്ടിട്ടും സമ്മേളനത്തിന് എത്തിയ മുതിർന്ന നേതാക്കളുടെ മുഖത്തെല്ലാം പിരിമുറുക്കം പ്രകടമായിരുന്നു. പ്രായപരിധി തീരുമാനത്തിലും കാനം രാജേന്ദ്രന്റെ മൂന്നാം ഊഴത്തിലും ചൂടേറിയ ചർച്ചകൾക്കുള്ള സൂചന നൽകിയാണ് കെ.ഇ ഇസ്മയിലിന്റേയും സി.ദിവാകരന്റേയും പ്രതികരണം. ഇന്നലെ സമ്മേളന നിയന്ത്രണത്തിൽ നിന്നെല്ലാം കാന വിരുദ്ധപക്ഷത്തെ ഒഴിവാക്കിയതും ശ്രദ്ധേയമായി. രാവിലെ പ്രതിനിധി സമ്മേളനം സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്തു.
കമ്യൂണിസ്റ്റ് പാർട്ടികളുടെ ലയനത്തിൽ തത്വാധിഷ്ഠിത ചർച്ച ആവശ്യപ്പെട്ടായിരുന്നു പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയുടെ ഉദ്ഘാടന പ്രസംഗം. വിവിധ സംസ്ഥാനങ്ങളിൽ ഇടത് പാർട്ടികൾ തമ്മിലുള്ള കൂട്ടുകെട്ട് ഇപ്പോൾ തൃപ്തികരമല്ലെന്ന് രാജ പറഞ്ഞു. കേരള, ബംഗാൾ ഘടകങ്ങൾ ചൂണ്ടിക്കാണിച്ചാണ് രാജ വിമർശനം ഉന്നയിച്ചത്. ബി.ജെ.പിയെ തോൽപ്പിക്കാൻ എല്ലാ ജനാധിപത്യ മതേതര പാർട്ടികളും ഒരുമിക്കണമെന്നും രാജ ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രമേയത്തിൽ തുറന്ന ചർച്ച വേണമെന്നും ഭേദഗതികളുണ്ടെങ്കിൽ ഉയർന്ന് വരണമെന്നും രാജ നിർദേശിച്ചു. ഉച്ചയക്ക് ശേഷം രാഷ്‌ട്രീയ റിപ്പോർട്ടും സംഘടനാ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഇന്നലെ രാഷ്ട്രീയ റിപ്പോർട്ടിൻമേൽ ഗ്രൂപ്പ് ചർച്ച നടന്നു. ചർച്ച ഇന്നും തുടരും. കാനത്തിന് സമ്മേളനത്തിൽ മേധാവിത്വം ഉണ്ടെങ്കിലും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള നീക്കങ്ങൾ എതിർചേരി നടത്തുന്നുണ്ട്. പ്രായപരിധി തീരുമാനത്തിലെ കേന്ദ്ര നിലപാടും സമ്മേളന ഗതി നിയന്ത്രിക്കും.
...............
................
പ്രായപരിധിയിൽ വ്യക്തത വരുത്തും കേന്ദ്ര നേതൃത്വം
തിരുവനന്തപുരം: വിവാദമായ പ്രായപരിധിയിൽ വ്യക്തത വരുത്താൻ ഒരുങ്ങി സി.പി.ഐ കേന്ദ്ര നേതൃത്വം. ഇന്നും നാളെയുമായി നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പ്രായപരിധിയുമായി ബന്ധപ്പെട്ട് ജനറൽ സെക്രട്ടറി ഡി.രാജ നിലപാടറിയിക്കും. പ്രായപരിധി കർശനമാണോ എന്ന് വ്യക്തമാക്കും. പ്രായപരിധി വിവാദം പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയതോടെയാണ് നീക്കം.
..................
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."